തമിഴ് നാട്ടിലാകെ ഓഗസ്റ്റ് 10 ന് ഒരു അവധി പ്രതീതിയാകും. മൊത്തത്തിലല്ല, ഓഫീസുകളിൽ മാത്രം. ജനം നിരത്തുകളിലിറങ്ങും. സിനിമാ തീയേറ്ററുകൾക്കുമുന്നിൽ അർദ്ധ രാത്രി മുതൽതന്നെ തിരക്കിന്റെ പൂരമായിരിക്കും. തമിഴകം ഇത് വരെ കാണാത്ത ഒരു മഹാ സംഭവത്തിന് തയ്യാറെടുക്കുകയാണ്. കാരണം, സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘ജയിലർ’ ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഒപ്പം തമിഴ് നാട്ടിലും.
റിലീസിംഗ് തീയതി പ്രഖ്യാപിച്ചതോടെ രജനി ആരാധകർ എന്താണ് ചെയ്തത്. ജയിലർ ആദ്യ ദിനം തന്നെ കണ്ടു തുടങ്ങാൻ ആരാധകർ റിലീസ് ദിനത്തിൽ കൂട്ടത്തോടെ അവധി അപേക്ഷകൾ നൽകി തുടങ്ങി. അവധി നൽകിയില്ലെങ്കിലും ജീവനക്കാർ അന്നേ ദിവസം ജോലിക്കെത്തില്ലെന്നും, ഇങ്ങനെ പോയാൽ ഓഫീസിന്റെ പ്രവർത്തനം മുടങ്ങുമെന്നും മനസിലാക്കിയ സ്വകാര്യ സ്ഥാപനങ്ങൾ ഓഫീസുകൾക്ക് റിലീസിംഗ് ദിനം അവധി പ്രഖ്യാപിച്ചു. തീർന്നില്ല അടുത്ത ദിവസം ജീവനക്കാർ കൃത്യമായി ജോലിക്കെത്തണമല്ലോ. അങ്ങനെ സ്ഥാപനങ്ങൾ ജീവനക്കാർക്ക് രജനികാന്തിന്റെ ജയിലർ സൗജന്യ ടിക്കറ്റ് വരെ നൽകുകയാണ്.
സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘ജയിലർ’ ലോകമെമ്പാടും റിലീസ് ആഗസ്റ്റ് 10 ന് ഷെഡ്യൂൾ ചെയ്തതോടെ ഇന്ത്യയിലെ തെക്കൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ആരാധകർക്ക് അവരുടെ ആവേശം തിരതല്ലുകയാണ്.
തമിഴ്നാട്ടിലെ രണ്ട് കമ്പനികളായ യുഎൻഒ അക്വാ കെയറും സേലം സർവേ ഗ്രൂപ്പും ഓഗസ്റ്റ് 10 ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. ചെന്നൈ, ബാംഗ്ലൂർ, ട്രിച്ചി, തിരുനെൽവേലി, ചെങ്കൽപട്ട്, മാട്ടുതവാണി, അരപാളയം, അളഗപ്പൻ നഗർ എന്നിവിടങ്ങളിലെ ശാഖകൾക്ക് അവധി നൽകാനും യുഎൻഒ അക്വാ കെയർ തീരുമാനിച്ചു.
ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ, ഗോവ, മുംബൈ, ഒഡീഷ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും അവധി ബാധകമാണെന്ന് സേലം സർവേ ഗ്രൂപ്പിന്റെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു. ഇരു കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് സൗജന്യ സിനിമാ ടിക്കറ്റുകളും നൽകും.
രണ്ട് ശ്രീലങ്കൻ പൗരന്മാർ ജയിലറിന്റെ “ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ” കാണാനും രജനികാന്തിനെ ‘ടൈഗർ’ മുത്തുവേൽ പാണ്ഡ്യന്റെ വേഷത്തിൽ കാണാനും ചെന്നൈയിലേക്ക് പറന്നു. ജാപ്പനീസ് പൗരന്മാരായ യാസുദയും സത്സുകിയും ടോക്കിയോയിൽ നിന്ന് രജനി ആഘോഷങ്ങളിൽ പങ്കുചേരാൻ ചെന്നൈയിൽ എത്തിയിട്ട് ഒരാഴ്ചയായി.
സവിശേഷതകൾ ഏറെയുമായി ജെയ്ലർ
ഇതാദ്യമായി രജനികാന്തും മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ഒരുമിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. അതിഥി വേഷത്തിലാണ് മോഹൻലാലിൻറെ ചിത്രത്തിലെ രംഗപ്രവേശം.
നെൽസൺ രചനയും സംവിധാനവും നിർവ്വഹിച്ച ജയിലറിൽ ജാക്കി ഷ്രോഫ്, തമന്ന ഭാട്ടിയ, വസന്ത് രവി, യോഗി ബാബു, രമ്യ കൃഷ്ണൻ, വിനായകൻ എന്നിവരും അഭിനയിക്കുന്നു. കന്നഡ താരവും അന്തരിച്ച നടനുമായ രാജ്കുമാറിന്റെ മകൻ ശിവ രാജ്കുമാർ ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു.
അരുൺരാജ കാമരാജിന്റെ വരികൾക്ക് ശിൽപ റാവുവും അനിരുദ്ധ് രവിചന്ദറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. തമന്നയുടെയും രജനികാന്തിന്റെയും നൃത്തച്ചുവടുകളും ‘ജയിലർ’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ബീറ്റുകളും അത് വൈറലും ട്രെൻഡിംഗും ആക്കിയിട്ടുണ്ട്.