എറണാകുളം ഉദയംപേരൂർകാർക്ക് വിശ്വാസത്തിന്റെയും സുരക്ഷയുടെയും പര്യായമാണ് സസ്യ. സസ്യ എന്താണെന്നല്ലേ. ഇവിടത്തെ തനതു ജൈവ കർഷകരുടെ ഒരു കൂട്ടായ്മ. ഇവിടത്തെ ജൈവ കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക വിളകളും, മൂല്യ വർധിത ഉത്പന്നങ്ങളും ഇവരിൽ നിന്നും നല്ല വിലക്ക് വാങ്ങുന്നത് ഈ സസ്യ ജൈവ കർഷക സൊസൈറ്റിയാണ്.
പച്ചക്കറി, പഴവർഗങ്ങൾ, അരി, മൂല്യ വർധിത വസ്തുക്കളായ മല്ലിപൊടി, വെളിച്ചെണ്ണ, മുളകുപൊടി, തേൻ എന്നിവയും കർഷകരിൽ നിന്നും സംഭരിച്ചു സസ്യ വിൽക്കുന്നു. ശീതകാല വിളകളായ കാബേജ്, കോളിഫ്ലവർ എന്നിവയും ഇവിടെ വിളയുന്നു.
100% ഓർഗാനിക്
സസ്യ സൊസെറ്റി ഭാരവാഹി സെബാസ്റ്റ്യൻ കോട്ടൂർ പറയുന്നത് കർഷകരിൽ നിന്നും വാങ്ങുന്ന വിളകൾക്ക് മികച്ച വില നൽകുന്നതിനാൽ കർഷകർ തങ്ങളുടെ കാർഷിക വൃത്തിയിൽ തന്നെ ഉറച്ചു നിൽക്കും എന്നാണ്. സൊസൈറ്റിയുടെ നിർദേശങ്ങൾ പ്രകാരം കർഷകർ ഉല്പാദിപ്പിക്കുന്നതെല്ലാം 100 % ഓർഗാനിക് ഉത്പന്നങ്ങളാണ്. ആരോഗ്യത്തിന് ജൈവ പച്ചക്കറികളും ഫലവർഗ്ഗങ്ങളും മാത്രമേ ഗുണമാകൂ എന്ന ശീലത്തിന്, സസ്യ മുന്നേറ്റം സൃഷ്ടിക്കുകയാണ്, കർഷകർക്കും ഉപഭോക്താക്കൾക്കും.
കർഷകന് ന്യായവില
സസ്യയിൽ നൽകുന്ന പച്ചക്കറിക്ക് ന്യായമായ വില കിട്ടുന്നു. ഒരു കർഷകന് വേണ്ടതും അതാണ്. അത് കൊണ്ട്തന്നെ കഴിഞ്ഞ 23 വർഷമായി ജൈവ കൃഷി പിന്തുടരുന്നു എന്ന് കർഷകനായ ജോണി കുര്യൻ പറയുന്നു. സൊസൈറ്റിയിലെ കര്ഷകയായ പ്രസീത ശിവദാസൻ പറമ്പ് പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. മുളക്, വെണ്ട, തക്കാളി. വഴുതനങ്ങ എന്നുവേണ്ട എല്ലാത്തരം പച്ചക്കറികളും കൃഷി ചെയ്യുന്ന പ്രസീത എല്ലാം കൈമാറുന്നത് സസ്യക്ക്. കാരണം ഇവിടെ നല്ല വില കിട്ടും. പുറത്തേക്കാൾ. അതുകൊണ്ട് എല്ലാം ഇവിടെ തന്നെ കൊടുക്കും എന്നാണ് പ്രസീത പറയുന്നത്.
കർഷകർക്കും, ഉപഭോക്താക്കൾക്കും ജൈവ വളങ്ങൾ തയാറാക്കി നൽകുന്ന റീമാ പ്രിൻസ്, സസ്യ തുടങ്ങിയ സമയം മുതൽ ഒപ്പമുണ്ട്. വേര് വളർച്ചക്ക് ആക്കം കൂട്ടുന്ന വാം എന്ന സൂക്ഷ്മ ജൈവ വളവും റീമയുടെ ഉല്പന്നമാണ്. വാമിനെ വളർത്തിയെടുക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ചെടികളുടെ വേര് കൂടുതൽ വളരുന്നതിനും, മണ്ണിൽ നിന്നും വളങ്ങൾ വലിച്ചെടുക്കുന്നതിനും വാം എന്ന സൂക്ഷ്മവളം ഏറെ ഫലപ്രദം.
സസ്യ ഒരു ശീലം
ഒരിക്കൽ സസ്യയിൽ ഉത്പന്നങ്ങൾ വാങ്ങാൻ വരുന്നവർ പിന്നെ ആ ശീലം മാറ്റാറില്ല. കർഷകർക്ക് മികച്ച വില നൽകുമ്പോൾ ഉപഭോക്താക്കളിൽ നിന്നും മിതമായ നിരക്കാണ് ഈടാക്കുന്നത് എന്നത് തന്നെ കാരണം. ഡെയ്സി എന്ന ഉപഭോക്താവ് പറയുന്നത് കേൾക്കൂ. സസ്യയിൽ നിന്നും ഉത്പന്നങ്ങൾ രണ്ടു വർഷമായി വാങ്ങുന്നു.
സസ്യയിലുള്ള വിശ്വാസം അതാണ് കാരണം. പിന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന രാസ വിഷം ചേർന്ന പച്ചക്കറികളെ ആശ്രയിക്കേണ്ടല്ലോ. എങ്കിലും പച്ചക്കറികൾ നന്നായി കഴുകി തന്നെ ഉപയോഗിക്കും. ഡെയ്സി ഒരു ആരോഗ്യ രഹസ്യം പറഞ്ഞു നിർത്തുന്നു.