ബംഗളുരുവിലെ ഇൻഡസ് സ്കൂളിൽ പന്തുലമ്മ പഠിപ്പിക്കാൻ ക്ളാസിലെത്തിയാൽ വിദ്യാർത്ഥികൾക്കെല്ലാം ആവേശമാണ്.
പഠനം കൃത്യതയോടെ. സംശയങ്ങൾക്കെല്ലാം കൃത്യമായ മറുപടി. തിരികെ ചോദ്യങ്ങൾ ചോദിക്കുക ഞൊടിയിടയിൽ. കുട്ടികൾ കൃത്യമായ ഉത്തരം പറഞ്ഞില്ലെങ്കിൽ വടിയെടുത്തു തല്ലുകയോ, ചെവി കിഴുക്കുകയോ ഒന്നും ചെയ്യില്ല പന്തുലമ്മ. അത്ര അഡ്വാൻസ്ഡ് ആണീ പന്തുലമ്മ. ഫിസിക്സ്, മാത്സ്, കെമിസ്ട്രി വിഷയങ്ങൾ വളരെ മികവോടെ ഈ AI കരുത്തുള്ള പന്തുലമ്മ കൈകാര്യം ചെയ്യും. പന്തുലമ്മ AI ശക്തിയുള്ള അധ്യാപക റോബോട്ടാണ് കേട്ടോ.
ബംഗളുരുവിലെ ഇൻഡസ് ഇന്റർനാഷണൽ സ്കൂൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ട് അധ്യാപകനെ അവതരിപ്പിച്ചു. 5 അടി 7 ഇഞ്ച് ഉയരമുള്ള ഈ റോബോട്ട് അധ്യാപകൻ മറ്റു അധ്യാപകരോടൊപ്പം മികവിൽ പഠിപ്പിക്കുന്നു.
ലോകത്ത് ആദ്യമായി ഇത്തരത്തിൽ കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച റോബോട്ട് ടീച്ചറുടെ കൃത്യത നൂറ് ശതമാനമാണെന്നും, പിഴവുകൾ ഇതുവരെ സംഭവിച്ചിട്ടില്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധരായ റാവുവും രാഹുവും പറയുന്നു.
കമാൻഡ് വഴി വിദ്യാർത്ഥികൾക്ക് ഈ റോബോട്ടിനോട് ചോദ്യങ്ങൾ ചോദിക്കാനും കൃത്യമായ ഉത്തരം നേടാനും കഴിയും. പൊതു അവധികൾ, പ്രത്യേക അവധികൾ, വാർഷിക അവധികൾ, പ്രസവാവധികൾ, പിതൃത്വ അവധികൾ എന്നിവയൊന്നും റോബോട്ട് അധ്യാപകന് ഉണ്ടാകില്ല. വർഷം മുഴുവനും പാഠങ്ങൾ പഠിപ്പിക്കും.
ബംഗളുരുവിലെ ഇൻഡസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ശരിയായ അടിസ്ഥാന സൗകര്യങ്ങളുള്ള AI റോബോട്ട് അധ്യാപകനുള്ള രാജ്യത്തെയും ലോകത്തെയും ആദ്യത്തെ സ്ഥാപനമായി അംഗീകരിക്കപ്പെട്ടു.
ബാംഗ്ലൂരിലെ ഇൻഡസ് ഇന്റർനാഷണൽ സ്കൂളിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഒരു റോബോട്ടിക്സ് ലബോറട്ടറി തന്നെ സ്ഥാപിച്ചു. ഒരു വ്യക്തിയേക്കാൾ കൃത്രിമബുദ്ധിയുള്ള ഒരു ഹ്യൂമനോയിഡ് റോബോട്ടായിരിക്കും അധ്യാപകൻ എന്നതൊഴിച്ചാൽ ക്ലാസുകൾ ഒന്നുതന്നെയായിരിക്കും!
ഹൈദരാബാദ്, ബംഗളുരു, പൂനെ എന്നിവിടങ്ങളിൽ ഏഴ് ഇൻഡസ് സ്കൂളുകളിലായി മൂന്ന് വീതം 21 ഈഗിൾ റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. ഈ റോബോട്ടുകൾ വളരെ സംവേദനാത്മകമാണ്, വികാരങ്ങൾ അനുകരിക്കാൻ അതിന്റെ ഡിജിറ്റൽ മുഖം ഉപയോഗിക്കുന്നു.