“നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ്. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയന് ഗവണ്മെന്റിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് ‘കേരളം’ എന്ന പേരില്‍ മാറ്റണമെന്നും ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.”
സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ചട്ടം 118 പ്രകാരമുള്ള പ്രമേയമിതാണ്.
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചുള്ള പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ച പ്രമേയം എല്ലാ അംഗങ്ങളും പിന്തുണച്ച് ഐകകണ്ഠേനയാണ് പാസാക്കിയത്.
ഇന്ത്യൻ ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് ഭേദഗതി ചെയ്ത് ‘കേരളം’ എന്നാക്കാൻ സഭ കേന്ദ്ര സർക്കാരിനോട് ഐകകണ്ഠേനെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസായതോടെ ഇനി സർക്കാർ രേഖകളിലടക്കം കേരളം എന്ന നാമം ഉപയോഗത്തിൽ വരും. ഭരണഘടനയിലും ഔദ്യോഗികമായി മലയാളത്തിലും ഇംഗ്ളീഷിലുമുള്ള എഴുത്തിലും ഈ മാറ്റം പ്രകടമാകും.
കേരളം’ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം:
നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം ഈ സഭയില്‍ അവതരിപ്പിക്കുകയാണ്.
ഈ വര്‍ഷത്തെ കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ചക്കാലയളവില്‍ കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും, നമ്മുടെ വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങളും, നമ്മുടെ തനത് വിഭവങ്ങളെയും സാംസ്കാരിക പൈതൃകത്തെയും, കാര്‍ഷിക-വ്യവസായ പുരോഗതിയെയും, നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം 2023 എന്ന ഈ പരിപാടിയുടെ സംഘാടനം ഒരു ബൃഹത്തായ ഉദ്യമമാണ്.
കേരളീയം 2023 ന്റെ ഭാഗമായി ലോകപ്രശസ്തരായ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മേഖലകളെപ്പറ്റി അര്‍ത്ഥവത്തായ സംവാദങ്ങള്‍ നടത്തുന്നതാണ്. ലോകശ്രദ്ധ ആകര്‍ഷിക്കും വിധം കേരളം കൈവരിച്ച പുരോഗതിയും നിലവില്‍ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളും നവകേരള സൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളും സംവാദങ്ങളില്‍ വിശകലനത്തിന് വിധേയമാക്കും. കാര്‍ഷിക രംഗം, ഫിഷറീസ്, ക്ഷീര മേഖലകള്‍, ഭൂപരിഷ്കരണം, സഹകരണരംഗം, വ്യവസായം, വിവര സാങ്കേതികവിദ്യ, ടൂറിസം, തൊഴില്‍, കുടിയേറ്റം, പട്ടികജാതി-പട്ടികവര്‍ഗ മേഖല, ഉന്നത-പൊതുവിദ്യാഭ്യാസ മേഖലകള്‍, പൊതുജനാരോഗ്യം, ജനസൗഹൃദ പൊതുസേവനം, അധികാരവികേന്ദ്രീകരണവും പ്രാദേശിക സര്‍ക്കാരുകളും, കേരളത്തിന്റെ സമ്പദ്ഘടന എന്നിവയെപ്പറ്റിയാണ് വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് കേരളീയം 2023 ന്റെ ഭാഗമായി നവകേരളത്തിനായുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നതാണ്.
കേരളീയം 2023 ന്റെ ഭാഗമായി നമ്മുടെ വിവിധ കലാരൂപങ്ങളുടെ അവതരണം, പൊതുജനങ്ങള്‍ക്ക് ആസ്വദിക്കാനും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് മനസ്സിലാക്കാനും വേണ്ടി കലാ പ്രദര്‍ശനവും ഉണ്ടാവും.