വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റ് നമ്പറിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ – HOLIDAY HEIST – ഗെയിം കാമ്പയിന് മികച്ച പ്രതികരണം.

- ജൂലൈയില്‍ സംഘടിപ്പിച്ച ബിഡ്ഡിംഗ് ഗെയിമില്‍ 80,000 ലധികം ബിഡ്ഡുകൾ
- സമര്‍ഥമായ ബിഡ്ഡുകളിലൂടെ വെറും 5 രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കിയ നിരവധി പേർ
- 45 ദശലക്ഷത്തിലധികം ഇംപ്രഷനുകള്‍ സൃഷ്ടിച്ചു.
- 13 ദശലക്ഷത്തിലധികം കാണികളെയും നേടി.
- കാമ്പയിന് കാലയളവില്‍ 5.2 ലക്ഷം ചാറ്റുകൾ.
‘ലോവസ്റ്റ് യുണിക് ബിഡ്ഡിംഗ്’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ഗെയിം ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നതാണ്.
കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്. വിജയികളാകുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധിദിനങ്ങള്‍ ചെലവിടാന്‍ അവസരമൊരുക്കുന്നതായിരുന്നു ഗെയിം.
നേതൃത്വം നൽകി Maya

കേരള ടൂറിസത്തിന്റെ ഔദ്യോഗിക വാട്സാപ് ചാറ്റ് നമ്പറായ ‘മായ’ (7510512345) ആണ് കാമ്പയിനിന് നേതൃത്വം നല്‍കിയത്.
2022 മാര്‍ച്ചില്‍ ആരംഭിച്ച മായ 1.5 ലക്ഷത്തോളം കോണ്ടാക്റ്റുകളുള്ള ജനപ്രിയ പ്ലാറ്റ്ഫോമാണ്. മൂന്ന് ലക്ഷത്തിലധികം സജീവ ചാറ്റുകളുമുണ്ട്.
കാമ്പയിന് കാലയളവില്‍ എല്ലാ ദിവസവും പുതിയ ടൂര്‍ പാക്കേജുകളും പങ്കെടുക്കുന്നവര്‍ക്ക് വിജയിക്കാനുള്ള പുതിയ അവസരങ്ങളും നല്കി. ആകര്‍ഷകമായ 30 പാക്കേജുകളോടെ ഭാഗ്യശാലികള്‍ക്ക് കേരളത്തില്‍ അവധിക്കാലം സ്വന്തമാക്കാനുള്ള അവസരവും മുന്നോട്ടുവച്ചു. സമര്‍ഥമായ ബിഡ്ഡുകളിലൂടെ വെറും 5 രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കിയവരുണ്ട്.
ആവേശകരമായ ഹോളിഡേ ഹീസ്റ്റ് ഗെയിമിലൂടെ ടൂര്‍ പാക്കേജ് പ്രമോഷനുകള്‍ പുനര്‍നിര്‍വചിക്കാന്‍ കേരള ടൂറിസത്തിനായെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
“സഞ്ചാരികളുടെ ശ്രദ്ധയും ആവേശവും ആകര്‍ഷിക്കാന്‍ ഗെയിമിനായി. രാജ്യത്ത് ഒരു ടൂറിസം വകുപ്പിന്റെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. വിനോദസഞ്ചാര വ്യവസായത്തിലെ നൂതന സമീപനങ്ങളില്‍ മാതൃക സൃഷ്ടിക്കുന്നതില്‍ അഭിമാനിക്കുന്നു. കേരള ടൂറിസത്തിന്റെ നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതില്‍ കാമ്പയിന് ഫലപ്രദമാണെന്ന് തെളിഞ്ഞു. കേരളത്തിന്റെ ട്രാവല്‍ കമ്മ്യൂണിറ്റിയിലേക്ക് 41,000 പുതിയ അംഗങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു”.
ഗെയിമില്‍ പങ്കെടുക്കുന്നവരില്‍ തന്ത്രപരമായ ചിന്തയും സര്‍ഗാത്മകതയും സാഹസികതയും പ്രചോദിപ്പിച്ച് ടൂര്‍ പാക്കേജ് പ്രൊമോഷനുകളില്‍ കേരള ടൂറിസം വിപ്ലവം സൃഷ്ടിച്ചതായി ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. ഇത് നൂതനമായ ടൂറിസം വിപണനത്തിന്റെ ശ്രദ്ധേയ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലുടനീളമുള്ള കേരള ടൂറിസത്തിന്റെ പ്രചാരം കാമ്പയിനിന്റെ വിജയത്തില്‍ പങ്കുവഹിച്ചുവെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഗെയിമിലെ വിജയികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ അവധിക്കാല പാക്കേജ് നിരവധി പേരെയാണ് പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതും വലിയ സാധ്യതകളുള്ളതുമായ കേരളത്തിലെ പല ഡെസ്റ്റിനേഷനുകളും മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പരിചിതമാക്കാന് കാമ്പയിന് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.