ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ വിജയകരമാക്കുന്നതിൽ യുവാക്കളുടെ സംഭാവനയെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ള ജനത സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ടെന്നും 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു .
“രാജ്യത്തിന്റെ നേട്ടങ്ങളുടെ കണക്ക് ഞാൻ അടുത്ത ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നിന്ന് നൽകും.” പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
“കഴിഞ്ഞ വർഷം ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ വികസിത രാജ്യങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വിജയത്തെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യ എന്തുതന്നെ ചെയ്താലും അത് മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ പരിമിതപ്പെടുത്തിയിട്ടില്ലെന്നും, ഇന്ത്യയിന്ന് ഡിജിറ്റൽ വികസനത്തിന്റെ രണ്ടാം ഘട്ടത്തിലാണെന്നും താൻ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കിയതായി മോഡി പറഞ്ഞു. ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളവരും സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു. ഇന്ത്യയിലെ ഏറ്റവും ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും ഡിജിറ്റൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാൻ യുവാക്കൾക്ക് ഇന്ന് ധൈര്യമുണ്ട്,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ചെങ്കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രി മോദിയുടെ പത്താം സ്വാതന്ത്ര്യദിന പ്രസംഗം ഏകദേശം 90 മിനിറ്റ് നീണ്ടുനിന്നു. 2016 നു നടത്തിയ 94 മിനുട്ട് പ്രസംഗത്തിന് ശേഷം ഇതുവരെ പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗങ്ങളിൽ ഇത് ഏറ്റവും ദൈർഘ്യമേറിയതാണ്.
“രാജ്യത്തിന്റെ വികസനം ഉയർത്തിക്കാട്ടി ആഗോള വിദഗ്ധർ ഇന്ത്യയെ പ്രശംസിക്കുന്നു. ഈ വികസന പ്രക്രിയകൾ ഇന്ത്യ ഇപ്പോൾ അവസാനിപ്പില്ലെന്നു ആഗോള വിദഗ്ധർ പറയുകയും ചെയ്യുന്നു. ഇന്ത്യയെ ഇനി മുന്നോട്ടുള്ള പാതയിൽ നിന്നും തടയാനാകില്ലെന്നും അവർ പറയുന്നു. എല്ലാ റേറ്റിംഗ് ഏജൻസികളും രാജ്യത്തെ പ്രശംസിക്കുന്നു.”
ശോഭനമായ ഭാവിയുള്ള ഒരു “പുതിയ ഇന്ത്യ” മോഡി ഉറപ്പ് നൽകി. അടുത്ത അഞ്ച് വർഷ കാലയളവിൽ നാം എടുക്കുന്ന തീരുമാനങ്ങളും ത്യാഗങ്ങളും അടുത്ത 1000 വർഷത്തേക്ക് രാജ്യത്തെ ബാധിക്കുമെന്നതിനാൽ രാജ്യത്തിന്റെ സാധ്യതകൾ തിരിച്ചറിയാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു.
“Our decisions, sacrifices in this period will impact next 1,000 years.”
“ഇന്ന് നമുക്ക് ജനസംഖ്യാശാസ്ത്രം, ജനാധിപത്യം, വൈവിധ്യം എന്നിവ കൈമുതലായുണ്ട്.– demography, democracy, diversity,- ഈ മൂന്ന് ഘടകങ്ങൾക്ക് ഇന്ത്യയുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള കഴിവുണ്ട് . ലോകമെമ്പാടുമുള്ള വിദഗ്ദർ പറയുന്നത് ഇന്ത്യയെ ഇപ്പോൾ തടയാനാവില്ലെന്ന് തന്നെയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു പുതിയ ലോകക്രമം ഉയർന്നുവന്ന പോലെ ഇപ്പോൾ നമുക്ക് ഒരു പുതിയ ലോകക്രമം വ്യക്തമായി കാണാൻ കഴിയും. ഇന്ത്യ ഒരു നിർണായക വഴിത്തിരിവിലാണ്, ഇന്ത്യക്ക് കൊവിഡ് മഹാമാരിയെത്തുടർന്ന് ഉയർന്നുവരുന്ന പുതിയ ലോകക്രമം രൂപപ്പെടുത്താനുള്ള ശക്തിയുണ്ട്. കോവിഡ് ന് ശേഷം ഒരു പുതിയ ജിയോപൊളിറ്റിക്കൽ സമവാക്യം ലോകത്ത് അതിവേഗം രൂപപ്പെട്ടുവരുന്നു. മാറുന്ന ലോകത്തെ രൂപപ്പെടുത്തുന്നതിൽ 140 കോടി ഇന്ത്യക്കാരുടെ ശക്തി നമുക്ക്കാണാൻ കഴിയും. നിങ്ങൾ ഒരു നിർണായക വഴിത്തിരിവിലാണ്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യ ലോക വേദിയിൽ അതിന്റെ ശരിയായ സ്ഥാനം വീണ്ടെടുക്കുക മാത്രമല്ല, അന്താരാഷ്ട്ര ക്രമത്തിൽ അതിന്റെ സ്ഥാനം വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് പ്രസിഡന്റ് ദ്രൗപതി മുർമുവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
“ലോകമെമ്പാടുമുള്ള വികസനപരവും മാനുഷികവുമായ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുന്നു. അന്താരാഷ്ട്ര ഫോറങ്ങളുടെ, പ്രത്യേകിച്ച് ജി-20 ന്റെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്.
“ജി-20 ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെയും പ്രതിനിധീകരിക്കുന്നതിനാൽ, ആഗോള വ്യവഹാരങ്ങളെ ശരിയായ ദിശയിൽ രൂപപ്പെടുത്താൻ സഹായിക്കുന്നതിനുള്ള ഒരു അദ്വിതീയ അവസരമാണിത്. ജി-20 പ്രസിഡൻസിയോടെ, വ്യാപാരത്തിലും ധനകാര്യത്തിലും തുല്യമായ പുരോഗതിയിലേക്ക് തീരുമാനമെടുക്കാൻ ഇന്ത്യയ്ക്ക് കഴിയും.”
വ്യാപാരത്തിനും ധനകാര്യത്തിനും അപ്പുറം മനുഷ്യവികസനത്തിന്റെ കാര്യങ്ങളും അജണ്ടയിലുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഭൂമിശാസ്ത്രപരമായ അതിരുകളാൽ പരിമിതപ്പെടാത്ത, എല്ലാ മനുഷ്യരാശിയെയും ബാധിക്കുന്ന നിരവധി ആഗോള പ്രശ്നങ്ങളുണ്ട്. ആഗോള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയുടെ തെളിയിക്കപ്പെട്ട നേതൃത്വമുണ്ടെങ്കിൽ, ഈ മേഖലകളിൽ ഫലപ്രദമായ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ അംഗരാജ്യങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,” രാഷ്ട്രപതി പറഞ്ഞു.
ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രി മോദിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന, മൂന്ന് സൈനിക മേധാവികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയ ഉടൻ, ഇന്ത്യൻ വ്യോമസേനയുടെ രണ്ട് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ മാർക്ക്-III ധ്രുവ് വേദിയിൽ പുഷ്പ ദളങ്ങൾ ചൊരിഞ്ഞു.