ചരിത്രത്തിലെ ഏറ്റവും വലിയ ലാഭക്കൊയ്ത്ത് നടത്തി പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്. 103.58 കോടി രൂപ ലാഭം നേടിയ കെ.എം.എം.എൽ 896.4 കോടിയുടെ വിറ്റുവരവും സ്വന്തമാക്കി.

6 കോടിയിലധികം രൂപയാണ് 2022-23 വര്‍ഷത്തെ ലാഭവിഹിതമായി ഓണക്കാലത്തിന് മുൻപായി KMML സർക്കാരിന് കൈമാറിയത്. മൂലധനത്തിന്റെ 20 ശതമാനമാണിത്.
2022-23 ൽ ചരിത്ര ലാഭവുമായി മിനറല്‍ സെപ്പറേഷന്‍ യൂണിറ്റാണ് കെ.എം.എം.എല്ലിന്റെ കുതിപ്പിന് കരുത്ത് പകർന്നത്.
മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമായ 89 കോടിയാണ് ഈ വർഷം KMML നേടിയത്. കഴിഞ്ഞ വർഷം 17.6 കോടി മാത്രമായിരുന്നു യൂണിറ്റിന്റെ ലാഭം. ഒപ്പം 8855 ടണ്‍ സില്ലിമനൈറ്റ് ഉല്പാദനം നടത്തിയ സ്ഥാപനം 8230 ടണ്‍ വിപണനവും നടത്തി റെക്കോര്‍ഡ് നേട്ടം കൈവരിച്ചു.

നേട്ടമുണ്ടാക്കി മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ്
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2019ല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ നടത്തിയ പ്ലാന്റ് നവീകരണം യൂണിറ്റിനെ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. കരിമണലില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്ളോട്ടേഷന്‍’ നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മീഷന് ചെയ്യുകയും ചെയ്തു. ഒപ്പം സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ എത്തിച്ചത് ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും മികച്ച ഉല്പാദനം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തു.

മിനറല്‍ സെപ്പറേഷന്‍ യൂണിറ്റുമായി ബന്ധപ്പെട്ട് ഖനന പ്രദേശങ്ങളായ കോവില്‍ തോട്ടം, പൊന്മന എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ വ്യവസായ മന്ത്രി നേരിട്ട് ഇടപെട്ട് ചര്‍ച്ച നടത്തി പരിഹരിക്കുകയും ഈ ഖനന മേഖലയിലെ ജീവനക്കാരെ കോണ്‍ട്രാക്ടറെ ഒഴിവാക്കി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കമ്പനിയുടെ നേരിട്ടുള്ള കരാര്‍ ജീവനക്കാരായി നിയമിക്കുകയും ചെയ്തിരുന്നു. 783 പേരെയാണ് ഇത്തരത്തില്‍ നേരിട്ടുള്ള കരാര്‍ ജീവനക്കാരായി നിയമിച്ചത്.