‘പ്രബൽ’ ഇനി മുതൽ ഇന്ത്യൻ സായുധ സേനകളുടെ കാവലാളായി കൈയെത്തും ദൂരത്തുണ്ടാകും. ആവശ്യമുള്ള ജനങ്ങൾക്കും സുരക്ഷയേകാൻ പ്രബൽ തയാർ. പ്രബൽ മറ്റാരുമല്ല ഇന്ത്യയിലെ ആദ്യത്തെ ലോംഗ് റേഞ്ച് റിവോൾവർ. ഫയറിംഗ് റേഞ്ച് 50 മീറ്റർ വരെ. മറ്റു റിവോൾവറുകളെക്കാൾ ഇരട്ടി ദൂരം പ്രഹരശേഷി. വെബ്ലി സ്കോട്ട് റിവോൾവറിന് സമാനമായ ആക്രമണരീതി. സർക്കാർ ഉടമസ്ഥതയിലുള്ള എന്റർപ്രൈസ് അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്മെന്റ് ഇന്ത്യ (AWEIL) നിർമ്മിച്ചു സായുധ സേനകൾക്കും, പൊതു ജനത്തിനും വേണ്ടി കൈ മാറുകയാണ് പ്രബൽ. റിവോൾവറിന് ഭാരം കുറവാണെന്നും സൈഡ് സ്വിംഗ് സിലിണ്ടർ സജ്ജീകരിച്ചിട്ടുണ്ടെന്നും AWEIL ഡയറക്ടർ എകെ മൗര്യ പറഞ്ഞു.
ഇതിനു കാട്രിഡ്ജുകളില്ലാതെ 700 ഗ്രാം ഭാരവും ബാരൽ നീളം 76 മില്ലീമീറ്ററും, മൊത്തം നീളം 177.6 മില്ലീമീറ്ററുമാണ്. റിവോൾവറിന്റെ ബുക്കിംഗ് ആരംഭിച്ചതായി AWEIL ഡയറക്ടർ അറിയിച്ചു. സായുധ സേനയ്ക്ക് പുറമെ ലൈസൻസുള്ള സാധാരണക്കാർക്കും ഇത് വാങ്ങാം.
കാൺപൂരിലെ അർമാപൂരിലുള്ള സ്ഥാപനമാണ് AWEIL . ഇതിന് മുൻകാല ഓർഡിനൻസ് ഫാക്ടറി ബോർഡിന്റെ (OFB) എട്ട് ഫാക്ടറികളുണ്ട്, ഇന്ത്യൻ സായുധ സേനയ്ക്കും വിദേശ സൈനികർക്കും വേണ്ടി പ്രാഥമികമായി ചെറിയ ആയുധങ്ങളും പീരങ്കി തോക്കുകളും നിർമ്മിക്കുന്നു. OFB-യെ ഏഴ് വ്യത്യസ്ത പൊതുമേഖലാ സ്ഥാപനങ്ങളാക്കി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് 2021-ൽ AWEIL സ്ഥാപിച്ചത്.
ഇന്ത്യൻ സൈന്യത്തിൽ നിന്ന് 300 ‘സാരംഗ്’ പീരങ്കികൾക്കുള്ള ഓർഡർ ഉൾപ്പെടെ 6,000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഓർഡർ ഈ വർഷം സ്ഥാപനത്തിന് ലഭിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും 450 കോടി രൂപയുടെ പ്രതിരോധ ഓർഡറുകൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.