കർണാടകയുടെ അഭിമാനമായ വിന്ധ്യഗിരി പർവത നിരകൾ ഇനി കടലിലും പേരെടുക്കും ‘ഐഎൻഎസ് വിന്ധ്യഗിരി’ എന്ന ഇന്ത്യൻ പടക്കപ്പലിന്റെ രൂപത്തിൽ.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ‘ഐഎൻഎസ് വിന്ധ്യഗിരി’ യെ ഇന്ത്യൻ നാവികസേനയുടെ ഭാഗമാക്കി.

രാജ്യത്തെ പ്രതിരോധ MSME കൾക്കും അഭിമാനിക്കാം വിന്ധ്യഗിരിക്ക് ജീവൻ വയ്ക്കുമ്പോൾ. പ്രോജക്ട് 17 എ കപ്പലുകളുടെ ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും ഓർഡറുകളുടെ ഗണ്യമായ 75 ശതമാനവും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME) ഉൾപ്പെടെയുള്ള തദ്ദേശീയ സ്ഥാപനങ്ങളിൽ നിന്നാണ് എന്ന് നാവികസേന വ്യക്തമാക്കുന്നു.

പ്രോജക്ട് 17 എ ഫ്രിഗേറ്റിന്റെ ആറാമത്തെ കപ്പലാണ് INS വിന്ധ്യഗിരി. പ്രോജക്ട് 17 എ പ്രോഗ്രാമിന് കീഴിൽ, മുംബൈ ആസ്ഥാനമായുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ (എംഡിഎൽ) നാല് കപ്പലുകളും ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് ലിമിറ്റഡിൽ (ജിആർഎസ്ഇ) മൂന്ന് കപ്പലുകളും നിർമ്മാണത്തിലാണ്.
പദ്ധതിയുടെ ആദ്യ അഞ്ച് കപ്പലുകൾ 2019 നും 2022 നും ഇടയിൽ MDL ഉം GRSE ഉം പുറത്തിറക്കിയിരുന്നു.

മെച്ചപ്പെട്ട സ്റ്റെൽത്ത് ഫീച്ചറുകൾ, നൂതന ആയുധങ്ങളും സെൻസറുകളും പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം എന്നിവയൊക്കെക്കൊണ്ട് കരുത്തനാണ് പ്രോജക്ട് 17 ക്ലാസ് ഫ്രിഗേറ്റിലെ മറ്റു കപ്പലുകളെ പോലെ വിന്ധ്യഗിരിയും.
നാവികസേനയുടെ ഭാഗമായിരുന്ന നീലഗിരി ക്ലാസ് ഫ്രിഗേറ്റുകളിൽ ആറാമത്തെതായിരുന്ന പഴയ വിന്ധ്യഗിരി പടക്കപ്പൽ
1981 ജൂലൈ 8 മുതൽ 2012 ജൂൺ 11 വരെയുള്ള ഏകദേശം 31 വർഷത്തെ സേവനത്തിൽ നിരവധി ബഹുരാഷ്ട്ര അഭ്യാസങ്ങൾ, സമുദ്ര നിരീക്ഷണം, തീരദേശ പട്രോളിംഗ്, കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്. 2011ൽ ഒരു വ്യാപാര കപ്പലുമായി സംഭവിച്ച അപകടത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് ഇത് ഡീകമ്മീഷൻ ചെയ്തത്.
അതിന്റെ പിൻഗാമിയായ പുതിയ INS വിന്ധ്യഗിരി പ്രകടനത്തിൽ ഒട്ടും പിന്നിലെക്കാകില്ല.
ഇന്ത്യയുടെ എല്ലാ യുദ്ധക്കപ്പൽ രൂപകൽപന പ്രവർത്തനങ്ങൾക്കും മുൻകൈയെടുക്കുന്ന സംഘടനയായ ഇന്ത്യൻ നേവിയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് പ്രൊജക്റ്റ് 17 എ കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.