കേരളാ ഫീഡ്സിൽ നിന്നും ഇത്രക്കങ്ങു കുട്ടികൾ പ്രതീക്ഷിച്ചതേ ഇല്ല. വ്യവസായ മേഖല വേറൊന്നു. പക്ഷെ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് -CSR – അവർ വിനിയോഗിച്ചത് കേരളത്തിലെ പെണ്മക്കളുടെ മനോധൈര്യത്തിനും, ആ മുഖത്തു സദാ വിടരുന്ന ഒരു ചെറുപുഞ്ചിരിക്കുമായിരുന്നു.

അതുകൊണ്ടു തന്നയാണ് പൊതുമേഖലാ കാലിത്തീറ്റ സ്ഥാപനമായ കേരള ഫീഡ്സിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗം നവോത്ഥാനമൂല്യങ്ങളുടെയും സാമൂഹിക ശാക്തീകരണത്തിന്റെയും പ്രതീകമാണെന്ന് റവന്യൂ മന്ത്രി കെ രാജന് എടുത്തു പറഞ്ഞതും. കേരളത്തിലുടനീളം പെണ്മക്കളുടെ പുഞ്ചിരിയേറ്റുവാങ്ങാൻ തങ്ങളുടെ ഫണ്ട് വിനിയോഗിക്കുകയാണ് കേരളാ ഫീഡ്സ്.
കേരള ഫീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആരോഗ്യ-ശുചിത്വ ബോധവത്കരണവും മെന്‍സ്ട്രല്‍ കപ്പ് വിതരണവും പീച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തത് റവന്യൂ മന്ത്രി കെ രാജന് .

അടക്കത്തില്‍ മാത്രം പറഞ്ഞിരുന്ന വാക്കുകളിലൊന്നാണ് ആര്‍ത്തവമെന്ന് മന്ത്രി പറഞ്ഞു. ഇത് സാധാരണയായ ശാരീരികപ്രക്രിയയുടെ ഭാഗമാണെന്ന് ആണ്-പെണ് ഭേദമില്ലാതെ കുട്ടികള്‍ മനസിലാക്കേണ്ടതാണ്. ഇക്കാരണത്താല്‍ പലവിധത്തിലുള്ള തിരിച്ചുവ്യത്യാസങ്ങളും പീഡനങ്ങളും അനുഭവിക്കേണ്ടി വന്ന ജനതയാണ് സമീപ ഭൂതകാലത്തുണ്ടായിരുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ഇത്തരം മാമൂലുകളെ പൊട്ടിച്ചെറിയാന്‍ ഇന്നത്തെ പെണ്തലമുറ കാണിക്കുന്ന ധൈര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടം കെട്ടിയുണ്ടാക്കുന്നതു മാത്രമല്ല വികസനമെന്ന് കേരള ഫീഡസ് നമ്മെ കാണിച്ചു തരികയാണ്. ഇത്രയും വ്യത്യസ്തതയുള്ള സാമൂഹ്യപ്രതിബദ്ധത വിഷയം തെരഞ്ഞെടുത്തത് തന്നെ ജനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.
ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ പട്ടിക്കാട്, പീച്ചി, പുത്തൂര്‍, കാട്ടിലപൂവ്വം, അഞ്ചേരി, ഒല്ലൂര്‍, കണിമംഗലം, കൂര്‍ക്കഞ്ചേരി, മാന്ദാമംഗലം, പൂച്ചെട്ടി എന്നീ പ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 13-17 വയസ്സിനിടയ്ക്ക് പ്രായമുള്ള 1800 വിദ്യാര്‍ത്ഥിനികള്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്ത്. സംസ്ഥാനത്തുടനീളം പതിനയ്യായിരത്തിരലധികം വിദ്യാര്‍ത്ഥിനികള്‍ക്ക് പദ്ധതിയുടെ സൗകര്യം ലഭിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി (എച്എല്‍എല്‍ ഹെല്‍ത്ത്കെയര്‍) സഹകരിച്ചാണ് കെഎഫ്എല്‍ ഈ പദ്ധതി നടപ്പാക്കുന്നത്.

ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ കേരള ഫീഡ്സിന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് സാര്‍വത്രികമായ ഗുണം ലഭിക്കുന്ന രീതിയില്‍ ചെലവഴിക്കണമെന്ന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം എന്ന ആശയത്തിലേക്കെത്തിയതെന്ന് ചടങ്ങില്‍ കമ്പനി ചെയര്മാന് കെ ശ്രീകുമാര്‍ പറഞ്ഞു. കേരള ഫീഡ്സിലെ വനിതാ ജീവനക്കാരും ഇതിന് ശ്രദ്ധേയമായ പിന്തുണ നല്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ വികസന ഫണ്ട്, ശുചിത്വഫണ്ട് എന്നിവ കൂടി ഉപയോഗിച്ച് കൂടുതല്‍ പേരിലേക്ക് ഈ പദ്ധതി എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ നിലനില്‍പ്പ് തന്നെ സ്ത്രീയിലൂടെയാണെന്ന് കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. സ്ത്രീയെ ബഹുമാനിക്കാനാണ് സ്കൂള്‍ തലം മുതല്‍ തന്നെ ആണ്‍കുട്ടികള്‍ ശീലിക്കേണ്ടത്. കേരള ഫീഡ്സിന്റെ ഈ ഉദ്യമത്തിലൂടെ ഈ ബോധവത്കരണം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക കൂടി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് ഏറെ നിര്‍ണായകമായ കാല്‍വയ്പാണ് കേരള ഫീഡ്സ് മെന്‍സ്ട്രല്‍ കപ്പ് വിതരണത്തിലൂടെ നടത്തിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര് രവി പറഞ്ഞു. പുനരുപയോഗിക്കാവുന്ന ആരോഗ്യ വസ്തുക്കള്‍ വ്യാപകമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.