2022 ഡിസംബറിലെ കേരള സർക്കാരിന്റെ ഒരു സംരംഭക കണക്കാണ്. സംസ്ഥാനത്ത് ഒരു വർഷത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സംരംഭകത്വ വികസന പദ്ധതി എട്ട് മാസക്കാലയളവിനുള്ളിൽ 1,01,353 സംരംഭങ്ങൾ ആരംഭിച്ച് ലക്ഷ്യം പൂർത്തീകരിച്ചു. പദ്ധതിയിലൂടെ കേരളത്തിലേക്ക് 6282 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 2,20,500 പേർക്ക് ഒരു ലക്ഷം സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു. കേരളവ്യവസായ രംഗം സംരംഭക വികസനത്തിൽ കൈവരിച്ച പ്രധാന നാഴികക്കല്ലാണിത്.
സംരംഭക വർഷം പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയിലാണ്. 17958 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58038 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു.
ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 11672 സംരംഭങ്ങളും 500 കോടിയിലധികം രൂപയുടെ നിക്ഷേപവും 23874 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് മേഖലയിൽ 4352 സംരംഭങ്ങളും 260 കോടി രൂപയുടെ നിക്ഷേപവും 8078 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
സർവ്വീസ് മേഖലയിൽ 7810 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 465 കോടി രൂപയുടെ നിക്ഷേപവും 17707 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിൽ 31676 സംരംഭങ്ങളും 1817 കോടിയുടെ നിക്ഷേപവും 58038 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്.
2023 ലെ ഈ ഓണകാലത്ത് ഈ പ്രാരംഭ സംരംഭങ്ങളും, വിപണിയും വ്യാപാര കേന്ദ്രങ്ങളുമെല്ലാം കടുത്ത ആശങ്കയിലാണ്. കാരണം ഓണകാലത്ത് കേരളം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി. അതോടൊപ്പം ട്രഷറി നിയന്ത്രണവും. എന്നിട്ടും ഈ ഓണക്കാലം വര്ണാഭമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ . കേരളം മുണ്ടു മുറുക്കിയുടുക്കുമ്പോൾ പ്രതിസന്ധിയിലാക്കുന്നു ഓണവിപണിയെ ലക്ഷ്യമിട്ടു പ്രവർത്തനം തുടങ്ങിയ സംരംഭങ്ങളും, അവരുടെ ഉത്പന്നങ്ങൾ എത്തേണ്ട വിപണികളുമാകും.
സംരംഭക വർഷം പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയിലാണ് എന്നതിനൊപ്പം വ്യാപാര മേഖലയിൽ 31676 സംരംഭങ്ങളും 1817 കോടിയുടെ നിക്ഷേപവും 58038 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത് എന്നത് കൂടി കൂട്ടിച്ചേർക്കുമ്പോൾ ഓണംതിനു സംരംഭക മേഖലയിലോ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയുടെ വ്യാപ്തി എത്ര വലുതെന്നു ഊഹിക്കാനാകും. ഇനിയങ്ങോട്ടുള്ള ഇത്തരം കാർഷിക ഭക്ഷ്യ സംരംഭങ്ങളുടെ പ്രവർത്തനം തന്നെ പരുങ്ങലിലായേക്കാവുന്ന അവസ്ഥയാണുണ്ടാകുക.
ദൃശ്യവും അദൃശ്യവുമായ സാമ്പത്തിക നിയന്ത്രണങ്ങൾ പലയിടത്തുമുണ്ടാകും. മാസം അവസാനം വരുന്ന ഓണത്തിനായി പതിവിൽ നിന്നും വിപരീതമായി സർക്കാർ ജീവനക്കാർക്ക് അടുത്ത മാസത്തെ ശമ്പളം മുൻകൂറായി നൽകാനിടയില്ല. അതിനു പിന്നാലെ ക്ഷേമ പെൻഷൻ ഒഴികെ സർക്കാർ പെന്ഷനും വിരമിച്ചവർക്ക് ഇത്തവണ മുൻകൂറായി കിട്ടില്ല. ഇതോടെ സർക്കാർ ജീവനക്കാരും ആകെ മനം മടുത്തിരിക്കുകയാണ്.
എങ്കിലും ഓണാഘോഷം തകൃതിയായി നടക്കും.
കേന്ദ്രം നൽകില്ല, കേരളം കണ്ടെത്തണം ഓണ ചിലവ്
കേന്ദ്രനികുതിവിഹിതം 10390കോടിയിൽ നിന്ന് 1869കോടിയായി കുറഞ്ഞു. ഇതോടെയാണ് ട്രഷറി പൂട്ടുന്നതിന് തുല്യമായ കടുത്ത നിയന്ത്രണം കൊണ്ടുവന്നത്. അഞ്ചു ലക്ഷത്തിന്റെ പരിധി എന്നാൽ പൂട്ടിയതിന് തുല്യമെന്ന് വ്യാഖ്യാനമുണ്ട്. തദ്ദേശസ്ഥാപനങ്ങൾ, മറ്റ് വകുപ്പുകളുടെ ചെലവുകൾ വികസന പ്രവർത്തനങ്ങളുടെ ബില്ലുകൾ തുടങ്ങി ഒന്നും പാസാകാത്ത സ്ഥിതിയാണ്. അത്യാവശ്യചെലവുകൾക്ക് ധനവകുപ്പ് അനുമതി നൽകിയാൽ പണം കിട്ടുമെന്നതാണ്സ്ഥിതി. പൊതുമരാമത്ത് കരാറുകൾക്ക് 16000കോടിയാണ് കൊടുക്കാനുള്ളത്. അത് ബാങ്കുകൾ വഴി ഡിസ്കൗണ്ട് ചെയ്തിരിക്കുകയാണ്. കൃത്യമായ ഇടവേളകളിൽ ആ പണം നൽകേണ്ടിവരും. അല്ലെങ്കിൽ പലിശ നൽകണം.നെല്ല് സംഭരണകുടിശിക മുതൽ ശമ്പളപെൻഷൻ പരിഷ്ക്കരണ കുടിശിക,ഡി.എ.ഉൾപ്പെടെ 22000കോടിയിലേറെ രൂപയുടെ ചെലവുകൾ അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്.
ഓണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി 8000 കോടി രൂപയുടെ പാക്കേജോ ജി.എസ്.ഡി.പിയുടെ ഒരു ശതമാനം അധികവായ്പയോ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. നിയമസാധുതയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് രണ്ടും നിരസിച്ചത്. ഈ സാഹചര്യത്തിലാണ് സാദ്ധ്യമായ ലഭ്യതകൾ ഉപയോഗിച്ച് ഓണം സമൃദ്ധമാക്കാൻ സംസ്ഥാനം ഒരുങ്ങിയത്.
കേന്ദ്രം നേരത്തെ അനുവദിച്ചതിൽ ശേഷിക്കുന്ന അവസാനത്തെ 2000കോടിയും വായ്പയെടുക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെ ഓണത്തിന് മാത്രമായി കടം 3000കോടി രൂപയായി. ട്രഷറിയിൽ നിന്നെടുക്കാവുന്ന പരമാവധി തുകയും സമാഹരിച്ചാണ് ഇക്കുറി ഓണം കെങ്കമമാക്കുന്നത്.
ഓണം ആഘോഷിക്കാൻ വായ്പകൾ തരപ്പെടാതായതോടെ ട്രഷറി പ്രതിസന്ധിയിലായി.
ദൈനംദിന ആവശ്യത്തിന് പിൻവലിക്കാവുന്ന തുക അഞ്ചു ലക്ഷമായി സംസ്ഥാന സർക്കാർ ചുരുക്കി.10 ലക്ഷം രൂപവരെ അനുവദിച്ചിരുന്നു
പെൻഷനും ശമ്പളത്തിനും മരുന്നിനും മാത്രമാണ് ഇളവ്. പെൻഷനും ശമ്പളവിതരണവും പൂർത്തിയായതിനാൽ മരുന്നിനു മാത്രമാണ് പണം പിൻവലിക്കാനാകുക. മറ്റെല്ലാ ചെലവുകളും മാറ്റിവയ്ക്കേണ്ട സ്ഥിതിയിലാണ്. ചരിത്രത്തിൽ ആദ്യമായാണ് ഓണക്കാലത്ത് ട്രഷറി നിയന്ത്രണം ഈ നിലയിലാകുന്നത്.
ഓണച്ചെലവിന് 19000കോടി രൂപ വേണം. 8000കോടിയുടെ പ്രത്യേക പാക്കേജോ,ഒരുശതമാനം അധികവായ്പയ്ക്ക് താൽക്കാലിക അനുമതിയോ വേണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന കേന്ദ്രം തള്ളിയതോടെ ഓണച്ചെലവിന് മറ്റു മാർഗ്ഗങ്ങൾ തേടാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല. ഇതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വായ്പാതവണയും പലിശയും അടയ്ക്കേണ്ട സമയവുമായതിനാൽ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണ്. തനത് വരുമാനം 32431കോടിയിൽ നിന്ന് 26254കോടിയായി ഇടിഞ്ഞു. പെട്രോളിനും മദ്യത്തിനും ഏർപ്പെടുത്തിയ സെസുകളും രജിസ്ട്രേഷൻ ചെലവ് കൂട്ടിയതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
ഡിസംബർവരെ എടുക്കാൻ കേന്ദ്രം അനുവദിച്ച ആകെ വായ്പ 21,852 കോടിരൂപയാണ്. കഴിഞ്ഞ ചൊവ്വാഴ്ച 2000 കോടിക്കു കൂടി കടപ്പത്രം പുറപ്പെടുവിച്ചതോടെ വായ്പ 17,500 കോടിയാകും. നിലവിൽ ഏഴുമാസത്തേക്ക് 4352 കോടി രൂപയുടെ കടമെടുപ്പ് സാധ്യതമാത്രമാണുള്ളത്. ഇതുകൊണ്ട് ഈ വർഷം അവശേഷിക്കുന്ന കാര്യങ്ങൾ നടത്താനാകില്ല.കഴിഞ്ഞ വർഷം ഇതേ സമയത്ത് എടുത്തിരുന്ന വായ്പ വെറും 5302കോടിയായിരുന്നു.
നിർമ്മാണത്തൊഴിലാളി, മോട്ടോർ വാഹനത്തൊഴിലാളി, കള്ളുചെത്ത് വ്യവസായത്തൊഴിലാളി ക്ഷേമനിധികൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ, സംസ്ഥാന ബിവറേജസ് കോർപറേഷൻ തുടങ്ങിയവയുടെ മിച്ച ഫണ്ട് മുൻകാലങ്ങളിൽ സർക്കാർ താൽക്കാലിക വായ്പയായി ക്രമീകരിച്ചാണ് ഓണച്ചെലവ് നടത്തിയിരുന്നത്.
സാമ്പത്തിക പ്രതിസന്ധി ഓണത്തെ ബാധിക്കാതിരിക്കാൻ രാഷ്ട്രീയഭേദമില്ലാതെ 12ന് സംസ്ഥാനത്തെ എം.പി.മാർ കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമനെ കണ്ടെങ്കിലും നിരാശയായിരുന്നു ഫലം.ഇതിനുമുമ്പ് രണ്ടുതവണ മുഖ്യമന്ത്രി നേരിട്ട് കത്തിലൂടെയും ധനമന്ത്രി കെ.എൻ.ബാലഗോപാൽ നേരിട്ട് കണ്ടും ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാവർക്കും അതേനിരക്കിൽ ഉത്സവബത്ത നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
In December 2022, the Kerala government initiated a development project aiming to start one lakh initiatives within a year, achieving the goal by launching 1,01,353 initiatives. The project facilitated a deposit of 6,282 crore rupees and provided employment to 2,20,500 people. The project’s primary focus was on agricultural and food processing sectors, contributing significantly to the state’s economic growth.