ചൈനീസ് സ്മാർട്ട്ഫോൺ ഹോണർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ്.
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകളുമായിട്ടാണ്മടങ്ങി വരവ്. ഐ ഫോണുകൾക്ക് വരെ ഇന്ത്യ മികച്ച വിപണിയായി മാറിയ സാഹചര്യത്തിലാണ് ഹോണറിന്റെ രംഗപ്രവേശം.
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണർ (Honor) ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെ സ്മാർട്ട്ഫോൺ വിതരണത്തിനായി ഇത്തവണ ഹോണർ നേരിട്ട് ഫോണുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം ആദ്യം ചൈനയിൽ അവതരിപ്പിച്ച മോഡലുകൾ ഇന്ത്യയിലേക്കും എത്തിക്കാനാണ് ഹോണർ പദ്ധതിയിടുന്നത്.
പുതിയ ഫോണുമായി വരുന്നു.
ഹോണറിന്റെ ഏത് മോഡലാണ് ഇന്ത്യയിൽ ആദ്യം ലോഞ്ച് എന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇത് ഹോണർ 90 ആയിരിക്കാനാണ് സാധ്യത കൂടുതൽ. സെപ്റ്റംബറിൽ ഹോണറിന്റെ തിരിച്ച് വരവിന് കളമൊരുക്കുന്നത് മികച്ചൊരു ഫോൺ തന്നെയായിരിക്കും.
ഹോണർ 90 ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. ഈ സ്മാർട്ട്ഫോൺ ഇതിനകം ചൈനയിൽ ലഭ്യമാണ്. ഹോണർ 90, 90 പ്രോ എന്നിവ ഈ വർഷം ആദ്യമാണ് ചൈനയിൽ അവതരിപ്പിച്ചത്.
ഹോണർ 90
ഹോണർ 90 സ്മാർട്ട്ഫോണിൽ 1200 x 2664 പിക്സൽസ്, 6.7 ഇഞ്ച് ഫുൾ-എച്ച്ഡി + കർവ്ഡ് ഒലെഡ് ഡിസ്പ്ലേയാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 16 ജിബി വരെ റാമുമായി വരുന്ന ഫോണിൽ 512 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് മാജിക് ഒഎസ് 7.1 ഔട്ട്-ഓഫ്-ദി-ബോക്സിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഹോണർ 90 സ്മാർട്ട്ഫോണിലുള്ളത്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമടങ്ങുന്ന പിൻ ക്യാമറ സെറ്റപ്പിൽ 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഹോണർ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 50 മെഗാപിക്സൽ ക്യാമറയാണുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഹോണർ 90 സ്മാർട്ട്ഫോണിൽ 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂട്ടൂത്ത് 5.2, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.
Chinese smartphone brand Honor is making a comeback in India after three years, choosing to sell phones directly. While the model hasn’t been confirmed, the Honor 90 is expected to mark the return, featuring a 6.7-inch curved OLED display, Qualcomm Snapdragon 7 Gen 1 SoC, up to 16GB RAM, and advanced camera capabilities. This reentry aligns with India’s significant smartphone market, where iPhones are also gaining traction.