‘യോദ്ധ’ എന്ന മോഹൻലാൽ ചിത്രം സിനിമാസ്വാദകരെ പൊട്ടിച്ചിരിപ്പിക്കാൻ തുടങ്ങിയിട്ട് 31 വർഷങ്ങൾ പിന്നിടുന്നു.
വർഷങ്ങൾക്കിപ്പുറവും ചില സിനിമകൾ ആവർത്തന വിരസതയേതുമില്ലാതെ, ആർത്തിയോടെ, ആദ്യമായി കാണുന്ന അതേ ഉത്സാഹത്തില്‍ ഈ സിനിമ കണ്ടുതീർക്കാറുണ്ട് നാം. എന്നാൽ യോദ്ധ അന്ന് ബോക്സ് ഓഫീസിൽ ശരാശരി വിജയം മാത്രമായിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാന്‍ അല്പം പ്രയാസമുള്ള യാഥാര്‍ത്ഥ്യമാണ്. അന്ന് യോദ്ധ ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. അതുകൊണ്ടു തന്നെ പ്രതീക്ഷിച്ച കളക്ഷൻ തീയേറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നില്ല. എന്നാലിന്ന് ആമസോൺ, ഡിസ്നി ഹോട്ട് സ്റ്റാർ ഓ ടി ടി കളിലൂടെ വരുമാനം ഉണ്ടാക്കുകയാണ് യോദ്ധ.
1992 സെപ്റ്റംബർ മാസം മൂന്നാം തീയതിയാണ് സംഗീത് ശിവന്റെ സംവിധാനത്തിൽ ‘യോദ്ധാ’ റിലീസായത്. ഇന്നും 31ന്റെ ചെറുപ്പവുമായി ‘യോദ്ധാ’ മലയാളികളുടെ സ്വീകരണ മുറിയിൽ തുടരുന്നു. മലയാളികളുടെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയിൽ ഇനി എത്ര പതിറ്റാണ്ടുകൾ കഴിഞ്ഞാലും ‘യോദ്ധാ’ ഉണ്ടാകുമെന്നതിൽ തർക്കമില്ല.
തിയേറ്ററുകളിൽ സാധാരണ വിജയം
പക്ഷേ തിയേറ്ററുകളിൽ സാധാരണ വിജയം മാത്രമായിരുന്നു ‘യോദ്ധാ’യ്ക്ക് നേടാനായത്. 1992ൽ മമ്മൂട്ടി നായകനായ ‘പപ്പയുടെ സ്വന്തം അപ്പൂസ്’, മോഹൻലാലും, ജയറാമും ഒന്നിച്ച ‘അദ്വൈതം’ എന്നിവയ്ക്കൊപ്പം ഓണം റിലീസായാണ് ‘യോദ്ധ’ എത്തിയത്. എന്നാൽ കലക്ഷനിൽ മറ്റ് രണ്ട് ചിത്രങ്ങൾക്ക് പിന്നിലായിരുന്നു ‘യോദ്ധാ’യുടെ സ്ഥാനം.
ഉയര്‍ന്ന നിർമാണച്ചിലവും ‘യോദ്ധാ’യ്ക്ക് തിരിച്ചടിയായി. പിന്നീട് ഈ ചിത്രത്തെ സൂപ്പര്‍ഹിറ്റാക്കി മാറ്റിയത് ടെലിവിഷന്‍ ചാനലുകളാണ്.
വരുമാനം OTT വഴി
തിയേറ്ററില്‍ സാധാരണ വിജയം മാത്രമായിരുന്ന ‘യോദ്ധ’യെ സൂപ്പര്‍ഹിറ്റാക്കിയത് ടെലിവിഷന്‍ ചാനലുകളാണ്. ആവര്‍ത്തിച്ചുള്ള സംപ്രേഷണത്തിലൂടെ ‘യോദ്ധ’ മലയാളികളുടെ പ്രിയപ്പെട്ട സിനിമയായി മാറി. അതോടെ ‘യോദ്ധ’യിലെ മിക്ക ഡയലോഗുകളും ആളുകള്‍ക്ക് കാണാപ്പാഠമായി.
മലയാളി ഏറ്റവുമധികം ആവര്‍ത്തിച്ചു കണ്ട സിനിമകളിലൊന്നും ടെലിവിഷന്‍ ചാനലുകള്‍ ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്യുന്ന സിനിമകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുമാണ് ‘യോദ്ധ’യുടെ ഇടം. ആമസോണ്‍ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സറ്റാര്‍ എന്നീ രണ്ട് മുന്‍നിര ഒടിടികളാണ് ‘യോദ്ധ’യുടെ സംപ്രേഷണാവകാശം കൈവശമാക്കിയിട്ടുള്ളത്. ഇത് ഏറ്റവും പുതിയ വിഷ്വല്‍ പ്ലാറ്റ്ഫോമുകളില്‍ പോലുമുള്ള ഈ സിനിമയുടെ ജനകീയത വെളിവാക്കുന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് ‘യോദ്ധ’ ഷൂട്ട് ചെയ്തത്. ഇത്രയേറെ ഭാഷകളില്‍ ഒരു സിനിമയെന്നത് മലയാളത്തിന് പുതുമയായിരുന്നു. ദേശാതിര് കടക്കുന്ന പ്രമേയസാധ്യത ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു ഭിന്നഭാഷകളിലുള്ള ചിത്രീകരണം. ‘യോദ്ധ’ കേവലം മലയാളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒരു സിനിമയല്ലെന്ന് സംഗീത് ശിവന് നേതൃത്വം നല്കുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഗൗരവത്തില്‍ പറയേണ്ടുന്ന സങ്കീര്‍ണവും വിവാദമാകാന്‍ സാധ്യതയുള്ളതുമായ ഒരു വിഷയത്തെ കേരളത്തിലെ ഒരു ഗ്രാമാന്തരീക്ഷത്തില്‍ അതീവ രസകരമായി അവതരിപ്പിച്ചാണ് ശശിധരന് ആറാട്ടുവഴിയും സംഗീത് ശിവനും ‘യോദ്ധ’യ്ക്ക് മറ്റൊരു തലത്തിലുള്ള കാഴ്ചവിതാനം സാധ്യമാക്കുന്നത്. ബുദ്ധമതത്തിലെ ആചാരാനുഷ്ടാനങ്ങള്‍ സിനിമയില്‍ കടന്നുവരുന്നതിനാല്‍ മതവികാരത്തെ നോവിപ്പിക്കാത്ത വിധത്തിലായിരിക്കണം സിനിമയെന്ന നിബന്ധനയുണ്ടായിരുന്നു. ഷൂട്ടിനു ശേഷം ബുദ്ധസന്ന്യാസി നേതൃത്വങ്ങള്‍ക്കു മുന്നില്‍ ‘യോദ്ധ’ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ തൃപ്തികരമായ സമ്മതത്തിനു ശേഷമാണ് സിനിമ തിയേറ്ററിലേക്കെത്തിയത്.
അന്ന് ഇന്ത്യയില്‍ ലഭ്യമായ മികച്ച സാങ്കേതിക നിലവാരത്തോടെയായിരുന്നു ‘യോദ്ധ’യുടെ നിര്‍മ്മാണം. സാങ്കേതികപ്രവര്‍ത്തകരില്‍ വലിയൊരു പങ്ക് മുംബൈയില്‍ നിന്നുള്ളവരായിരുന്നു. കേരളത്തിലും നേപ്പാളിലുമായി ഷൂട്ടിംഗ്. എ.ആര്.റഹ്മാനും സന്തോഷ് ശിവനും എ.ശ്രീകര്‍ പ്രസാദും മധുബാലയുമടക്കമുള്ള മറുനാട്ടിലെ പ്രധാന ചലച്ചിത്രപ്രവര്‍ത്തകരും മോഹന്‍ലാലും ജഗതിയും ഒടുവിലും മീനയും സുകുമാരിയും ഉര്‍വശിയുമടക്കമുള്ള മലയാളത്തിലെ അഭിനയപ്രതിഭകളും യോദ്ധയുടെ ഭാഗമായി. ‘റോജ’യിലെ സാര്‍വലോകമാനമുള്ള ഈണങ്ങള്‍ക്കു ശേഷമാണ് അന്നത്തെ നവപ്രതിഭയായ എ.ആര്.റഹ്മാന് ‘യോദ്ധ’യ്ക്കു വേണ്ടി തന്റെ മാന്ത്രികവിരലുകള്‍ ചലിപ്പിച്ചത്.
മലയാളത്തിന് റഹ്മാന് ആദ്യമായി സംഗീതം നല്‍കിയെന്ന വലിയ പ്രത്യേകത കൂടി ‘യോദ്ധ’യ്ക്ക് കൈവന്നു. ഗാനങ്ങള്‍ക്കൊപ്പമോ അതിനേക്കാള്‍ മികവുറ്റതോ ആയിരുന്നു ‘യോദ്ധ’യുടെ പശ്ചാത്തല സംഗീതം. പ്രത്യേകിച്ച് നേപ്പാള്‍ പശ്ചാത്തലത്തിലെയും ആക്ഷന്‍ സീക്വന്‍സുകളിലെയും സംഗീതം വേറിട്ട ആസ്വാദനം സാധ്യമാക്കാന്‍ പോന്നതായിരുന്നു. 1986-ല്‍ പുറത്തിറങ്ങിയ ‘ദ ഗോള്‍ഡന്‍ ചൈല്‍ഡ്’ എന്ന ഹോളിവുഡ് സിനിമയുടെ മൂലപ്രമേയം ‘യോദ്ധ’ കടംകൊണ്ടിരുന്നു. എന്നാല്‍; സാങ്കേതികമികവിലും ആസ്വാദന നിലവാരത്തിലും ഹോളിവുഡ് ചിത്രത്തേക്കാള്‍ പലപടി മുന്നിലായിരുന്നു യോദ്ധ.
1992 ഓണം റിലീസായിരുന്നു ‘യോദ്ധ’. ഒപ്പമിറങ്ങിയ ‘പപ്പയുടെ സ്വന്തം അപ്പൂസും’ ‘അദ്വൈത’വും ആ വര്‍ഷത്തെ വലിയ വിജയങ്ങളായി. ‘പപ്പയുടെ സ്വന്തം അപ്പൂസ്’ 1992-ലെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയായി. ‘യോദ്ധ’യോട് പ്രേക്ഷകര്‍ ആദ്യം വലിയ പ്രതിപത്തി കാട്ടിയില്ല. ചിത്രത്തിന്റെ പേരു മുതല്‍ എന്തോ ഒരു ആകര്‍ഷണക്കുറവ് കാണികള്‍ക്ക് അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തുടക്കത്തില്‍ ഒരു തള്ളിക്കയറ്റം ചിത്രത്തിനുണ്ടായില്ല. മൗത്ത് പബ്ലിസിറ്റിയുടെ പിന്‍ബലത്തില്‍ ‘യോദ്ധ’യ്ക്ക് കാണികളെ ആകര്‍ഷിക്കാനായെങ്കിലും ‘പപ്പയുടെ സ്വന്തം അപ്പൂസ്’ പോലെ കുടുംബപ്രേക്ഷകരെ അതിയായി ആകര്‍ഷിച്ച ഒരു സിനിമയുടെ സാന്നിധ്യവും അത് തീര്‍ത്ത തരംഗവും ‘യോദ്ധ’യെ ഓണസിനിമകളില്‍ മൂന്നാം സ്ഥാനത്തേക്ക് മാറ്റി. ഉയര്‍ന്ന നിര്‍മ്മാണച്ചെലവും ‘യോദ്ധ’യ്ക്ക് തിരിച്ചടിയായി. അത്ര വലിയ ബജറ്റിലുള്ള ഒരു ചിത്രമല്ലായിരുന്നെങ്കില്‍ ‘യോദ്ധ’യുടെ തിയേറ്റര്‍ ലാഭവിഹിതം പിന്നെയും വര്‍ധിക്കുമായിരുന്നു.