അതിർത്തി കടന്നുള്ള പേയ്മെന്റുകൾക്ക് തൽക്ഷണ സെറ്റിൽമെന്റ് സംവിധാനമൊരുക്കാൻ റിസർവ് ബാങ്ക്.

നിലവിൽ അതിർത്തി കടന്നുള്ള പണമിടപാടുകളുടെ (ക്രോസ്-ബോർഡർ പേയ്മെന്റ്) ചെലവ് കൂടുതലും വേഗത കുറവെന്നുമുള്ള പ്രശ്നം തുടരുന്നതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
നിലവിലുള്ള ക്രോസ്-ബോർഡർ പേയ്മെന്റുകളുടെ പ്രധാന വെല്ലുവിളികൾ ഉയർന്ന ചിലവ്, കുറഞ്ഞ വേഗത, പരിമിതമായ ആക്സസ്, അപര്യാപ്തമായ സുതാര്യത എന്നിവയാണ്.

ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) തത്ക്ഷണ സെറ്റിൽമെന്റ് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുമ്പായി ഇത് സാമ്പത്തിക വളർച്ച, അന്താരാഷ്ട്ര വ്യാപാരം, സാമ്പത്തിക അടിത്തറ എന്നിവയെ പിന്തുണയ്ക്കുമെന്നും ആർ.ബി.ഐയും ബാങ്ക് ഒഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സും (ബി.ഐ.എസ്) സംഘടിപ്പിച്ച ജി 20 ടെക് സ്പ്രിന്റ് ഫിനാലെയിലെ മുഖ്യ പ്രഭാഷണത്തിൽ ഗവർണർ പറഞ്ഞു.

വേഗതയേറിയതും വിലകുറഞ്ഞതും കൂടുതൽ സുതാര്യവുമായ ക്രോസ്-ബോർഡർ പേയ്മെന്റ് സേവനങ്ങൾ ലോകമെമ്പാടുമുള്ള ആളുകൾക്കും സമ്പദ്വ്യവസ്ഥയ്ക്കും വ്യാപകമായ നേട്ടമുണ്ടാക്കും.

റീട്ടെയിൽ, മൊത്തവ്യാപാര വിഭാഗങ്ങൾക്കായി ആർ.ബി.ഐ രണ്ട് സി.ബി.ഡി.സി പൈലറ്റ് പ്രൊജക്റ്റുകൾ കഴിഞ്ഞ വർഷം ആരംഭിച്ചു. കൂടുതൽ ബാങ്കുകളിലേക്കും കൂടുതൽ നഗരങ്ങളിലേക്കും കൂടുതൽ ആളുകളിലേക്കും ഡിജിറ്റൽ കറൻസി സാവധാനത്തിലും ക്രമാനുഗതമായും വികസിപ്പിക്കുകയാണെന്നും ഗവർണർ ദാസ് പറഞ്ഞു.

സി.ബി.ഡി.സിയുടെ തയ്യാറാക്കുന്ന പുതിയ സാങ്കേതിക വിദ്യയിലൂടെ തത്ക്ഷണ സെറ്റിൽമെന്റ് നടത്തി അതിർത്തികടന്നുള്ള പെയ്മെന്റുകളുടെ ചെലവ് കുറയുകയും വേഗം കൂടുകയും കൂടുതൽ സുരക്ഷിതമാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റിസർവ് ബാങ്ക് നിരീക്ഷിക്കുന്നു.