ടൈം മാഗസിന്റെ Top 100 ‘World’s Best Companies 2023’ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ കമ്പനിയാണ് പ്രമുഖ ബിഗ് ടെക് ഐ ടി കമ്പനി ഇൻഫോസിസ്. ബംഗളുരു ആസ്ഥാനമായുള്ള ഈ പ്രൊഫഷണൽ സർവീസസ് സ്ഥാപനം ആദ്യ 100 പട്ടികയിൽ 64-ാം സ്ഥാനത്താണ്.
1981-ൽ സ്ഥാപിതമായ ഇൻഫോസിസ്, 3,36,000-ത്തിലധികം ജീവനക്കാരുള്ള ഒരു NYSE ലിസ്‌റ്റഡ് ഗ്ലോബൽ കൺസൾട്ടിംഗ്, ഐടി സേവന കമ്പനിയാണ്. 40 വർഷത്തിലേറെ നീണ്ട അതിന്റെ യാത്രയിൽ, സോഫ്റ്റ്‌വെയർ സേവന പ്രതിഭകളുടെ ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യയെ ഉയർത്തിക്കൊണ്ടുവരാൻ കാരണമായ ചില പ്രധാന മാറ്റങ്ങൾക്ക് ഇന്ഫോസിസിനും പങ്കുണ്ട്. ജനുവരി മുതൽ പതിനായിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട ഇൻഫോസിസിന് ഇത് കഠിനമായ ഒരു സാമ്പത്തിക വർഷമായിരുന്നു .
ഇൻഫോസിസിന്റെ വരുമാന വളർച്ച, ജീവനക്കാരുടെ സംതൃപ്തി സർവേകൾ, കർശനമായ പാരിസ്ഥിതിക, സാമൂഹിക, കോർപ്പറേറ്റ് ഗവേണൻസ് (ESG അല്ലെങ്കിൽ സുസ്ഥിരത) ഡാറ്റ എന്നിവയുടെ ഫോർമുലയെ അടിസ്ഥാനമാക്കിയാണ് 64 ആമതായി പട്ടികയിൽ ഇടം നേടിയത്.
നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദ കണക്കുകൾ പ്രകാരം ഇൻഫോസിസ് വരുമാനം 18.38 ബില്യൺ US ഡോളറാണ്. കമ്പനിയുടെ ഓഹരി മൂലധനം 67 ബില്യൺ US ഡോളറായി ഉയർന്നു.
കഴിഞ്ഞ മാസമാണ് ഇൻഫോസിസ് കമ്മ്യൂണിക്കേഷൻസ് ആഗോള ടെലികോം കമ്പനിയായ
ലിബർട്ടി ഗ്ലോബലുമായി 1.5 ബില്യൺ യൂറോയുടെ (1.6 ബില്യൺ ഡോളർ) കരാറിൽ ഏർപ്പെട്ടത്. 5 വർഷത്തെ ഈ കരാർ ഇൻഫോസിസിന്റെ നിലവിലൂടെ ഏറ്റവും മികച്ച ഇടപാടാണ്.
ഈ സഹകരണം വഴി ഉപഭോക്താക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നൽകുന്ന ഡിജിറ്റൽ വിനോദം ഇൻഫോസിസ് ഉറപ്പാക്കും. കരാർ എട്ട് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ, അതിന്റെ മൂല്യം 2.3 ബില്യൺ യൂറോ ആയിരിക്കും.
ഇൻഫോസിസ് ടോപസ് എഐ -Infosys Topaz AI offering- പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടെ കൊണ്ടുവരുന്നതിലൂടെ, വിപുലീകരിച്ച സഹകരണം ലിബർട്ടി ഗ്ലോബലിന് തുടർച്ചയായ പ്രവർത്തന മികവ് ഉറപ്പാക്കുന്നു,
ഗ്രേറ്റ് പ്ലേസ് ടു വർക്ക്® ഇൻസ്റ്റിറ്റ്യൂട്ട് തുടർച്ചയായി മൂന്നാം വർഷവും 2023-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽദാതാക്കളിൽ ഒരാളായി ഇൻഫോസിസിനെ അംഗീകരിച്ചു. ഏഷ്യാ പസഫിക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 22 രാജ്യങ്ങളിൽ ഇൻഫോസിസ് ഗ്ലോബൽ ടോപ്പ് എംപ്ലോയർ 2023 സർട്ടിഫിക്കേഷൻ നൽകി.
‘ദി അസറ്റ് ഇഎസ്ജി കോർപ്പറേറ്റ് അവാർഡ് 2022’ൽ ഇൻഫോസിസ് ഒന്നിലധികം അവാർഡുകൾ നേടിയെടുത്തിരുന്നു. ‘ഇഎസ്‌ജിയിലെ മികവിനുള്ള പ്ലാറ്റിനം അവാർഡ്’, ‘ബെസ്റ്റ് ഇൻവെസ്റ്റർ റിലേഷൻസ് ടീം’, ‘വൈവിധ്യത്തിലും ഉൾപ്പെടുത്തലിലുമുള്ള മികച്ച സംരംഭം’, ‘പരിസ്ഥിതി ഉത്തരവാദിത്തത്തിലെ മികച്ച സംരംഭം’ എന്നിവ കാറ്റഗറികളിൽ ഈ പുരസ്‌കാരങ്ങൾ ഉൾപ്പെടുന്നു.
ടൈമിന്റെ Top 100 ‘World’s Best Companies 2023’
TIME, Statista എന്നിവ ക്യൂറേറ്റ് ചെയ്‌ത പട്ടികയിൽ ആഗോള ബിഗ് ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, ആപ്പിൾ, ആൽഫബെറ്റ് (Google-ന്റെ മാതൃ കമ്പനി), മെറ്റാ പ്ലാറ്റ്‌ഫോമുകൾ എന്നിവ പട്ടികയിലെ ആദ്യ നാല് കമ്പനികളായി ആധിപത്യം പുലർത്തുന്നു.
ആക്‌സെഞ്ചർ, ഫൈസർ, അമേരിക്കൻ എക്‌സ്‌പ്രസ്, ബിഎംഡബ്ല്യു ഗ്രൂപ്പ്, ഡെൽ ടെക്‌നോളജീസ്, ലൂയിസ് വിറ്റൺ, ഡെൽറ്റ എയർ ലൈൻസ്, സ്റ്റാർബക്‌സ്, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ്, ജനറൽ മോട്ടോഴ്‌സ്, ഫോർഡ് എന്നിവയും പട്ടികയിൽ പെട്ട മറ്റ് പ്രമുഖ കമ്പനികളാണ്.
“ആഗോള റാങ്കിംഗിലെ മുൻനിര കമ്പനിയായ മൈക്രോസോഫ്റ്റ് അതിന്റെ ഏറ്റവും പുതിയ സാമ്പത്തിക വർഷത്തിൽ 72 ബില്യൺ ഡോളർ സമ്പാദിച്ചു, 2020 ൽ നിന്ന് 63 ശതമാനം വർദ്ധനവ്, മൊത്തത്തിലുള്ള ഉദ്‌വമനം – emissions – 0.5 ശതമാനം കുറയ്ക്കുകയും ചെയ്തു, ഒരു കാലത്ത് ആഗോള സമ്പദ്‌വ്യവസ്ഥയെ നയിച്ചിരുന്ന നിർമ്മാതാക്കളെയും ഉപഭോക്തൃ-ചരക്ക് കമ്പനികളെയും പിന്തള്ളി അതിവേഗം ചലിക്കുന്ന ടെക്, ബിസിനസ്-സേവന രംഗത്തു ലോക സാമ്പത്തിക ക്രമത്തിൽ ആധിപത്യം പുലർത്തുന്നത് ആരാണെന്ന് റാങ്കിംഗ് കാണിക്കുന്നു,” ടൈം പറഞ്ഞു.
ഡബ്ലിൻ ആസ്ഥാനമായുള്ള ആക്‌സെഞ്ചറിന് പട്ടികയിലെ ഏതൊരു കമ്പനിയുടെയും ഏറ്റവും ഉയർന്ന ESG റാങ്കിംഗ് ഉണ്ടായിരുന്നു.
“ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ ടൈം 2023 പട്ടികയിൽ ഇൻഫോസിസ് ഇടംപിടിച്ചിട്ടുണ്ട്. ഞങ്ങൾ മികച്ച 3 ആഗോള പ്രൊഫഷണൽ സേവന സ്ഥാപനങ്ങളിൽ ഒരാളാണ്, കൂടാതെ മികച്ച 100 ആഗോള റാങ്കിംഗിൽ ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു ബ്രാൻഡും ആണ്,” എക്‌സിൽ ഒരു പോസ്റ്റിൽ ഇൻഫോസിസ് പറഞ്ഞു.