വിദ്യാഭ്യാസ മേഖലയില്‍ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച മലപ്പുറത്തെ എജ്യടെക്ക് സ്റ്റാര്‍ട്ടപ്പിന് അന്തര്‍ദേശീയ അംഗീകാരം. വേറിട്ട വിദ്യാഭ്യാസത്തില്‍ ലോക മാതൃക തീര്‍ക്കുന്ന ഫിന്‍ലന്‍ഡിന്റെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ് അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്റര്‍വെല്‍.
വ്യത്യസ്ത മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ച പ്രതിഭകളെയും നിക്ഷേപകരെയും പങ്കെടുപ്പിച്ച് ഫിന്‍ലാന്‍ഡ് സംഘടിപ്പിച്ച ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ക്ഷണം ലഭിച്ച ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരു സ്റ്റാര്‍ട്ടപ്പാണ് ഇന്റര്‍വെല്‍.
ഫിന്‍ലന്‍ഡ് ധനകാര്യമന്ത്രാലയത്തിന്റെ കീഴില്‍ ‘ടാലന്റ് ബൂസ്റ്റ് പ്രോജക്ടിന്റെ ഭാഗമായി നടത്തുന്ന എക്സിപീരിയന്‍സ് ടംപാരെ എന്ന ആഗോള സംഗമത്തില്‍ ഇന്റര്‍വെല്‍ സ്ഥാപകന്‍ റമീസ് അലി പങ്കെടുത്തു.(റമീസിന്റെ ഓഡിയോ കേൾക്കാം)
നാലു ദിവസത്തെ ആഗോള സംഗമം നടന്നത് യൂറോപ്പില്‍ തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ചുറ്റുപാട് ഒരുക്കുന്ന ടംപാരെയിലാണ്. സ്റ്റാര്‍ട്ടപ്പ് രംഗത്തെ മെന്റര്‍മാരും ആക്സിലറേറ്റര്‍മാരുമായി ഇടപെടാനും സംവദിക്കാനും ടംപാരെയില്‍ റമീസിന് അവസരം ലഭിച്ചു. യുറോപ്പിലേക്ക് ഇന്റര്‍വെല്ലിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചതായി റമീസ് പറഞ്ഞു. ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ ആഗോള സ്റ്റാര്‍ട്ടപ്പിനെ കുറിച്ച് LinkedIn-ല്‍ കണ്ടാണ് പങ്കെടുക്കാന്‍ അപേക്ഷിക്കുന്നത്. സാമ്പത്തിക സഹായമില്ലെങ്കിലും ഫിന്‍ലന്‍ഡില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനും നിക്ഷേപകരെ കണ്ടെത്താനുമുള്ള പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ഫിന്‍ലന്‍ഡിന്റെ നിയമവശങ്ങള്‍ അടക്കം പരിചയപ്പെടുത്തി. ഫിന്‍ലന്‍ഡിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കാനും Interval-ന് സാധിക്കും. ആഗോള സംഗമത്തിന്റെ ഭാഗമായി സ്വീഡന്‍ സന്ദര്‍ശിച്ച് സര്‍ക്കാരുമായി സംവദിക്കാനും റമീസിന് സാധിച്ചു.
അരീക്കോട് നിന്നും ഗ്ലോബലി
ഇന്റര്‍വെല്‍ എന്ന വിദ്യാഭ്യാസ സ്റ്റാര്‍ട്ട് അപ്പിന് റമീസ് അലി തുടക്കമിടുന്നത് മലപ്പുറത്തെ അരീക്കോട് നിന്നാണ്. 2021-ല്‍ തുടങ്ങിയ ഇന്റര്‍വെല്‍ ഇന്ന് 30 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായവുമായി അരികെയുണ്ട്. വണ്‍ ടു വണ്‍ ലൈവ് ട്യൂട്ടറിങ്ങാണ് ഇന്റര്‍വെല്ലിന്റെ പഠനരീതി. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് നേരിട്ട് ക്ലാസുകള്‍ ലഭിക്കുകയും, അധ്യാപകര്‍ക്ക് ഓരോ വിദ്യാര്‍ഥിയെയും പ്രത്യേകമായി ശ്രദ്ധിക്കാനും ഈ രീതിയിലൂടെ സാധിക്കും. 25,000-ത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍വെല്‍ ഓണ്‍ലൈനായി പഠനസഹായം നല്‍കുന്നുണ്ട്. 4,000-ത്തോളം വരുന്ന അധ്യാപകരുടെയും 218 അനധ്യാപികരുടെയും കൂട്ടായ്മയാണ് ഇത് സാധ്യമാക്കുന്നത്. (റമീസിന്റെ ഓഡിയോ കേൾക്കാം)
രണ്ടുവര്‍ഷം കൊണ്ട് 15 കോടി വരുമാനം
തുടങ്ങി രണ്ടുവര്‍ഷം കൊണ്ട് 15 കോടിയുടെ വരുമാനം എന്ന നേട്ടത്തിലെത്താനും ഇന്റര്‍വെല്ലിന് കഴിഞ്ഞു. നിലവില്‍ യൂറോപ്യ-യു.എസ്. മാര്‍ക്കറ്റിനെ കേന്ദ്രീകരിച്ച് വിപുലീകരിക്കാനായി ഇന്റര്‍വെല്‍ തയ്യാറെടുക്കുകയാണ്. യൂറോപ്പില്‍ ഫിന്‍ലന്‍ഡ് വഴിയും യുഎസില്‍ കാനഡ ടൊറന്റോ ബിസിനസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ചുമായിരിക്കും ഇത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും മിഡില്‍ ഈസ്റ്റിലും നേരത്തെ തന്നെ ഇന്റര്‍വെല്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും ഹെഡ് സ്റ്റാര്‍ട്ടും കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത് 23 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു ഇന്റര്‍വെല്‍. കൂടാതെ എന്‍ട്രപ്രണര്‍ ഇന്ത്യ മാഗസിന്റെ ടോപ് ഫൈവിലും ഇടം പിടിച്ചു.
(റമീസിന്റെ യാത്രയെക്കുറിച്ചുള്ള വിശദമായ ഓഡിയോ കേൾക്കാം)