ബംഗളുരുവിൽ ആരംഭിച്ച വേള്‍ഡ് കോഫി കോണ്‍ഫറന്‍സിൽ സാന്നിധ്യമറിയിച്ചു കേരള സ്റ്റാർട്ടപ്പുകൾ.

കാപ്പി മേഖലയുമായി ബന്ധപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ 14 സംരംഭക – വ്യക്തിഗത യൂണിറ്റുകളും വേള്‍ഡ് കോഫി കോണ്‍ഫറന്‍സില്‍ കേരളത്തെ പ്രതിനിധീകരിച്ചു സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും ആവശ്യക്കാരേറെയുള്ള, ഭൗമസൂചിക പട്ടികയില്‍ ഇടം പിടിച്ച വയനാടന്‍ റോബസ്റ്റ കോഫി തന്നെയാണ് സമ്മേളനത്തില്‍ കേരളത്തിന്റെ മുഖമുദ്ര.

ഇത് ആദ്യമായാണ് വേള്‍ഡ് കോഫി കോണ്‍ഫറന്‍സിന് ഒരു ഏഷ്യന്‍ രാജ്യം ആതിഥ്യമരുളുന്നത്. വേള്‍ഡ് കോഫി കോണ്‍ഫറന്‍സിന്റെ അഞ്ചാമത് എഡിഷനാണിത്.
80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2400 ഓളം നേതാക്കളും പ്രതിനിധികളുമാണ് ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡയറക്ട്രേറ്റ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴില്‍ പ്ലാന്റേഷന് വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനമാണിത്.

കാപ്പി ഉത്പാദനത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. 72,000 ടണ്‍ ആണ് കേരളത്തിന്റെ ഉത്പാദനം. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ 20 ശതമാനം വരുമിത്. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് സംസ്ഥാനത്ത് പ്രധാനമായും കാപ്പി ഉത്പാദനം നടക്കുന്നത്.
കാപ്പിക്കുരു കൃഷി മുതല്‍ വാണിജ്യാവസരങ്ങള്‍ ഒരുക്കുന്നതടക്കം സുസ്ഥിരമായ കാപ്പി വ്യവസായം കെട്ടിപ്പടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള വേദിയാകും ഈ ഉച്ചകോടി. ‘മുഴുനീള സമ്പദ് വ്യവസ്ഥയിലൂടെയും പുനരുല്‍പ്പാദന കൃഷിയിലൂടെയും സുസ്ഥിരത’ എന്നതാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രമേയം. ഇതില്‍ മൂന്ന് ദിവസത്തെ ഉച്ചകോടി, ബിടുബി എക്സിബിഷനുകള്‍, നൈപുണ്യ വികസന ശില്പശാലകള്, ഗ്ലോബല്‍ സിഇഒ കോണ്‍ക്ലേവ്, നെറ്റ് വര്‍ക്കിംഗ് ഇവന്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

കോഫി സ്റ്റാര്‍ട്ടപ്പുകള്‍, കോഫി റോസ്റ്ററുകള്‍, സ്പെഷ്യാലിറ്റി കോഫി ഗ്രോവേഴ്സ്, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. മികച്ച ഉല്പന്നങ്ങളുമായി സംരംഭക-കര്‍ഷക പ്രതിനിധികളും ഉടമകളും പരിപാടിയില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.സംരംഭകര്‍, ചെറുകിട കച്ചവടക്കാര്‍, കഫേ-ബിസിനസ് ഉടമകള്‍, നിക്ഷേപ അവസരങ്ങള്‍ തേടുന്ന ബിസിനസുകാര്‍ എന്നിവര്‍ക്ക് ഉച്ചകോടിയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും.കോഫി വ്യവസായ മേഖലയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തെ സംബന്ധിച്ച് വേള്‍ഡ് കോഫി ഉച്ചകോടി പുത്തന്‍ പ്രതീക്ഷകള്‍ പകരുന്നതാണ്.
ശ്രദ്ധ നേടി കേരളം പവലിയൻ

കോൺഫെറെൻസിലെ കേരളത്തിന്റെ പവലിയൻ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പരമ്പരാഗത വാസ്തുശില്പചാതുരി പ്രദര്‍ശിപ്പിക്കുന്ന പവലിയന് കാണികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ്. കഥകളി പ്രതിമയാണ് പവലിയനിലേക്ക് സന്ദര്‍ശകരെ സ്വീകരിക്കുന്നത്.