ഗൂഗിള്‍ പോഡ് കാസ്റ്റിനോട് (Google Podcast) വിടപറയാനൊരുങ്ങി ഗൂഗിള്‍. പോഡ്കാസ്റ്റ് സംപ്രേഷണം ചെയ്യുന്ന അവസാന വര്‍ഷമായിരിക്കും 2023. 2024-ഓടെ ഗൂഗിള്‍ പോഡ് കാസ്റ്റ് അവസാനിപ്പിക്കുമെന്ന് ടെക്ക് ഭീമനായ ഗൂഗിള്‍ അറിയിച്ചു.
ഗൂഗിള്‍ പോഡ് കാസ്റ്റിനെക്കാള്‍ കേള്‍വിക്കാരുള്ളത് നിലവില്‍ യൂട്യൂബ് മ്യൂസിക്കിനാണ് (YouTube Music). ഗൂഗിള്‍ പോഡ്കാസ്റ്റിന്റെ നിലവിലെ കേള്‍വിക്കാരോട് യൂട്യൂബ് മ്യൂസിക്ക് ആപ്പിലേക്ക് മാറാന്‍ ഗൂഗിള്‍ നിര്‍ദേശിച്ചിരുന്നു.
പ്രിയം യൂട്യൂബിനോട്
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗൂഗിള്‍ പോഡ് കാസ്റ്റിന് കേള്‍വിക്കാര്‍ കുറവാണ്. യു.എസിലെ പോഡ്കാസ്റ്റ് കേള്‍വിക്കാരില്‍ 23% ആശ്രയിക്കുന്നത് യൂട്യൂബ് മ്യൂസിക്കിനെയാണ്. വെറും 4 % മാത്രമാണ് ഗൂഗിളിന്റെ പോഡ്കാസ്റ്റ് പ്രതിവാരം കേള്‍ക്കുന്നത്. അതിനാല്‍ പോഡ്കാസ്റ്റിങ്ങില് യൂട്യൂബ് മ്യൂസിക്കില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ഗൂഗിള്‍ ഉദ്ദേശിക്കുന്നുണ്ട്.
പോഡ് കാസ്റ്റ് കേള്‍വിക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ യൂട്യൂബ് മ്യൂസിക്കില്‍ ഉള്‍പ്പെടുത്താനും ഗൂഗിളിന് പദ്ധതിയുണ്ട്. പ്രീമിയം സബ്സ്ക്രിപ്ഷനില്ലാതെ യൂട്യൂബ് മ്യൂസിക് കേള്‍ക്കാന്‍ ഏപ്രിലില്‍ തന്നെ ഗൂഗിള്‍ അവസരമൊരുക്കിയിരുന്നു.
ഓഫ്ലൈനായും (offline), ഓഡിയോയോ വീഡിയോയോ മാത്രമായും യൂട്യൂബ് മ്യൂസിക്കില്‍ പോഡ്കാസ്റ്റ് ഉപയോഗിക്കാം. മാറ്റങ്ങള്‍ വന്നാല്‍ കേള്‍വിക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും ഒരേ പോലെ പുതിയ അനുഭവമായിരിക്കും യൂട്യൂബ് മ്യൂസിക്കില്‍ നിന്ന് ലഭിക്കുക. യുഎസില്‍ തുടങ്ങിയതിന് ശേഷം വര്ഷാവസാനമാകുമ്പോഴെക്കും എല്ലാ രാജ്യങ്ങളിലും മാറ്റം കൊണ്ടുവരാനാണ് ഗൂഗിളിന്റെ തീരുമാനം.