സെപ്റ്റംബർ 30ന് ശേഷവും 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാതെ കൈവശം സൂക്ഷിക്കുന്നവർ ഇനി നോട്ടു മാറണമെങ്കിൽ റിസർവ് ബാങ്കിനെ നേരിട്ട് സമീപിക്കേണ്ടി വരും.
കാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച 2000 രൂപയുടെ കറൻസി നോട്ടുകൾ നിക്ഷേപിക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഉള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. സെപ്തംബർ 30 സമയപരിധി അവസാനിക്കുന്നതിനാൽ പിൻവലിച്ച നോട്ടുകൾ കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക് ഈ വാരാന്ത്യം വരെ സമയമുണ്ട്.
കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അനുവദിച്ച അവസാന സമയം സെപ്റ്റംബർ 30 വരെയാണ്. ഈ സമയത്തിനുള്ളിൽ ഏത് ബാങ്കിൽ നിന്നും 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ വിപണിയിലുള്ള 2000 നോട്ടുകൾ മുഴുവനായി ബാങ്കുകളിൽ തിരിച്ചെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ ഒന്നിലെ കണക്ക് പ്രകാരം വിനിമയത്തിലുണ്ടായിരുന്ന ഏഴ് ശതമാനം നോട്ടുകൾ തിരിച്ചെത്താതെ ബാക്കിയുണ്ടായിരുന്നു. അതായത്, 24,000 കോടി രൂപ മൂല്യം വരുന്ന 2000 നോട്ടുകളാണ് ബാങ്കുകളിൽ എത്താനുള്ളത്.
മേയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സെപ്റ്റംബർ 30 വരെ സമയവും നൽകി. 3.56 ട്രില്യൺ രൂപ മൂല്യം വരുന്ന 2000 നോട്ടുകളാണ് അതിനു ശേഷം ബാങ്കുകളിലെത്തിയത്.
നടപ്പാക്കുന്നത് നോട്ട് നിരോധനമല്ലെന്നും സെപ്റ്റംബർ 30ന് ശേഷവും 2000 നോട്ടുകൾക്ക് നിയമസാധുതയുണ്ടാകുമെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, സാധാരണ വിനിമയത്തിന് ഉപയോഗിക്കാനാവില്ല. റിസർവ് ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട് മാത്രമേ സെപ്റ്റംബർ 30ന് ശേഷം 2000 നോട്ട് മാറ്റാനാകൂ. എന്തുകൊണ്ട് സെപ്റ്റംബർ 30നകം മാറ്റിയെടുക്കാനായില്ല എന്ന് വിശദീകരിക്കുകയും വേണ്ടിവരും.