വേഗത്തില്‍ പറപറക്കുന്ന അതിവേഗ ട്രെയിനാണ് ഹൈപ്പര്‍ലൂപ് (Hyperloop), ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതികളിലൊന്ന്.
അങ്ങനെയുള്ള ഹൈപ്പര്‍ ലൂപ്പ് ഇന്ത്യയിലെ ട്രാക്കുകളിലൂടെ മിന്നിപായുമോ? സാധ്യത തള്ളികളയാന്‍ പറ്റില്ല. മദ്രാസ് ഐഐടിയിലെ മിടുക്കന്മാര് അതിനുള്ള ശ്രമത്തിലാണ്. ഗരുഡ (Garuda) എന്ന പേരില്‍ ഹൈപ്പര്‍ ലൂപിന്റെ മാതൃക നിര്‍മിച്ച് വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികള്‍.
ആവിഷ്കാര് ഹൈപ്പര്‍ലൂപ് (Avishkar Hyperloop) പദ്ധതിയുടെ ഭാഗമായാണ് അമ്പതോളം വിദ്യാർത്ഥികള്‍ ചേര്‍ന്ന് ഹൈപ്പര്‍ ലൂപിന്റെ ഇന്ത്യന്‍ മാതൃക നിര്‍മിച്ചത്. ഭാഗികമായി വാക്വമാക്കിയ (vaccum) ട്യൂബില്‍ കൂടി പാസഞ്ചര്‍ പോഡ് (യാത്രാവാഹനം) കടത്തി വിടുകയാണ് ഹൈപ്പര്‍ലൂപ് ചെയ്യുന്നത്. ഇതുവഴി യാത്രാസമയം കുറയ്ക്കാം. ഗരുഡയുടെ പാസഞ്ചര്‍ പോഡ് 1,000 കിലോമീറ്റര്‍ ദൂരം വെറും ഒരുമണിക്കൂറില്‍ പൂര്‍ത്തിയാക്കും.
രാജ്യത്തിന് പുറത്തേക്കും
ഹൈപ്പര്‍ലൂപ് സാങ്കേതിക വിദ്യയില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നവര്ക്കായി സംഘടിപ്പിക്കുന്ന യൂറോപ്യന്‍ ഹൈപ്പര്‍ ലൂപ് വീക്ക് 2023-ലേക്ക് (European Hyperloop Week 2023) ഗരുഡ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഐഐടിയിലെ വിദ്യാർത്ഥികള്‍.
ഐഐടിയിലെ അമ്പതോളം വരുന്ന ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥികളാണ് കണ്ടുപിടിത്തതിന് പിന്നില്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ സ്വന്തമെന്ന് പറയാന്‍ പറ്റുന്ന ഹൈപ്പര്‍ ലൂപ് യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആവിഷ്കാര് ഹൈപ്പര്‍ലൂപ് പദ്ധതിയുടെ ടീം ലീഡറായ മേധ കൊമ്മജോസ്യുല പറഞ്ഞു.
ഹൈപ്പര്‍ലൂപ് സാങ്കേതിക വിദ്യയില്‍ കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിനായി കേന്ദ്ര റെയില്‍വേ മന്ത്രാലയം മദ്രാസ് ഐഐടിക്ക് 8.34 കോടി രൂപ നല്‍കിയിരുന്നു.