ഒക്ടോബർ 1 മുതൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് വിവിധ മാറ്റങ്ങളാണ് വരാൻ പോകുന്നത്. 2000 രൂപ തിരികെ ഏല്പിക്കൽ, വിദേശ ക്രെഡിറ്റ് കാർഡ്- പണമിടപാടിന് ടി.സി.എസ്, തിരിച്ചറിയൽ രേഖയായി ജനന രജിസ്ട്രേഷൻ ഭേദഗതി തുടങ്ങിയ മാറ്റങ്ങൾ ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാകും.
2000 രൂപ നോട്ട്
2000 രൂപ നോട്ടുകൾ ബാങ്കുകളിൽ പോയി മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള സമയപരിധി സെപ്തംബർ 30ന് അവസാനിക്കും. ഒക്ടോബർ 1 മുതൽ കൈവശമുള്ള 2000 രൂപ നോട്ട് മാറ്റിയെടുക്കൽ സങ്കീർണമായേക്കും. നോട്ടുകൾക്കു നിയമ സാധുതയുണ്ടാകുമെങ്കിലും, ഇത്ര നാളായി ബാങ്കിൽ ഏല്പിക്കാത്തതിന് കാരണം ബോധ്യപ്പെടുത്തേണ്ടി വരും, പ്രാദേശിക റിസർവ് ബാങ്കുകൾ വഴിയാകും ഈ വിശദീകരണം നൽകേണ്ടി വരുക. കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകൾ ആർ.ബി.ഐ പിൻവലിച്ചത്.
ജനന സർട്ടിഫിക്കറ്റ്
ഒക്ടോബർ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറും. വിദ്യാഭ്യാസം,സർക്കാർ ജോലി, ഡ്രൈവിംഗ് ലൈസൻസ്, വിവാഹ രജിസ്ട്രേഷൻ, പാസ്പോർട്ട്, ആധാർ, വോട്ടേഴ്സ് ലിസ്റ്റ് എന്നിവയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകും. ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി നിയമം ഒക്ടോബർ ഒന്നിന് നിലവിൽ വരും. കുട്ടി ജനിച്ച് 18 വയസ്സാകുമ്പോൾ തനിയെ വോട്ടർ പട്ടികയുടെ ഭാഗമാകും. മരണപ്പെടുന്നവർ വോട്ടപ്പട്ടികയിൽ നിന്ന് ഒഴിവാകുകയും തിരിച്ചറിയൽ കാർഡ് റദ്ദാക്കപ്പെടുകയും ചെയ്യും. ജനന–മരണ രജിസ്ട്രേഷൻ വിവരങ്ങൾ ഒക്ടോബർ ഒന്നിനു ശേഷം രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യയുടെ കേന്ദ്രീകൃത ഓൺലൈൻ ഡേറ്റ ബേസിലേക്ക് മാറും.
ക്രെഡിറ്റ് കാർഡ് ഉപയോഗം
വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏഴുലക്ഷം രൂപയ്ക്ക് മുകളിൽ ചെലവഴിച്ചാൽ ഒക്ടോബർ ഒന്നുമുതൽ 20 ശതമാനം ടി.സി.എസ് ( ടാക്സ് കലക്ടഷൻ അറ്റ് സോഴ്സ്) ചുമത്തും. വിദേശ ടൂർ ഓപ്പറേറ്റർമാരിൽ നിന്നും നേടുന്ന പാക്കേജുകൾക്കും ടി സി എസ് നൽകണം. മെഡിക്കൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ടി.സി.എസിൽ അഞ്ചുശതമാനം മാത്രമാണ് ചുമത്തുക. വിദേശ പഠനത്തിനായി ഏഴുലക്ഷം രൂപയ്ക്ക് മുകളിൽ വായ്പ എടുക്കുന്നവർക്ക് 0.5 ശതമാനമാണ് ടി.സി.എസ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ വിദേശത്തു പണം ചിലവാക്കുന്നതിനും, അടുത്ത ബന്ധുക്കൾക്കും, മറ്റുള്ളവർക്കും പണം അയച്ചു കൊടുക്കുന്നതിനും 20% ടി സി എസ് നൽകണം.
നിക്ഷേപ പദ്ധതികൾക്ക് ആധാർ
പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപം, മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ എന്നിവയിൽ പണം നിക്ഷേപിച്ചിട്ടുള്ളവർ ഒക്ടോബർ ഒന്നിനകം ആധാർ വിവരങ്ങൾ നൽകണം എന്നതാണ് മറ്റൊരു നിർദേശം. ബാങ്കിലോ പോസ്റ്റ്ഓഫീസിലോ എത്തി വിവരങ്ങൾ കൈമാറിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
മ്യൂച്വൽ ഫണ്ട്
നിലവിലുള്ള മ്യൂച്വൽ ഫണ്ട് ഫോളിയോകൾക്ക് നോമിനിയെ ചേർക്കാനുള്ള അവസാന തീയതി സെപ്തംബർ 30 ആണ്. രണ്ടുപേർ ഒരുമിച്ചുള്ള ഫണ്ടുകൾക്കും നോമിനി ചേർക്കണം. സെപ്തംബർ 30ന് ശേഷവും നോമിനി ചേർത്തില്ലെങ്കിൽ ഫണ്ടുകൾ മരവിപ്പിക്കും.
നിലവിലുള്ള ഡീമാറ്റ് ട്രേഡിംഗ് അക്കൗണ്ടുകളിൽ നോമിനിയുടെ പേര് ചേർക്കാനുള്ള സമയപരിധി സെപ്തംബർ 30ന് ആയിരുന്നത് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ ) ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.