നെയിൽ മൂപ്പിച്ച ഉള്ളിയുടെയും പലതരം മസാലകളുടെയും മണ്ണം ബിരിയാണി ചെമ്പ് തുറക്കുമ്പോൾ. മണം പിടിച്ച് ചെല്ലുമ്പോൾ കാണുക-ഹര്യാലി, മഹാരാജ, കൊയ്ലോൺ… പേര് കേട്ട് ഞെട്ടണ്ട, സംഗതി ബിരിയാണികൾ തന്നെ, നല്ല വെറൈറ്റി ബിരിയാണികൾ. തിരുവനന്തപുരത്തെ
yummyspot-ലാണ് ഈ വെറൈറ്റി ബിരിയാണികൾ കിട്ടുക.
തിരുവനന്തപുരം ശ്രീകാര്യം നാജ്മഹലിൽ നജിയ ഇർഷാദ് എന്ന വീട്ടമ്മയുടെ കൈപ്പുണ്യമറിയിക്കുന്ന ബിരിയാണികൾ. അഞ്ചു കൊല്ലം മുമ്പ് വീട്ടിൽ പൊതിച്ചോറിലായിരുന്നു തുടക്കം. ഇപ്പോൾ നിരവധി ആവശ്യക്കാർ നല്ല ബിരിയാണി തേടിയെത്തുന്നു. അതുവഴി നല്ലൊരു തുക വരുമാനവുമുണ്ടാക്കുന്നു.
സി.എ കോഴ്സ് ചെയ്യവേ ഇരുപതാം വയസിലായിരുന്നു വിവാഹം. ഇരുപത്തിനാലാം വയസിൽ അമ്മയുമായി. കൈക്കുഞ്ഞിനു വേണ്ടി തയ്യാറാക്കിയ ഏത്തയ്ക്കാ പൊടിയാണ് മനസ്സിൽ ഒരു സംരംഭമെന്ന തോന്നലുണ്ടാക്കിയത്. പരിചയക്കാർക്ക് ഏത്തക്ക പൊടി ജാറിലാക്കി വിറ്റു. ഒപ്പം പൊതിച്ചോർ വില്പനയും. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും പൊതിച്ചോറിനൊപ്പം ബിരിയാണിയിലും കൈവെച്ചു.
ബിരിയാണി ഏറെ ഇഷ്ടപെടുന്നവർക്ക് എരിവും മസാലയും കൂടുതൽ വേണം. ചിലർക്ക് എരിവ് കുറച്ചു മതി. സാദാ ബിരിയാണിയിൽ നിന്ന് വെറൈറ്റിയിലേക്ക് പോയത് അങ്ങനെയാണ്. മസാലക്കൂട്ടിന്റെ രുചിവ്യത്യാസമനുസരിച്ച് വിവിധ പേരുകളിൽ തയ്യാറാക്കി. എല്ലാം ഹിറ്റായി.
തുടക്കത്തിൽ ചിക്കൻ ബിരിയാണിയ്ക്ക് 160 രൂപയായിരുന്നു വില. ഇപ്പോഴത് 180ൽ തുടങ്ങുന്നു. മട്ടൺ ബിരിയാണിക്ക് 285 മുതലും. 200 രൂപയ്ക്ക് ബീഫ് ബിരിയാണിയുമുണ്ട്.
സ്വന്തം കാലിൽ നിൽക്കാനും കുറച്ചു പേർക്ക് തൊഴിൽ നൽകാനും സാധിച്ചു എന്നതിലാണ് നജിയക്ക് അഭിമാനം. നജിയ ബിരിയാണിക്കച്ചവടം തുടങ്ങുമ്പോൾ ശ്രീകാര്യത്തെ വാടക വീട്ടിലായിരുന്നു താമസം. ഇന്ന് ശ്രീകാര്യത്ത് നാജ് മഹൽ എന്ന വീടായി. അടുക്കളയിൽ മാത്രം അഞ്ച് ജീവനക്കാർ. ഡെലിവറിക്ക് 14 പേർ. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ബിരിയാണി വില്പന. സഹോദരിയുടെ വിവാഹം നടത്തി. ഭർത്താവ് ടെക്നോപാർക്കിലെ ജീവനക്കാരൻ ഇർഷാദ്, മകൻ യു.കെ.ജി വിദ്യാർത്ഥി ഇഹാൻ എന്നിവരുമുണ്ട് കൂട്ടിന്.
തിരുവനന്തപുരത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും നജിയയുടെ ബിരിയാണിയെത്തും. വാട്ട്സാപ്പിൽ 15000ലേറെ പേരുടെ കോൺടാക്ടുണ്ട്. ഫോണിലൂടെയും സ്വിഗിയിലൂടെയും ഓർഡർ ചെയ്യുന്നവരാണ് അധികവും. ആത്മാർത്ഥതയുണ്ടെങ്കിൽ ഏതു കാര്യവും വിജയിക്കും; നജിയ ഉറപ്പു നൽകുന്നു
സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി നജിയക്കും ഉണ്ട് ചില നുറുങ്ങു ഉപദേശങ്ങൾ.
“നിങ്ങളുടെ കഴിവിനെ പ്രോഡക്ട് ആക്കുക. ഏറ്റവും കുറഞ്ഞ നിക്ഷേപത്തെ ആശ്രയിക്കുക, ഏതു പ്ലാറ്റ്‌ഫോമിലാണ് നിങ്ങൾക്ക് ഉത്പന്നങ്ങൾ എത്തിക്കേണ്ടത് എന്ന് ശ്രദ്ധയോടെ തിരഞ്ഞെടുക്കുക”.
ഒരു ബിസിനസ് ബ്രാൻഡ് വളർത്താൻ വേണ്ട 3 കാര്യങ്ങൾ നജിയ നൽകുന്നു.
1.നിങ്ങളുടെ ബിസിനസിന്റെ ഫൈനൽ ഡിസിഷൻ മേക്കർ നിങ്ങൾ തന്നേ ആകുക .
2.പലതവണ തോൽവി നിങ്ങളെ തേടി വരും നിങ്ങൾ തളർന്നു പോകും പക്ഷെ വിട്ടു കൊടുക്കരുത് .വിജയിക്കും വരെ പൊരുതുക .
3.നിങ്ങളുടെ ഐഡന്റിറ്റി ആയി നിങ്ങളുടെ പേരിനേക്കാളും കൂടുതൽ നിങ്ങളുടെ ബിസിനസ് ബ്രാൻഡ് നെയിം ഉപയോഗിക്കുക..