ഹോട്ടല്‍-റിസോര്‍ട്ട് മുറികളില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ കുമരകം ഒന്നാമതെന്ന് സര്‍വേ റിപ്പോര്‍ട്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ലഭ്യമായ താമസസൗകര്യത്തിൽ നിന്നുള്ള വരുമാനം മുന്‍നിര്‍ത്തിയുള്ള ദേശീയ സര്‍വേയില്‍ കേരളത്തിന്റെ കുമരകം ഒന്നാമത്. ഹോട്ടല്‍ മുറികളില്‍ നിന്ന് കൂടുതല്‍ ശരാശരി വരുമാനം ലഭിക്കുന്ന ജനപ്രിയ വിനോദകേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട സര്‍വേയിലാണ് കുമരകത്തിന് നേട്ടം. ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ‘റെവ്പര്‍’ മാനദണ്ഡമാക്കി് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഹോട്ടലിവേറ്റാണ് സര്‍വേ നടത്തിയത്.

‘ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി ട്രെന്‍ഡ്സ് ആന്‍ഡ് ഓപ്പര്‍ച്യുണിറ്റീസ്’ എന്ന സര്‍വേയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സര്‍വേ റിപ്പോര്‍ട്ടിന്‍റെ 26-ാം പതിപ്പിലെ വിവരങ്ങള്‍ അനുസരിച്ച്  2022-23 സാമ്പത്തിക വര്‍ഷത്തില്‍ കുമരകത്തെ ഹോട്ടല്‍-റിസോര്‍ട്ട് മുറികളില്‍ നിന്നുള്ള ശരാശരി വരുമാനം 11,758 രൂപയാണ്. റെവ്പര്‍ മാനദണ്ഡമനുസരിച്ചു 10,506 രൂപ വരുമാനമുള്ള ഋഷികേശാണ് രണ്ടാം സ്ഥാനത്ത്.

മികച്ച 15 ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ കോവളം മൂന്നാം സ്ഥാനത്തുണ്ട്. 9,087 രൂപയാണ് കോവളത്തെ ഹോട്ടല്‍ മുറികളിലൊന്നില്‍ നിന്ന് റെവ്പര്‍ മാനദണ്ഡമനുസരിച്ച് ലഭിക്കുന്ന ശരാശരി വരുമാനം. മുംബൈ (7,226 രൂപ), ഡല്‍ഹി (6,016 രൂപ) എന്നീ മെട്രോകള്‍ സർവേയിൽ യഥാക്രമം ആറ്, പതിനൊന്ന് സ്ഥാനങ്ങളിലാണ്.

പട്ടികയിലെ ആദ്യ 15 സ്ഥാനങ്ങളില്‍ ശ്രീനഗര്‍ (4), ഉദയ്പൂര്‍ (5), ഗോവ (7), മുസ്സൂറി (8), രണ്‍തംബോര്‍ (9), മഹാബലേശ്വര്‍ (10), ഷിംല (12), വാരണാസി (13), ഊട്ടി (14), ലോണാവ്ല (15) എന്നിവയാണുള്ളത്.

സ്റ്റാര്‍ കാറ്റഗറി, അഡ്മിനിസ്ട്രേറ്റീവ് സോണുകള്‍, 20 പ്രധാന ഹോട്ടല്‍ മാര്‍ക്കറ്റുകള്‍ എന്നിവയെ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിനായി രാജ്യത്തെ 1,540 ഹോട്ടലുകളിലെ 1,65,172 മുറികളെ പരിഗണിച്ചിരുന്നു. താമസം ഉള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ മുറികളേയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി.

കേരളത്തിന്റെ അഭിമാന കുമരകം

വേമ്പനാട് കായലിനോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കനാലുകളും കായലുകളും നിറഞ്ഞ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. ആഗോളതലത്തില്‍ അംഗീകാരം നേടിയ കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കുമരകത്തിന്‍റെ പൈതൃകത്തിനും അവിടുത്തെ ജനങ്ങളുടെ ജീവിതശൈലിയ്ക്കുമൊക്കെ വലിയ പ്രാധാന്യമുണ്ട്.

ഈ വര്‍ഷമാദ്യം കുമരകത്ത് ജി 20 രാജ്യങ്ങളിലെ ഷെര്‍പ്പകളുടെ യോഗം സംഘടിപ്പിച്ചിരുന്നു. അതോടെ കുമരകം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയിലെത്തിയിരുന്നു. വെള്ളപ്പൊക്കവും കോവിഡും സംസ്ഥാനത്തിന്‍റെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിട്ടും ഈ നേട്ടത്തിലേക്ക് എത്താനായെന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ വിനോദസഞ്ചാര മേഖല വന്‍വളര്‍ച്ചയുടെ പാതയിലാണെന്ന് സര്‍വേയിലൂടെ വ്യക്തമാകുന്നതായി മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡ് മഹാമാരിയിലൂടെ ടൂറിസം മേഖലയ്ക്കുണ്ടായ മാന്ദ്യത്തില്‍ നിന്ന് കേരള ടൂറിസം പൂര്‍ണമായും കരകയറിയതിന്‍റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version