ഓഗസ്റ്റിൽ രാജ്യത്തേക്കെത്തിയ വിദേശ നിക്ഷേപ ഒഴുക്കിൽ 123 ശതമാനം വർദ്ധന.
മുൻവർഷം ഇതേ കാലയളവിനേക്കാൾ 123 ശതമാനം വർദ്ധനയാണുണ്ടായതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ വ്യവസായ മേഖലയിലേക്ക് വിദേശ നിക്ഷേപം ഗണ്യമായി ഒഴുകുന്നു എന്ന നല്ല സൂചനയാണിത്. പോർട്ട് ഫോളിയോ നിക്ഷേപം, ഏറ്റെടുക്കലുകളും ലയനങ്ങളും അടക്കം നേരിട്ടുള്ള നിക്ഷേപം എന്നിവയുടെ രൂപത്തിലാണ് വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വരുന്നത്.
അദാനി ഗ്രൂപ്പിന്റെ അദാനി പവറിൽ ജിക്യുജി പാർട്ടണേഴ്സ് നടത്തിയ 180 കോടി ഡോളറിന്റെ നിക്ഷേപമാണ് ആഗസ്റ്റിലെ വിദേശ പണമൊഴുക്ക് കുത്തനെ കൂടാൻ ഇടയാക്കിയത്. ആഗസ്റ്റിൽ മൊത്തം 520 കോടി ഡോളറിന്റെ വിദേശ മൂലധന നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. ഇതിൽ ബഹു ഭൂരിപക്ഷവും അടിസ്ഥാനസൗകര്യ വികസന രംഗത്താണ് ലഭിച്ചത്. റീട്ടെയ്ൽ വ്യാപാരം, കൺസ്യൂമർ പ്രോഡക്റ്റ്സ് തുടങ്ങിയ മേഖലകളിലേക്കും വൻതോതിൽ വിദേശ നിക്ഷേപം ഒഴുകിയെത്തുകയാണ്.
അതേസമയം സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിൽ നിക്ഷേപം കാര്യമായിട്ടില്ല. മുൻനിര സ്റ്റാർട്ടപ്പുകളായ ബൈജൂസ്, നൈക്ക, സ്വീഗി, സൊമാറ്റോ തുടങ്ങിയവയിൽ നിക്ഷേപം നടത്തിയ പല പ്രമുഖ വിദേശ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടർമാർക്കും വിപണി തിരിച്ചടിയാണ് നൽകിയത്. അത് കൊണ്ട് തന്നെ ഈ മേഖലയിലേക്ക് പണമൊഴുക്ക് മന്ദഗതിയിൽ തുടരുകയാണ്.
ഇലക്ട്രോണിക്സ് – ഡിജിറ്റൽ ഉത്പന്നങ്ങൾ, സെമി കണ്ടക്റ്റർ ചിപ്പുകൾ, ഹരിത ഇന്ധനം, ഇ-വാഹനങ്ങൾ, ഓട്ടോമൊബൈൽ , റീട്ടെയ്ൽ തുടങ്ങിയ മേഖലകളിലേക്ക് മുമ്പൊരിക്കലുമില്ലാത്ത വിധത്തിലാണ് വിദേശ നിക്ഷേപം ലഭിക്കുന്നത്.
സിംഗപ്പൂർ, അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ മേഖലകളിൽ നിന്നാണ് വലിയ തോതിൽ ഇന്ത്യൻ വ്യവസായ മേഖലയിലേക്ക് മൂലധന നിക്ഷേപം എത്തുന്നത്. സിംഗപ്പൂരിൽ നിന്ന് മാത്രം 1900 കോടി ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞ മാസങ്ങളിൽ ലഭിച്ചത്. മൗറീഷ്യസിൽ നിന്നും 620 കോടി ഡോളറും അമേരിക്കയിൽ നിന്നും 600 കോടി ഡോളറും വ്യവസായ നിക്ഷേപം ലഭിച്ചു.
2024 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സാമ്പത്തിക മേഖല അഞ്ച് ലക്ഷം കോടി ഡോളർ മൂല്യം നേടുമെന്ന വിലയിരുത്തലാണ് ആഗോള രംഗത്ത് ഇന്ത്യയുടെ സാധ്യതകൾ ഉയർത്തുന്നത്.
തുറമുഖങ്ങൾ, റോഡുകൾ, റെയിൽ പ്രോജക്ടുകൾ, ഗ്രീൻഫീൽഡ് എയർപോർട്ടുകൾ എന്നിവയിലും നിക്ഷേപിക്കാൻ വിദേശ കമ്പനികൾ മികച്ച താത്പര്യം പ്രകടിപ്പിക്കുന്നു എന്നാണ് കേന്ദ്ര റിപ്പോർട്ടുകൾ.
രാജ്യത്തെ സാമ്പത്തിക മേഖലയുടെ വളർച്ച, ഉയർന്നു വരുന്ന ആഭ്യന്തര ഉപഭോഗം എന്നിവയാണ് വിദേശ മുൻ നിര കോർപ്പറേറ്റ് സ്ഥാപനങ്ങൾ മുതൽ ഇടത്തരം വ്യവസായികളെ വരെ ഇന്ത്യയിൽ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
In August, India saw a remarkable 123 percent increase in foreign investment, largely due to GQG Partners’ $1.8 billion investment in Adani Power. The total foreign capital inflow reached $5.2 billion, with infrastructure development as the primary recipient. While startup investments faced challenges, sectors like electronics, green fuel, and retail attracted significant foreign capital. Major contributions came from Singapore, the United States, and the European Union, and India’s financial sector is set to reach $5 trillion by 2024, strengthening its global presence.