ഇംഗ്ലീഷുകാരുടെ പുകവലി നിർത്തിപ്പിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടനിൽ സിഗരറ്റ് വാങ്ങാനുള്ള പ്രായം കൂട്ടാനുള്ള ഒരുക്കത്തിലാണ് സുനക്. അടുത്ത വർഷത്തോടെ സിഗരറ്റ് വാങ്ങുന്നതിനുള്ള പ്രായം കൂട്ടി തുടങ്ങും. നിലവിൽ ബ്രിട്ടണിൽ പുകയിലയോ പുകയില ഉത്പന്നങ്ങളോ വാങ്ങണമെങ്കിൽ 18 വയസ്സ് പൂർത്തിയാകണം. നിയമപരമായി സിഗരറ്റ് വാങ്ങാനുള്ള പ്രായം ഓരോ വർഷവും കൂട്ടാനാണ് സുനകിന്റെ തീരുമാനം. പതിയെ സിഗരറ്റിനെ ബ്രിട്ടനിൽ നിന്ന് തുരത്തുകയാണ് ലക്ഷ്യം.
എല്ലാവർക്കും കൊടുക്കണ്ട,
കൗമാരക്കാരിലെ പുകവലി നിർത്താൻ ശ്രമിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ ഋഷി സുനക് പറഞ്ഞിരുന്നു. അതിന്റെ ആദ്യ പടിയാണ് പ്രായം കൂട്ടാനുള്ള തീരുമാനം. പാർലമെന്റ് നിയമം പാസാക്കിയാൽ ഇംഗ്ലണ്ടിലെ കൗമാരക്കാർക്ക് സിഗററ്റ് അപ്രാപ്യമാകും. ഇതിന് പുറമേ കുട്ടികൾക്ക് ഇ-സിഗററ്റ് വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കുട്ടികൾക്കിടയിലെ ഇ-സിഗററ്റ് ഉപയോഗം മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്.
സിഗരറ്റ് വാങ്ങുന്നതിനുള്ള പ്രായം കൂട്ടണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചാൽ ഇംഗ്ലണ്ടിന്റെ കൗമാരക്കാരെ പുകവലിയിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രായം വർഷം തോറും കൂട്ടുന്നതോടെ 14 വയസ്സിനും അതിന് താഴെയുള്ളവർക്കും സിഗററ്റ് ഒരുവട്ടം പോലും ഉപയോഗിക്കാനുള്ള അവസരം ഇനിയുണ്ടാകില്ല. അതേസമയം പുകവലി ക്രിമിനൽ കുറ്റമാക്കുകയല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. നിലവിൽ സിഗററ്റ് വാങ്ങുന്നവരെ ഭാവിയിൽ തടയുകയുമില്ല. ഇംഗ്ലണ്ടിലെ ചെറുപ്പക്കാരിൽ പുകവലിയുടെ ദുഃശ്ശീലം ഉണ്ടാക്കാതിരിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
കൗമാരപ്രായത്തിലാണ് മിക്കവരും പുകവലി തുടങ്ങുന്നത്. രാജ്യത്ത് പുകവലി ശീലമുള്ള അഞ്ചിൽ നാലുപേരും അവരുടെ 20-കളിലാണ് പുകവലിച്ച് തുടങ്ങുന്നതെന്നാണ് കണക്ക്. ആ സൈക്കിൾ ഇവിടെ അവസാനിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് സുനക് പറഞ്ഞിരുന്നു.
ഞെട്ടി ബ്രാൻഡുകളും
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ആദ്യം ഞെട്ടിയത് പുകയില കമ്പനികളാണ്. പ്രമുഖ പുകയില ബ്രാൻഡുകൾക്കെല്ലാം ഷെയർമാർക്കറ്റിൽ നഷ്ടം നേരിട്ടു. പ്രസ്താവനയുടെ തൊട്ടു പിന്നാലെ ഡൺഹിൽ ആൻഡ് ലക്കി സ്ട്രൈക്കിന്റെ (Dunhill and Lucky Strike) ഷെയറിൽ 1% ഇടിവ് വന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചപ്പോൾ ഇംപീരിയൽ ബ്രാൻഡുകളുടെ ഷെയർ 2.4% ആണ് ഇടിഞ്ഞത്.
1970-കളുമായി തട്ടിച്ചുനോക്കുമ്പോൾ യു.കെയിൽ സിഗററ്റ് വലിക്കുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. നിലവിൽ ജനസംഖ്യയുടെ 13% മാത്രമാണ് പുവലിക്കാരുള്ളത്. അതായത് 6.4 മില്യൺ ആളുകൾ. ഈ സംഖ്യയും കുറച്ചു കൊണ്ടുവരികയാണ് സുനകിന്റെ സർക്കാർ ലക്ഷ്യം വെക്കുന്നത്. ബ്രിട്ടനിൽ പുകയിലയോ പുകയില ഉത്പന്നങ്ങളോ വാങ്ങാനുള്ള പ്രായം 2007 വരെ 16 ആയിരുന്നു. പ്രായം കൂട്ടിയത് 30% ആളുകളെ പുകവലിയിൽ നിന്ന് എന്നന്നേക്കുമായി പിന്തിരിപ്പിച്ചുവെന്നാണ് കണക്ക്.
In a groundbreaking announcement at the annual Conservative Party conference, UK Prime Minister Rishi Sunak revealed his vision for a smoke-free future in England. His proposal aims to incrementally raise the legal age for purchasing cigarettes, year by year, until it becomes illegal for the entire population. The primary goal is to phase out smoking among young people and ultimately eliminate it altogether.