Apple ഐഫോൺ 15 സീരീസ് ഫോണുകൾക്ക് കടുത്ത വെല്ലുവിളിയുയർത്തി Google പിക്സൽ 8, പിക്സൽ 8 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഈ രണ്ട് പുതിയ 5ജി ഫോണുകളും പുതിയ ഗൂഗിൾ ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റും മികച്ച ക്യാമറകളുമായാണ് വരുന്നത്. ഏഴ് വർഷത്തെ സുരക്ഷാ അപ്ഗ്രേഡുകളും ഒഎസ് അപ്ഡേറ്റുമാണ് ഈ ഫോണുകൾക്ക് ലഭിക്കുക. പുതിയ പിക്സൽ ഫോണുകൾ ഐഫോൺ 15 സീരീസ്, സാംസങ് ഗാലക്സി എസ്23 സീരീസ് ഫോണുകളുമായി മത്സരിക്കും.
വില ഒരു ലക്ഷം കടക്കുന്ന Google Pixel 8 Pro
ഡിസൈനിന്റെ കാര്യത്തിൽ മുൻതലമുറ മോഡലിൽ നിന്നും വലിയ മാറ്റങ്ങളില്ല. ഗൂഗിളിന്റെ ടെൻസർ ജി3 ചിപ്സെറ്റാണ് പ്രോയുടെ കരുത്ത്.
6.7 ഇഞ്ച് ക്യുഎച്ച്ഡി+ 120 ഹെർട്സ് LTPO ഒഎൽഇഡി ഡിസ്പ്ലയുമായിട്ടാണ് Google Pixel 8 Pro സ്മാർട്ട്ഫോൺ വരുന്നത്. പിക്സൽ 8 പ്രോ സ്മാർട്ട്ഫോണിന് 1,06,999 രൂപയാണ് വില. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 10.5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. പിന്നിൽ OiS ഉള്ള 50 മെഗാപിക്സൽ ഫേസ്-ഡിറ്റക്റ്റ് ഓട്ടോഫോക്കസ് വൈഡ് ക്യാമറ, പുതിയ 48 മെഗാപിക്സൽ ക്വാഡ്-പിഡി അൾട്രാവൈഡ് സെൻസർ, 30X സൂപ്പർ-റെസ് ഡിജിറ്റൽ സൂമുള്ള 48 മെഗാപിക്സൽ ക്വാഡ്-പിഡി 5x സൂം ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെൻസറുകളാണുള്ളത്.
27W ഫാസ്റ്റ് വയേഡ് ചാർജിങ് സപ്പോർട്ടുള്ള 4,575mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. 18W വയർലെസ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.
Apple iPhone 15 Proയിലും google നൽകുന്ന പോലെ സമാനമായ 48MP മെയിൻ ക്യാമറ 2x ടെലിഫോട്ടോ ഓപ്ഷൻ എന്നിവയടക്കമുള്ള ട്രിപ്പിൾ കാമറ സെൻസറുകൾ ഉണ്ട്.
കരുത്തിൽ ഒട്ടും പിന്നിലല്ല Google Pixel 8
സ്വിഫ്റ്റ് ഫയൽ ആക്സസിനായി ഏറ്റവും പുതിയ UFS 4.0 സ്റ്റോറേജുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് ഗൂഗിളിന്റെ ടെൻസർ ജി3 ചിപ്സെറ്റാണ്.
പിക്സൽ 8 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 75,999 രൂപ മുതലാണ്. സ്മാർട്ട്ഫോണിൽ 6.2 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലെയ്ക്ക് സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് വിക്ടസും നൽകിയിട്ടുണ്ട്. കോംപാക്ട് ഫോൺ വലിപ്പവും ഡിസൈനുമാണ് ഫോണിലുള്ളത്.