പടിഞ്ഞാറൻ ഡൽഹി ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന്റെ ക്രിപ്റ്റോകറൻസി ഹോൾഡിംഗിൽ നിന്ന് 4 കോടി രൂപ മോഷ്ടിക്കപ്പെട്ടു. ആ തുക ചെന്നെത്തിയത് പലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡുകളുമായി ബന്ധമുള്ള വാലറ്റുകളിലേക്ക്.
ഡൽഹി പോലീസിന്റെ പ്രത്യേക സെൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ക്രിപ്റ്റോകറൻസി മോഷണത്തിന്റെ കൂടുതൽ ഇടപാടുകൾ കണ്ടെത്തി. ഇന്ത്യൻ വാലറ്റുകളിൽ നിന്ന് ഹമാസുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്ത ക്രിപ്റ്റോ പണം ഒഴുകിയതായും കണ്ടെത്തി.
ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പങ്കിട്ട വിവരങ്ങളാണ് വാലറ്റുകളുടെ ഐഡി കണ്ടെത്തുന്നതിലേക്കു നയിച്ചത്. ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ & സ്ട്രാറ്റജിക് ഓപ്പറേഷൻസ് പ്രത്യേക സെൽ യൂണിറ്റ് ഇന്ത്യയിൽ നിന്ന് ബിറ്റ്കോയിനും എതെറിയം ആസ്തികളും സ്വീകരിച്ചതും, ഹമാസിന്റെ സൈബർ ഭീകരവാദ വിഭാഗം പ്രവർത്തിപ്പിക്കുന്നതുമായ നിരവധി വാലറ്റുകൾ തിരിച്ചറിഞ്ഞു.ഇതോടോയാണ് ഹമാസ് ബന്ധം കണ്ടെത്താനായത്.
ഇപ്പോഴത്തെ അനധികൃത ഇടപാടിൽ മൂന്ന് വാലറ്റുകൾ ഉൾപ്പെടുന്നു, അതിലൊന്ന് ഹമാസുമായി ബന്ധപ്പെട്ടതാണ്, ഇത് ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് സ്ഥിരീകരിച്ചു.
ഈ വാലറ്റ് വിലാസങ്ങളിൽ പലതും ഹമാസിന്റെ ഇസ് അൽ-ദിൻ അൽ-ഖസ്സാം ബ്രിഗേഡുകളുമായി ബന്ധപ്പെട്ടവയാണ്, ഇവ ഇസ്രായേലിന്റെ നാഷണൽ ബ്യൂറോ ഫോർ കൗണ്ടർ ടെറർ ഫിനാൻസിംഗ് പിടിച്ചെടുത്തു.
ടെൽ അവീവ് ആസ്ഥാനമായുള്ള ക്രിപ്റ്റോ അനലിറ്റിക്സ് ആൻഡ് സോഫ്റ്റ്വെയർ സ്ഥാപനം ബിറ്റോക്ക് നൽകുന്ന വിവരങ്ങൾ പ്രകാരം 2021 ഓഗസ്റ്റിനും 2023 ജൂണിനും ഇടയിൽ ഹമാസുമായി ബന്ധമുള്ളവരുടെ ക്രിപ്റ്റോകറൻസി വാലറ്റുകളിലേക്ക് 41 മില്യൺ അനധികൃതമായി എത്തിയിട്ടുണ്ട്.
ഹമാസുമായി ബന്ധിപ്പിച്ചിട്ടുള്ള നിരവധി ക്രിപ്റ്റോകറൻസി വാലറ്റുകൾ മരവിപ്പിച്ചുകൊണ്ട് ഇസ്രായേൽ ഏജൻസികൾ സജീവമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് ദുബായ് ആസ്ഥാനമായുള്ള ക്രിപ്റ്റോ റിസർച്ച് സ്ഥാപനമായ CREBACO ഗ്ലോബലിന്റെ സ്ഥാപകനും സിഇഒയുമായ സിദ്ധാർത്ഥ് സോഗാനി പറഞ്ഞു. ഇറാൻ, ഹോങ്കോംഗ്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഫണ്ടുകൾ ഗെയ്ൻബിറ്റ്കോയിൻ, ബിറ്റ്കണക്റ്റ് എന്നിവ പോലെ കോടിക്കണക്കിന് മൂല്യമുള്ള നിരവധി ക്രിപ്റ്റോ അഴിമതികൾ മുഖേനെ അനധികൃതമായി എത്തിയിട്ടുണ്ട്. ഇടപാടുകൾ എളുപ്പത്തിൽ നടത്താൻ കഴിയും എന്നതാണ് ക്രിപ്റ്റോയുടെ മേന്മ. റിപ്പോർട്ട് ചെയ്യപ്പെട്ട ഇടപാടുകൾ മിക്കതും ഒരു ഊഹക്കച്ചവടമായിരിക്കാം. അവ നിലവിൽ ഇന്ത്യൻ ക്രിപ്റ്റോ കമ്മ്യൂണിറ്റിയുമായി കൃത്യമായി ബന്ധപ്പെട്ടിട്ടില്ലെന്നും സിദ്ധാർത്ഥ് സോഗാനി വിലയിരുത്തുന്നു.
ഇസ്രായേലിന്റെ ക്രിപ്റ്റോ പ്രതിരോധം
ഫലസ്തീൻ ഗ്രൂപ്പായ ഹമാസുമായി ബന്ധമുള്ള ക്രിപ്റ്റോകറൻസി അക്കൗണ്ടുകൾ ഇസ്രായേൽ പോലീസ് മരവിപ്പിച്ചു കഴിഞ്ഞു . ഇസ്രായേൽ പോലീസിന്റെ സൈബർ യൂണിറ്റ് പ്രതിരോധ മന്ത്രാലയവുമായും രഹസ്യാന്വേഷണ ഏജൻസികളുമായും സഹകരിച്ച് ഇതുവരെ ഇത്തരം 433 വാലറ്റുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഈ നടപടികളിലൂടെ പിടിച്ചെടുത്ത ഫണ്ടുകൾ ഇസ്രായേൽ ദേശീയ ട്രഷറിയിലേക്ക് അയയ്ക്കും.
ദുരന്ത പുനരധിവാസത്തിനും ക്രിപ്റ്റോ
അതേസമയം, ഇസ്രായേലിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിൽ, പ്രാദേശിക ക്രിപ്റ്റോ കമ്മ്യൂണിറ്റി “ക്രിപ്റ്റോ എയ്ഡ് ഇസ്രായേൽ” പ്രോഗ്രാം ആരംഭിച്ചു. ഇത് സംഘട്ടനത്താൽ കുടിയൊഴിപ്പിക്കപ്പെട്ട പൗരന്മാരെ സഹായിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചിരിക്കുന്നത് . BTC, ETH, USDT, USDC എന്നിവയുൾപ്പെടെ വിവിധ ക്രിപ്റ്റോകറൻസികൾ സ്വീകരിക്കുന്നതിന് അവർ ഒരു മൾട്ടി-സിഗ്നേച്ചർ വാലറ്റ് ഉപയോഗിക്കുന്നു.
മുമ്പ് റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്ത് ഇത്തരത്തിൽ സഹായമായി ബിറ്റ്കോയിൻ, എതെറിയം എന്നിവയിലൂടെ ഏകദേശം 70 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ സംഭാവന ഉക്രെയ്നിന് ലഭിച്ചിരുന്നു.