ഗൂഗിളിന്റെ പുതിയ പിക്സൽ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗൂഗിൾ പിക്സൽ വാച്ച് 2 – Google Pixel Watch 2 – എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്. മുൻതലമുറ മോഡലിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് പുതിയ പിക്സൽ വാച്ച് വരുന്നത്.
ഗൂഗിൾ പിക്സൽ വാച്ച് 2 മോഡലിൽ ഒപ്റ്റിക്കൽ ഹാർട്ട്ബീറ്റ്, സ്ട്രെസ് ലെവൽ ട്രാക്കിങ്, ബ്ലഡ്-ഓക്സിജൻ സെൻസറുകൾ എന്നിവയ്‌ക്കൊപ്പം ഉറക്കത്തിന്റെ ഗുണനിലവാരം അറിയാനുള്ള സംവിധാനങ്ങളും ഉണ്ട്. വെള്ളത്തെ പ്രതിരോധിക്കാൻ പിക്സൽ വാച്ച് 2 സ്മാർട്ട് വാച്ചിൽ 5ATM/IP68 റേറ്റിങ് നൽകിയിട്ടുണ്ട്. പൊടിയിൽ നിന്നും സംരക്ഷണമുണ്ട്. നീന്തുമ്പോൾ പോലും വാച്ച് ഉപയോഗിക്കാമെന്നാണ് ഈ റേറ്റിംഗിന്റെ സവിശേഷത.
മുൻതലമുറ പിക്സൽ വാച്ചിലുണ്ടായിരുന്ന എക്‌സിനോസ് 9110 ചിപ്പ്സെറ്റിന് പകരം 2 ജിബി റാമിൽ സ്‌നാപ്ഡ്രാഗൺ W5+ ജെൻ 1 ചിപ്പാണ് സ്മാർട്ട് വാച്ച്2 വിൽ ഉള്ളത്. ഈ പുതിയ ചിപ്‌സെറ്റ് കൂടുതൽ മികച്ച പെർഫോമൻസും കാര്യക്ഷമതയും നൽകുന്നു. ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേ ഫീച്ചർ എനേബിൾ ചെയ്താലും 24 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ബാറ്ററി ശേഷി 306mAh തന്നെയാണ്.
പുതിയ ഗൂഗിൾ പിക്സൽ വാച്ച് 2ന് ഇന്ത്യയിൽ 39,900 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ സ്മാർട്ട് വാച്ച് കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഗൂഗിൾ അടുത്തിടെ ഇറക്കിയ പിക്സൽ 8 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് പുതിയ പിക്സൽ സ്മാർട്ട് വാച്ച് ഡിസ്കൗണ്ട് വിലയിൽ ലഭിക്കും. ഫോണിനൊപ്പം വാച്ച് വാങ്ങുമ്പോൾ വാച്ചിന് 19,999 രൂപയാണ് വില. പോളിഷ്ഡ് സിൽവർ/ബേ, മാറ്റ് ബ്ലാക്ക്/ഒബ്സിഡിയൻ, മറ്റ് കളർ ഓപ്ഷനുകളിൽ പിക്സൽ വാച്ച് 2 ലഭ്യമാകും. സ്മാർട്ട് വാച്ചിന്റെ പ്രീ ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഈ വാച്ച് വിൽപ്പനയ്ക്കെത്തുന്നത്.
41 എംഎം വലിപ്പത്തിലുള്ള ഓപ്ഷനിലാണ് ഗൂഗിൾ പിക്സൽ വാച്ച് 2 വരുന്നത്. 384 x 384 പിക്സൽ റെസല്യൂഷനോടുകൂടിയ 1.2 ഇഞ്ച് വൃത്താകൃതിയിലുള്ള ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ വാച്ചിലുള്ളത്. മുൻതലമുറ മോഡലിനെ അപേക്ഷിച്ച് കുറഞ്ഞ റെസലൂഷനാണെങ്കിലും പുതിയ ഡിസ്‌പ്ലേ ഉപയോക്താക്കൾക്ക് മികച്ച ടച്ച്റസ്പോൺസ് നൽകും.