ചില ചോദ്യങ്ങൾ ചോദിക്കാൻ ആളുകൾക്ക് പേടിയാണ്, മടിയാണ്. മറ്റുള്ളവർ എന്ത് വിചാരിക്കും, അങ്ങനെ ചോദിക്കുന്നത് മോശമാണോ, മണ്ടത്തരമായി പോയാലോ, ഇത്രയും ചിന്തകൾ മതി പിന്തിരിയാൻ. അല്ലെങ്കിൽ ഗൂഗിളിനോട് ചോദിക്കും. ഗൂഗിൾ തരുന്ന ഉത്തരം കൊണ്ട് തൃപ്തരാകും. ഇവിടെയാണ് മീ (ME) നിങ്ങൾക്ക് തുണയാകുന്നത്.
സമൂഹത്തിന് മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയാണ് മീ അഥവാ മൈൻഡ് എംപവേർഡ്. മാനസിക ആരോഗ്യത്തിലൂടെ സാമൂഹിക ഉന്നമനം സാധ്യമാകുന്നത് എങ്ങനെയാണ് എന്ന് മീ പറഞ്ഞ് തരും. വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും എല്ലാം ഒരുപോലെ ആശ്രയിക്കാൻ പറ്റുന്ന തരത്തിലേക്ക് മീയെ എത്തിച്ചത് മായ മേനോനാണ്. നിരവധി പേർക്ക് താങ്ങും തണലുമായി മാറികൊണ്ടിരിക്കുന്ന മീയുടെ അത്താണി.
മാനസിക ആരോഗ്യത്തിന്റെ പ്രധാന്യം ആളുകളിലേക്ക് എങ്ങനെ എത്തിക്കാമെന്ന ചിന്തയാണ് മായയെ മീയിലേക്ക് എത്തിച്ചത്. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന സന്ദേഹമില്ലാതെ ഇവിടെ ആർക്കും എന്തും ചോദിക്കാം. 2020 ഒക്ടോബറിൽ ലോക മാനസികാരോഗ്യ ദിനത്തിലാണ് മീ യാത്ര തുടങ്ങുന്നത്, എല്ലാവരുടെയും മാനസികാരോഗ്യത്തിന് വേണ്ടി. സാങ്കേതിക വിപ്ലവത്തിന്റെ ലോകത്ത് പ്രശ്നങ്ങളും ഏറെയാണ്. മാനസിക ആരോഗ്യത്തിന് അത്രയേറെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് മായ മേനോൻ മീ തുടങ്ങുന്നത്.
വോയ്സ് യുവർ വറീസ് (Voice Your Worries)
നിങ്ങളെ അലട്ടുന്ന എന്തു പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്, അത് ഉറപ്പാക്കുകയാണ് മീയുടെ വോയ്സ് യുവർ വറീസ്. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് എന്തു സംശയങ്ങളും ഇവിടെ ചോദിക്കാം നിങ്ങൾ മറ്റുള്ളവർ എന്തുകരുതുമെന്ന പേടിയില്ലാതെ. ആരോടെങ്കിലുമല്ല, ചോദ്യങ്ങൾ ചോദിക്കുന്നത് മാനസിക ആരോഗ്യ വിദഗ്ധരോടാണ്.
അധ്യാപകർക്കും വിദ്യാർഥികൾക്കും
വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്ക് ചെറുതല്ല. ഇത് മീ കൃത്യമായി മനസിലാക്കുന്നു. വിദ്യാർഥികളുടെ മാനസിലുള്ളത് എന്താണെന്ന് മനസിലാക്കാൻ എപ്പോഴും അധ്യാപകർക്ക് കഴിഞ്ഞെന്ന് വരില്ല. അവർ എന്തിൽ കൂടിയാണ് കടന്ന് പോകുന്നത്, അവർക്ക് എന്തെങ്കിലും മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങൾ മനസിലാക്കാൻ അധ്യാപകരെ പ്രാപ്തരാക്കാനാണ് അധ്യാപക പരിശീലന പ്രോഗ്രാമുകളിലൂടെ മായ ശ്രമിക്കുന്നത്.
കൃത്യമായ ധാരണയുണ്ടെങ്കിൽ കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ അധ്യാപകർക്ക് തുടക്കത്തിൽ തന്നെ മനസിലാക്കാനും അതിന് പരിഹാരം കണ്ടെത്താനും സാധിക്കും.
സ്ത്രീകളാണ് ശക്തി
ഒരു കുടുംബത്തിന്റെ സന്തോഷത്തിന് അതിലെ സ്ത്രീകളുടെ സന്തോഷം പ്രധാനമാണ്. സ്ത്രീകളുടെ മാനസിക – ശാരീരിക ആരോഗ്യത്തിന് നിരവധി പ്രോഗ്രാമുകളാണ് മീ സംഘടിപ്പിക്കുന്നത്. ഹാർട്ട് ടു ഹാർട്ട് വിത്ത് എ ഗൈനക്കോളജിസ്റ്റിൽ (Heart to Heart with a Gynecologist) സ്ത്രീ ശരീരവുമായി ബന്ധപ്പെട്ട എന്തും സംശയങ്ങളും തുറന്ന് ചോദിക്കാം.
‘റെഡി ഫോർ ഷാദി’ (Ready for Shadi) വിവാഹവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി തരും. മാസത്തിൽ ഒരിക്കൽ ഓഫ്ലൈൻ സെഷനും നടത്തുന്നുണ്ട്. ഇത്തരം സെഷനുകളിൽ കാറ്ററിംഗിനും മറ്റും വീട്ടമ്മമാരെയാണ് മായ സമീപിക്കുക, ഇതിലൂടെ അവർക്ക് ഒരു വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. ഐഡി കാർഡുകൾക്ക് പകരം വീട്ടമ്മമാരുണ്ടാക്കുന്ന ഫ്രണ്ട്ഷിപ്പ് ബാന്റും, തുണിയിലെ ബാനറുമെല്ലാമാണ് സ്ഥിരമായി പരിപാടികളിൽ ഉണ്ടാവുക. അത് വീട്ടമ്മമാർക്ക് വരുമാനം ഉറപ്പാക്കും. സ്ത്രീകളുടെയും മറ്റും മാനസിക ആരോഗ്യത്തിന് മാത്രമല്ല മീ പ്രാധാന്യം നൽകുന്നത്, അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയും മീയുടെ ലക്ഷ്യമാണ്. കഴിഞ്ഞ രണ്ടര വർഷമായി ഇതിനുള്ള പരിശ്രമത്തിലാണ് മീ. കഴിഞ്ഞ രണ്ടര വർഷമായി എല്ലാ ആഴ്ചയും മീ ഇതിനായി വെബിനാറുകൾ സംഘടിപ്പിക്കുന്നു, മുടങ്ങാതെ.