അടിസ്ഥാന ഫീച്ചറുകൾക്കും തുക ഈടാക്കാൻ എക്സ് (X). അടിസ്ഥാന ഫീച്ചറുകൾക്ക് വാർഷിക വരിസംഖ്യ ഈടാക്കുന്ന പുതിയ സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കുമെന്ന് എക്സ് പറഞ്ഞു. ഇതിന് മുമ്പ് നീല ടിക്കിനും എക്സ് തുക ഈടാക്കിയിരുന്നു.
പുതിയ സബ്സ്ക്രിപ്ഷനായ നോട്ട് എ ബോട്ട് (Not a Bot) വന്നാൽ ലൈക്ക് ചെയ്യാനും റീപോസ്റ്റ് ചെയ്യാനും മറ്റുള്ളവരുടെ അക്കൗണ്ട് കോട്ട് ചെയ്യുന്നതിനുമെല്ലാം തുക നൽകേണ്ടി വരും. എക്സിന്റെ വെബ് വേർഷനിൽ ബുക്ക് മാർക്ക് ചെയ്യുന്നതിലും ഇത് ബാധകമായിരിക്കും.
എക്സിന്റെ പുതിയ ഉപഭോക്താക്കൾക്കായിരിക്കും തുക മുടക്കി ഫീച്ചറുകൾ ഉപയോഗിക്കേണ്ടി വരിക. നിലവിലെ ഉപഭോക്താക്കൾക്ക് മാറ്റം ബാധകമായിരിക്കില്ല. പുതുതായി സബ്സ്ക്രിപ്ഷൻ എടുക്കാത്തവർക്ക് ഇനി പോസ്റ്റും വീഡിയോയും കാണാനും അക്കൗണ്ടുകൾ ഫോളോ ചെയ്യാനും മാത്രമേ പറ്റുകയുള്ളു.
ബോട്ടിനെ പേടിച്ച്
വാർഷിക വരിസംഖ്യയായി ഒരു ഡോളർ (83 രൂപ) ഈടാക്കുമെന്നാണ് എക്സ് പറയുന്നത്. എന്നാൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത തുകയായിരിക്കും ഈടാക്കുകയെന്ന് എക്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. നോട്ട് എ ബോട്ട് ആദ്യമെത്തുക ഫിലിപ്പീൻസിലും ന്യൂസ് ലാൻഡിലുമായിരിക്കും.
ബോട്ടിനെയും സ്പാമ്മുകളെയും വരുതിക്ക് നിർത്താനാണ് എക്സിൽ പുതിയ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം ട്വിറ്റർ വാങ്ങിയത് തൊട്ട് ഇലോൺ മസ്കിന് (Elon Musk) ബോട്ടുകൾ തലവേദനയായിരുന്നു. ജൂലായിൽ ട്വീറ്റുകൾ കാണുന്നതിന് പരിധി നിശ്ചയിക്കാൻ തീരുമാനിച്ചതും ഇതുകൊണ്ടാണ്.
Social media platform X, formerly known as Twitter, has announced that it will test a new subscription model, under which it will charge a $1 annual fee for basic features.