ഉപരി പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്കുള്ള  സങ്കീര്‍ണമായ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസ് നൽകിയ വാഗ്ദാനം യാഥാർഥ്യമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ഉപരിപഠനത്തിന് കൂടുതല്‍ ഇന്ത്യൻ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഫ്രാന്‍സ് അറിയിച്ചു. 2030നുള്ളില്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ഒരുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോൺ നേരിട്ട് നിര്‍ദേശിച്ചിരിക്കുകയാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൂ (Thierry Mathou) വ്യക്തമാക്കി.

ബിരുദാനന്തര ബിരുദമോ അതിന് മുകളിലോ ഉണ്ടായിരിക്കുകയും ഒരു സെമസ്റ്റര്‍ എങ്കിലും ഫ്രാന്‍സില്‍ ചെലവഴിക്കുകയും ചെയ്താല്‍ 5 വര്‍ഷത്തെ കാലാവധിയുള്ള ദീർഘകാല പോസ്റ്റ്-സ്റ്റഡി ഷെങ്കന്‍ വിസ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. നേരത്തെ രണ്ട് വർഷത്തെ തൊഴിൽ വിസയാണ് ഇവർക്ക് നൽകിയിരുന്നത്.

കൂടാതെ, ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം സ്റ്റാൻഡേര്‍ഡ് ഫ്രഞ്ച് ബാച്ചിലര്‍ പ്രോഗ്രാമുകളില്‍ ഫ്രഞ്ച് അറിയാത്ത വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. ഇതിനായി സര്‍വകലാശാലകള്‍ക്കുള്ളില്‍ പ്രത്യേക അന്താരാഷ്ട്ര സെഷനുകളും സംഘടിപ്പിക്കും

കഴിഞ്ഞ ജൂലൈയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദര്‍ശിച്ചപ്പോള്‍, ഫ്രാൻസിന്റെയും ഇന്ത്യയുടെയും പരസ്പര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് UPI യുടെ ഫ്രാൻസിലെ പ്രചാരം അടക്കം വ്യത്യസ്തമായ നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുമെന്ന് അന്ന് ഫ്രഞ്ച് പ്രസിഡന്റ് മോദിക്ക് ഉറപ്പുനല്‍കിയിരുന്നു.

ഫ്രാന്‍സിലേക്കുള്ള വിസ നടപടി ക്രമങ്ങള്‍ പരമാവധി ലളിതമാക്കാനും നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഫ്രഞ്ച് അംബാസഡര്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ഫ്രഞ്ച് വിസ ലഭിക്കാന്‍ വളരെയധികം ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് പഠനം, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ ഉപരിപഠനമാണ് ഫ്രാന്‍സ് കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുക. എഞ്ചിനീയറിംഗ്, ഡിസൈനിംഗ് തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും Thierry Mathou വ്യക്തമാക്കി.

ഫ്രഞ്ച് ഭാഷയിലുള്ള അവരുടെ പ്രാവീണ്യം പരിഗണിക്കാതെ തന്നെ വിദേശ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിപുലമായ ഉന്നത വിദ്യാഭ്യാസ പരിപാടികൾ ഫ്രാൻസ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്രോഗ്രാമുകൾ  2.7 ദശലക്ഷം വിദ്യാർത്ഥികൾക്കാണ് ഉപകരിക്കുന്നത്. അവരിൽ 14% വിദേശത്തുനിന്നുള്ളവരാണ്.

അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ പഠനത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ എന്നിവ കഴിഞ്ഞു സമീപിക്കുന്ന നാലാമത്തെ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഫ്രാൻസ് ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version