പാലക്കാട് നിന്ന് കോയമ്പത്തൂർ ദേശീയ പാതയിൽ കയറിയാൽ ഇലപ്പുള്ളിക്കടുത്ത് രാമശ്ശേരി എന്ന ഗ്രാമം.
രാമശ്ശേരി എന്ന് മാത്രം പറഞ്ഞാൽ എന്തോ അപൂർണമായത് പോലെയാണ്. രാമശ്ശേരി എന്നാൽ രാമശ്ശേരി ഇഡ്ഡലിയാണ്. പ്രത്യേക കലത്തിൽ ആവി കയറ്റിയെടുക്കുന്ന വലിയ ഇഡ്ഡലികൾ.
മേശയിൽ കട്ടൻകാപ്പിക്കൊപ്പം കൊണ്ടുവന്ന് വെച്ചത് ദോശയാണോ ഇഡ്ഡലിയാണോ എന്ന ആദ്യ നോട്ടത്തിൽ സംശയിക്കും. മുകളിൽ ഒഴിച്ച ചട്ണിയിലോ ചമ്മന്തി പൊടിയിലോ ഒരു കഷ്ണം മുക്കി നാക്കിൽ വെച്ചാൽ ഉറപ്പിക്കാം ഇഡ്ഡലി തന്നെ. പക്ഷേ, മുമ്പ് കഴിച്ച ഇഡ്ഡലികൾ പോലെ അല്ല മറ്റേന്തോ പ്രത്യേകത, അത്രയ്ക്കും മാർദവം, പുതിയൊരു സ്വാദ്. ആ സ്വാദ് ആണ് രാമശ്ശേരി ഇഡ്ഡലിക്ക് ഇത്രയധികം ആരാധകരെ ഉണ്ടാക്കുന്നത്, പ്രശസ്തമാക്കുന്നത്.
ഒരുകാലത്ത് പ്രവാസികൾ മടങ്ങി പോകുമ്പോൾ നാടിന്റെ രുചിയും മണവും ഓർമകളും പൊതിഞ്ഞെടുക്കുക രാമശ്ശേരി ഇഡ്ഡലിയുടെ രൂപത്തിലാണ്. അങ്ങനെ ലോകം രാമശ്ശേരി ഇഡ്ഡലിയെ അറിഞ്ഞു.
നൂറ്റാണ്ടുകളുടെ സ്വാദ്
രാമശ്ശേരി ഇഡ്ഡലിക്ക് പറയാൻ ഏകദേശം 200 നൂറ്റാണ്ട് പഴക്കമുള്ള കഥയുണ്ട്. തമിഴ്നാട് തഞ്ചാവൂർ, കാഞ്ചിപുരം, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്ന് പാലക്കാടിലേക്ക് കുടിയേറിയ മുതലിയാർ കുടുംബങ്ങളിൽ നിന്നാണ് രാമശ്ശേരി ഇഡ്ഡലിയുടെ തുടക്കം.
ഇലപ്പുള്ളി കുന്നാച്ചി-പുതുശ്ശേരി രാമശ്ശേരിയിൽ കുറച്ച് കുടുംബങ്ങൾ കുടിയേറി. അറിയാത്ത നാട്ടിൽ ഉപജീവനത്തിന് അവർ ചെയ്തത് ഇഡ്ഡലിയുണ്ടാക്കി വിൽക്കുകയാണ്. ഒരെണ്ണം കഴിച്ചാൽ തന്നെ വയറ് നിറയുന്ന വലിയ ഇഡ്ഡലിക്ക് പെട്ടെന്ന് തന്നെ ആവശ്യക്കാർ ഏറി. നൂറ്റാണ്ടുകൾക്കിപ്പുറവും അതേ രുചിയോടെ പഴയത് പോലെ തന്നെ ആളുകളുടെ വയറ് നിറച്ച് കൊണ്ട് ആ കുടുംബങ്ങളിലെ പിൻതലമുറക്കാർ രാമശ്ശേരി ഇഡ്ഡലികൾ ഉണ്ടാക്കി വിൽക്കുന്നു.
രാപകലില്ലാതെ ഇവിടെ ഇഡ്ഡലികൾ ഉണ്ടാക്കുന്നുണ്ടെങ്കിലും രാമശ്ശേരിയിൽ ഇഡ്ഡലി ചെമ്പുകൾ കാണാൻ കിട്ടില്ല. ഇവിടെ ഇഡ്ഡലി ആവി കയറ്റുന്നത് ചെമ്പിൽ അല്ല, മൺകലത്തിലാണ്.
Also Read
മൺകലത്തിന്റെ കഴുത്തിൽ വല പോലെ പാക്കികെട്ടി തട്ടുണ്ടാക്കിയാണ് ഇഡ്ഡലിയുണ്ടാക്കുന്നത്. ഈ തട്ടിൽ വെളുത്ത തുണി നനച്ച് വിരിച്ച് അതിലാണ് മാവ് ഒഴിക്കുന്നത്. ഇഡ്ഡലിയുടെ സ്വാദ് മൺകലത്തിൽ നിന്നാണോ തുണിയിൽ നിന്നാണോ അതോ അതുണ്ടാക്കുന്ന വിറകടുപ്പിൽ നിന്നാണോ എന്ന് തർക്കങ്ങൾ പോലും ഉണ്ടാകാറുണ്ട്. ചിലർ പറയും കൂടെ കിട്ടുന്ന ചട്ണിയുടെയും കൂടെ പ്രത്യേകതയാണ് ഈ രുചിയെന്ന്. രാമശ്ശേരിക്കാരെടുക്കുന്ന അതേ അനുപാതത്തിൽ സാധനങ്ങൾ എടുത്തിട്ടും പൊന്നി അരി മാത്രം ഉപയോഗിച്ചിട്ടും തനത് സ്വാദ് മാത്രം ആർക്കും ലഭിക്കാറില്ല.
അതേ സ്വാദ് ലഭിക്കാൻ ആളുകൾ രാമശ്ശേരിയിൽ വന്ന കലം പോലും വാങ്ങിച്ച് പോകാറുണ്ട്. സാധാരണ ഇഡ്ഡലി പോലെ ഇത് പെട്ടന്ന് ചീത്തയാകില്ല. 24 മണിക്കൂർ വരെ രുചി വ്യത്യാസം പോലും സാധാരണ വരാറില്ല.