ഇന്ത്യ ഇനി 6G യിൽ ലോകത്തെ നയിക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ കോഴിക്കോട് NIT യും, കുസാറ്റും അടക്കം രാജ്യത്തെ 100 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിച്ച 5ജി യൂസ് കെയ്സ് ലാബ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2023 – ഏഴാമത് എഡിഷനിൽ നടന്ന തത്സമയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിവിധ സ്ഥാപനങ്ങളിലെ 5ജി യൂസ് കെയ്സ് ലാബ് പ്രവർത്തനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഐഎംസി. എഡിഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു .
കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് രാജ്യത്തെ തെരഞ്ഞെടുത്ത 100 അക്കാദമിക് സ്ഥാപനങ്ങളിലാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 5ജി യൂസ് കെയ്സ് ലാബുകള്‍ ഒരുക്കിയിട്ടുള്ളത്.
വിദ്യാര്‍ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും 5ജിയിലും അതിനപ്പുറവുള്ള സാങ്കേതിക വിദ്യകളിലും കഴിവുകള്‍ വളര്‍ത്തിയെടുക്കാനും നൂതന സാങ്കേതിക വിദ്യകളുമായി അടുത്തിടപഴകുവാനും ലക്ഷ്യം വയ്ക്കുന്നതാണ് 5ജി യൂസ് കെയ്സ് ലാബ്.
ആഗോള ഡിജിറ്റല്‍ എക്കോസിസ്റ്റവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഈ ലാബ്.
5ജി യൂസ് കെയ്സ് ലാബുകൾ ഇന്ത്യയിലെ യുവാക്കളെ വലിയ സ്വപ്നം കാണുന്നതിനും, അത് യാഥാർഥ്യമാക്കുന്നതിനുമുള്ള ശക്തി നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ യുവാക്കൾക്കു സ്വന്തം കരുത്തും, താല്പര്യങ്ങളും, സംരംഭകത്വ ആശയങ്ങളും കൊണ്ട് രാജ്യത്തെ അത്ഭുതപെടുത്താനാകുമെന്നു നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇനി 6G യിൽ ലോകത്തെ നയിക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. “6Gയിൽ ഇന്ത്യ അതിവേഗം കുതിക്കുകയാണ്. ഇന്റർനെറ്റ് കണെക്ടിവിറ്റിയിലും, വേഗതയിലും ലോക റാങ്കിങ് അല്ല പ്രധാനം. ഇന്റർനെറ്റ് വേഗത വര്‍ധിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് അധ്യാപകരുമായും, ഡോക്ടർമാർക്ക് രോഗികളുമായും ഓൺലൈനായി തടസ്സം കൂടാതെ ബന്ധപെടാനാകണം. കർഷകർക്ക് കൃഷി സംബന്ധമായ പുതിയ അറിവുകൾ നേടാനും അവ നടപ്പിലാക്കാനുമാകണം. ജനതയുടെ ജീവിത സൗകര്യങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ ഇന്റർനെറ്റ് വേഗതക്കു കഴിയണം. “
ഇന്ന് ലോകമൊട്ടുക്കും ഉപയോഗിക്കുന്നത് Made in India ഫോണുകൾ ആണെന്നത് അഭിമാനകരമെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
മൊബൈൽ, ഇലക്ട്രോണിക്സ് നിർമാണ കയറ്റുമതിയിൽ ഇന്ത്യ ലോക ശക്തിയായി മാറിയതായി പ്രധാനമന്ത്രി പറഞ്ഞു. രണ്ടു ലക്ഷം കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയാണ് ഇന്ത്യ നടത്തുന്നത്. ഗൂഗിൾ പിക്സെൽ ഫോണുകൾ നിർമിക്കുക ഇന്ത്യയിലാകും.
അതിനു മുന്നേ തന്നെ Samsung ഫോൾഡ് 5 , apple ഐ ഫോൺ 15 എന്നിവ ഇന്ത്യയിൽ നിർമാണം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിൽ ഹാർഡ് വെയർ, സോഫ്റ്റ് വെയർ രംഗത്ത് കുതിപ്പുണ്ടാകണമെങ്കിൽ വേണ്ടത് സെമികണ്ടക്ടറുകളാണ്. എൺപതിനായിരം കോടി രൂപയുടെ PLI പദ്ധതിയാണ് സെമി കണ്ടക്ടർ വ്യവസായത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള കമ്പനികൾ ഇന്ത്യയിൽ സെമികണ്ടക്ടർ നിർമാണത്തിനായി നിക്ഷേപം തുടരുകയാണ്. ഇന്റർനെറ്റ് അധിഷ്ഠിത സാങ്കേതിക വിദ്യ രാജ്യത്തെ എല്ലാവരിലും എത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Prime Minister Narendra Modi inaugurated the 7th Edition of India Mobile Congress (IMC) 2023 on October 27, which is taking place at Bharat Mandapam, Pragati Maidan in New Delhi. In the event, he has also launched 5G use-case labs in 100 academic institutions, aimed to foster academia-startup-industry collaboration, building competencies and making India ready for 6G technology.