അടുത്ത രണ്ട് വർഷത്തിനുള്ളിൽ ടാറ്റ ഇന്ത്യയിൽ ഐ ഫോൺ നിർമാണം ആരംഭിക്കുന്നു. ആപ്പിൾ ഐ ഫോണുകളുടെ നിർമാണം ഇന്ത്യയിൽ രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരാണ് അറിയിച്ചത്. ആപ്പിളിന്റെ വിതരണക്കാരായ വിസ്ട്രോണിന്റെ (Wistron Corp) കർണാടകയിലെ ഫാക്ടറി ടാറ്റ ഗ്രൂപ്പിന് വിൽക്കാൻ വെള്ളിയാഴ്ച ധാരണയായി. ഇതോടെയാണ് ഇന്ത്യൻ നിർമിത ഐഫോണുകൾ എന്ന സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നത്. ആഭ്യന്തര-ആഗോള വിപണിയിലേക്കുള്ള ഐഫോണുകളാണ് ടാറ്റ നിർമിക്കാൻ പോകുന്നത്. ഉപ്പ് മുതൽ സോഫ്റ്റ് വെയറുകൾ വരെ നിർമിക്കുന്ന ടാറ്റയായിരിക്കും ഇന്ത്യയിലെ ആദ്യ ഇന്ത്യൻ ഐഫോൺ നിർമാതാക്കൾ. ഐ ഫോൺ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് കൊണ്ടുവരാനുള്ള ആപ്പിളിന്റെ തീരുമാനമാണ് ടാറ്റയ്ക്കും രാജ്യത്തിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സ്വപ്നങ്ങൾക്കും വളമായത്.

1040 കോടിയുടെ വിൽപ്പന
കർണാടകയിലെ വിസ്ട്രണിന്റെ ഫാക്ടറി 1,040 കോടി രൂപയ്ക്കാണ് ടാറ്റയ്ക്ക് വിൽക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന് 100% പരോക്ഷ ഓഹരി നൽകാൻ വെള്ളിയാഴ്ച ചേർന്ന കമ്പനി ബോർഡ് മീറ്റിംഗിലാണ് ധാരണയായത്.

എസ്എംഎസ് ഇൻഫോകോം (സിങ്കപ്പൂർ), വിസ്ട്രോൺ ഹോങ് കോങ്, അനുബന്ധ കാര്യങ്ങൾ നൽകികൊണ്ടുള്ള ഷെയർ പർച്ചേസ് കരാറിൽ ഒപ്പു വിസ്ട്രോൺ ഇൻഫോകോം മാനുഫാച്ചറിംഗ് ഒപ്പുവെച്ചു.
ആപ്പിളിന്റെ ഇന്ത്യയിലെ മൂന്ന് കോൺട്രാക്ട് നിർമാതാക്കളിൽ ഒരാളാണ് വിസ്ട്രോൺ. 10,000 മുകളിൽ ആളുകൾ വിസ്ട്രോണിൽ ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് ഫോൺ നിർമാണ പദ്ധതിയായ പ്രൊഡക്ഷൻ ലിങ്ക്ഡ് സ്കീമിലേക്ക് (PLI) വിസ്ട്രോണിനെ തിരഞ്ഞെടുത്തിരുന്നു. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിസ്ട്രോണുമായി ടാറ്റ ഒരു വർഷത്തിന് മുകളിലായി നടത്തിയ ചർച്ചകളാണ് ഒടുവിൽ ഫലം കണ്ടത്. കർണാടകയിലെ ഫാക്ടറി ടാറ്റ ഏറ്റെടുക്കുന്നതോടെ പിഎൽഐ സ്കീമിന്റെ ആനുകൂല്യങ്ങളും ടാറ്റയ്ക്ക് ലഭിക്കും.
കാരണം തൊഴിലാളി സമരം?

കർണാടകയിലെ നിർമാണ ഫാക്ടറി വിൽക്കാൻ വിസ്ട്രോൺ തീരുമാനിക്കുന്നത് തൊഴിലാളി സമരങ്ങൾ മൂലമാണെന്ന് സൂചനയുണ്ട്. വിതരണത്തിലും ഇൻവെന്ററി മാനേജ്മെന്റിലും കമ്പനി അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും വിൽപ്പനയ്ക്ക് ആക്കം കൂട്ടി. കൂടാതെയാണ് തുല്യ വേതനം ആവശ്യപ്പെട്ട് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. കർണാടകയിലെ കമ്പനി ടാറ്റയ്ക്ക് നൽകുമ്പോഴും ആഗോളതലത്തിൽ ഐ ഫോണുകളുടെ വിതരണക്കാരായി വിസ്ട്രോൺ തുടരും. ഇന്ത്യയിൽ ഐ ഫോണുകളുടെ റിപ്പയർ സേവനങ്ങളും വിസ്ട്രോൺ ചെയ്യും.
കർണാടകയിലെ ഫാക്ടറിയിൽ ഐ ഫോൺ 14 ആണ് വിസ്ട്രോൺ അസംബിൾ ചെയ്യുന്നത്. ഓരോ സാമ്പത്തിക വർഷവും ഏകദേശം 1.8 ബില്യൺ ഡോളറിന്റെ ഐ ഫോണുകളാണ് വിസ്ട്രോൺ കയറ്റി അയക്കുന്നത്. അത് ഇനി ടാറ്റയുടെ ചുമതലയാകും.