കേരളത്തിന്‍റെ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയും, ഒപ്പം അവയുടെ കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ട് സമഗ്ര എക്സ്പോര്‍ട്ട് പ്രൊമോഷന്‍ പോളിസി (EPP) നടപ്പാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന വ്യവസായ വകുപ്പ്. കയറ്റുമതി ശേഷി, വിപണി വൈവിധ്യവല്‍ക്കരണം, സാമ്പത്തിക പ്രോത്സാഹനങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് അനുകൂലമായ വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കാനാണ് EPP ക്കായി ഒരുക്കുന്ന കരട് നയം ശ്രമിക്കുന്നത്.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (KSIDC) വഴിയാണ് EPP നടപ്പാക്കുന്നത്. കേരളത്തിന്റെ ഉത്പന്നങ്ങൾക്ക് എത്തരത്തിലുള്ള പ്രോത്സാഹനമാണ് നല്കേണ്ടതെന്ന ആശയങ്ങളും, നിർദേശങ്ങളും ശേഖരിച്ച ശേഷം കരട് നയം അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കും. 2024 ജനുവരിയോടെ നയം വിജ്ഞാപനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന്റെ തനത് ഉത്പന്നങ്ങൾക്ക് കയറ്റുമതി സാധ്യത

സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തേയില, ആയുര്‍വേദം, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍, ടൂറിസം, ഐടി സേവനങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളിലൂടെ കേരളത്തിന്‍റെ കയറ്റുമതി സാധ്യത ഇതിനോടകം വ്യക്തമായതാണ്. ഇതിനു പുറമേ മറ്റ് മേഖലകളിലെ കൂടുതല്‍ ചരക്ക്, സേവന, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യത കൂടി പ്രയോജനപ്പെടുത്താനാണ് നയം ലക്ഷ്യമിടുന്നത്.

ഹോര്‍ട്ടികള്‍ച്ചര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, സീ ഫുഡ്, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, എന്‍ജിനീയറിംഗ് സാധനങ്ങള്‍, പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍, ജൈവ കീടനാശിനി, അജൈവ രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, പ്രതിരോധ-ബഹിരാകാശ-ഇലക്ട്രോണിക്സ് അനുബന്ധ ഉത്പന്നങ്ങള്‍, ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവയുടെ കയറ്റുമതി  ഇതില്‍ ഉള്‍പ്പെടുന്നു.

കയറ്റുമതിക്കാർക്ക് മികച്ച പ്രോത്സാഹനം നയം നൽകും

കയറ്റുമതിക്കാര്‍ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങളും പിന്തുണയും നല്‍കുന്നതിന് സമഗ്രമായ ചട്ടക്കൂട് നിര്ദേശിക്കുന്നതാകും കരട് നയം. വ്യവസായത്തിന് ഫണ്ടിംഗ്, പെര്‍ഫോമന്‍സ് മാനേജ്മെന്‍റ്, എക്സ്പോര്‍ട്ട് സബ്സ്റ്റിറ്റ്യൂഷന്‍ എന്നിവയുടെ കാര്യക്ഷമതയും കരട് നയം ഉറപ്പാക്കും.

കയറ്റുമതി നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക, നവീകരണവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുക, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച സൃഷ്ടിക്കുക, വ്യവസായ പങ്കാളികള്‍-സര്‍ക്കാര്‍-അക്കാദമിക സമൂഹം എന്നിവയ്ക്കിടയിലുള്ള സഹകരണം ശക്തിപ്പെടുക എന്നിവയും നയം മുന്നോട്ടുവയ്ക്കുന്നു.


നിലവിൽ കേരളം കയറ്റുമതിയിൽ പിന്നിൽ

നീതി ആയോഗിന്‍റെ 2021 ലെ കയറ്റുമതി സൂചികയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 16-ാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്തിനൊരു കയറ്റുമതി നയം ഇല്ലാത്തതും, ജില്ല തിരിച്ചുള്ള കയറ്റുമതി പദ്ധതികളുടെ അപര്യാപ്തതയും, കയറ്റുമതിക്കായി ഏതാനും ചരക്കുകളെയും ചില രാജ്യങ്ങളെയും മാത്രം അമിതമായി ആശ്രയിക്കുന്നതുമാണ് സംസ്ഥാനം പിറകോട്ടു പോകുന്നതിന് കാരണം. സമുദ്രോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍ എന്നിവയുടെ കയറ്റുമതി കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആവശ്യകത കരട് നയം അടിവരയിടുന്നു.

നയവുമായി ബന്ധപ്പെട്ട് വ്യവസായ പങ്കാളികള്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും https://www.ksidc.org/initiatives/draft-kerala-export-promotion-policy-2023/ എന്ന ലിങ്ക് വഴി പങ്കു വയ്ക്കാം.

അതിനു ശേഷമാകും മെച്ചപ്പെടുത്തിയ നിർദേശങ്ങളോടെ കരട് നയം സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുക.

Kerala’s Export Promotion Policy (EPP) aims to boost global market access and enhance the competitiveness of its products. EPP covers a wide range of products, from spices to marine products, offering financial support, performance management, and export subsidies. This policy encourages innovation, skill development, sustainability, and collaboration to strengthen Kerala’s export potential.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version