ഒരു തെരുവിന്റെ കഥ പറഞ്ഞ കോഴിക്കോടിന് സാഹിത്യ നഗര പദവി നല്കി യുനസ്കോ. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കോഴിക്കോട്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് യുനസ്കോയുടെ അംഗീകാരം. കേരളപ്പിറവി ദിനത്തില്‍ പിറന്നാള്‍ സമ്മാനമായിട്ടാണ് കോഴിക്കോടിന് സാഹിത്യ പദവി ലഭിച്ച വാര്‍ത്തയെത്തുന്നത്. സര്‍ഗാത്മകത വിളിച്ചോതുന്ന ലോകത്തെ 55 നഗരങ്ങളിലൊന്നായി കോഴിക്കോടും ഇനിയുണ്ടാകും.
സാഹിത്യ വിനോദസഞ്ചാരത്തിനുള്ള വാതില്‍
ജീവനുറ്റുന്ന കഥകള്‍ പിറന്ന, കഥാകാരന്മാരെ ക്ഷണിച്ചു താമസിപ്പിച്ച നഗരമാണ് കോഴിക്കോട്. നഗരത്തിന്റെ സാഹിത്യ പൈതൃകവും സാഹിത്യോത്സവങ്ങള്‍, വായനാശാലകള്‍, പ്രസാധകര് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനസ്കോ തിരഞ്ഞെടുത്ത്.
യുനസ്കോയുടെ പദവി ലഭിക്കാന്‍ കോഴിക്കോട് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. യുനസ്കോയുടെ സാഹിത്യ നഗരം പദവി കോഴിക്കോടിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നും അഭിമാന നിമിഷമെന്നും കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. സാഹിത്യരംഗത്തും മാധ്യമ രംഗത്തും കൈവരിച്ച നേട്ടമാണിത്. കേരള സാഹിത്യോത്സവം മുതല്‍ കലാസാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി സംഗമങ്ങള്‍ക്ക് കോഴിക്കോട് വേദിയാകാറുണ്ട്.
അംഗീകാരം ലഭിച്ചതോടെ സാഹിത്യം പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് ബീനാ ഫിലിപ്പ് പറഞ്ഞു. യുനസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്കിലാണ് കോഴിക്കോട് ഇടംപിടിച്ചത്. സംഗീത നഗരമായ ഗ്വാളിയോറും പട്ടികയില്‍ ഇടം പിടിച്ചു. യുനസ്കോ ഡയറക്ടര്‍ ജനറലായി ഓഡ്രി അസോലെ എത്തിയതിന് പിന്നാലെയാണ് പുതിയ നഗരങ്ങളെ പട്ടികയില്‍ ചേര്‍ക്കുന്നത്. നിലവില്‍ 350 നഗരങ്ങള്‍ പട്ടികയിലുണ്ട്. അടുത്ത വര്‍ഷം ജൂലൈയില്‍ പോര്‍ച്ചുഗലിലെ ബ്രാഗ നഗരത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പദവി കൈമാറും.
കോഴിക്കോടിന് ലഭിച്ച സാഹിത്യ സാഹിത്യ നഗര പദവി കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും മുതല്‍ക്കൂട്ടാണ്. സാഹിത്യ വിനോദസഞ്ചാരത്തിന് പറ്റിയ വിള നിലമാണ് കോഴിക്കോട്. ഷേയ്ക്സ്പിയര്, ചാള്‍സ് ഡിക്കന്‍സ് പോലുള്ള കലാകാരന്മാര് ജനിച്ച വളര്‍ന്ന വീടും നാടും കാണാന്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ആളുകളെത്താറുണ്ട്. ഇത്തരം സാഹിത്യ വിനോദ സഞ്ചാരത്തെ മിക്ക രാജ്യങ്ങളും പ്രോത്സാഹിപ്പിക്കാറുണ്ട്. റോമാനിയയിലെ ഡ്രാക്കുള കോട്ട കാണാന്‍ ആളുകളെത്തി തുടങ്ങിയത് ബ്രോം സ്റ്റോക്കറുടെ കഥ വായിച്ചാണ്. അത്തരമൊരു വളര്‍ച്ചയിലേക്ക് കോഴിക്കോടിനും എത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
കോഴിക്കോടിനെ കൂടാതെ ലോകോത്തര പഠനനഗരമായി തൃശ്ശൂരും യുനസ്കോ പട്ടികയില്‍ ഇടം പിടിച്ചിരുന്നു