ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗ്, തുടങ്ങിയ അന്ന് മുതല്‍ കോടികളാണ് വരുമാനമായി അടിച്ചു കൂട്ടുന്നത്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ സൗദി അറേബ്യ സ്വന്തമാക്കാന്‍ മോഹിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. സൗദി കണ്ട മരീചിക മാത്രമായി പോകുമോ പ്രീമിയര്‍ ലീഗ് എന്നാണ് ഇനി കണ്ടറിയേണ്ടത്.
എന്തും നല്കാന് സൗദി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശതകോടികളുടെ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ചില്ലറയൊന്നുമല്ല 3000 കോടി ഡോളര്‍ മൂല്യമുള്ള ഹോള്‍ഡിംഗ് കമ്പനിയാക്കി ഐപിഎല്ലിനെ മാറ്റുകയാണ് സൗദി ലക്ഷ്യംവെക്കുന്നത്.
വിഷയത്തില്‍ സൗദി അറേബ്യയുടെ കീരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചയും നടത്തി കഴിഞ്ഞു.
ഐപിഎല്ലിന്റെ സ്പോണ്സര്മാരില് സൗദി അറേബ്യ ടൂറിസവും അരാംകോയുമുണ്ട്. സൗദിയില്‍ ട്വിന്റി20 ലീഗ് ആരംഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഇതും കൂടിയാകണം ഐപിഎല്ലിലേക്ക് സൗദിയെ ആകര്‍ഷിക്കുന്നതും.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഐപിഎല്‍ സ്വന്തമാക്കാന്‍ മുഹമ്മദ് ബിന്‍ സല്മാന് ആലോചിച്ച് തുടങ്ങിയതെന്നാണ് വിവരം. പ്രൊഫഷണല്‍ ഫുട്ബോളിലും ഗോള്‍ഫിലുമാണ് സൗദി ആദ്യം ഭാഗ്യം പരീക്ഷിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും യൂറോപ്പിലെ മറ്റ് ക്ലബ്ബുകളിലും സൗദിക്ക് ഓഹരിയുണ്ട്. ഇവയില്‍ നിന്ന് ലഭിക്കുന്ന ലാഭം തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൈവെക്കാന്‍ സൗദിയെ പ്രേരിപ്പിക്കുന്നതും.
2027ലെ ഏഷ്യന്‍ കപ്പ്, 2034ലെ ഫുട്ബോള്‍ ലോക കപ്പ് എന്നിവയുടെ നടത്തിപ്പ് അവകാശം സൗദി നേടിയിട്ടുണ്ട്. ഇനി ഐപിഎല്‍ സ്വന്തമാക്കിയാല്‍ ക്രിക്കറ്റിന്റെ എലൈറ്റ് ക്ലബ്ബിലും സൗദിയുണ്ടാകും.
പണംവാരി ലീഗ്
ആഗോളതലത്തില്‍ തന്നെ ഏറ്റവും സമ്പന്നമായ ലീഗുകളിലൊന്നാണ് ഐപിഎല്‍. ഐപിഎല്‍ സ്വന്തമാക്കാന്‍ ചെറിയ വാഗ്ദാനങ്ങളൊന്നുമല്ല സൗദി മുന്നോട്ടു വെക്കുന്നത്. 41,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് ലീഗ് വ്യാപിപ്പിക്കുമെന്നും സൗദി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുമായി എണ്ണ ഇതര വാണിജ്യബന്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇതില്‍ കായികവും വിനോദ സഞ്ചാരവും ഉള്‍പ്പെടുന്നുണ്ട്. സൗദിയുടെ ഫുട്ബോള്‍ ലീഗിനെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രാജ്യത്തെ ക്ലബ്ബുകളുടെ 75% ഓഹരി വാങ്ങിയിരുന്നു.
ഇനി ബിസിസിഐ തീരുമാനിക്കും
ഐപിഎല്‍ ഇന്ത്യയില്‍ തുടങ്ങുന്നത് 2008 മുതലാണ്. ലോകോത്തര കളിക്കാരുടെയും പരിശീലകരുടെയും ഇഷ്ട ലീഗായി അന്നു മുതലേ ഐപിഎല്‍ മാറി. മികച്ച കളിക്കാരും പരിശീലകരും ഇന്ത്യയിലേക്ക് ഐപിഎല്‍ കളിക്കാന്‍ എത്തുകയും ചെയ്തു. ലോകത്തെ രണ്ടാമത്തെ സ്പോര്‍ട്സ് ലീഗായി ഐപിഎല്‍ വളര്‍ന്നത് ചുരുങ്ങിയ സമയം കൊണ്ടാണ്.
വരുമാനം കൂടി തുടങ്ങിയത് മുതല്‍ ഐപിഎല്‍ സ്വന്തമാക്കാന്‍ വിദേശ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബിസിസിഐയും കേന്ദ്രസര്‍ക്കാരും തത്കാലം ഐപിഎല്ലിനെ ആര്‍ക്കും കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഐപിഎല്ലിനെ ഹോള്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിയാല്‍ ബിസിസിക്ക് ഐപിഎല്ലിന് മേലുള്ള അവകാശങ്ങള്‍ ഇല്ലാതാകുക മാത്രമല്ല, ഇന്ത്യന്‍ കളിക്കാരെ മറ്റ് ലീഗുകളിലേക്ക് കളിക്കാന്‍ വിട്ടുകൊടുക്കേണ്ടിയും വരും. ഇത് രണ്ടും എന്തായാലും ബിസിസിക്ക് ഇപ്പോള്‍ താത്പര്യമില്ല.