വിവിധ സംസ്കാരങ്ങളുടെ വിളനിലമായ ഇന്ത്യ… പുരാതന നഗരികൾ ഇപ്പോഴും പ്രതാപം വിളിച്ചോതി നിൽക്കുന്നു. ഇന്ത്യയുടെ പുരാതന സംസ്കാരം ഇവിടത്തെ ക്ഷേത്രങ്ങളിൽ നിന്നറിയാൻ പറ്റും. പതിറ്റാണ്ടുകൾ മുമ്പ് പണിത ഈ ക്ഷേത്രങ്ങൾ ഇന്നും വിശ്വാസികൾക്കായി വാതിൽ തുറക്കുന്നു.
ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങൾ കൂടിയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ 10 സമ്പന്ന ക്ഷേത്രങ്ങൾ പരിശോധിച്ചാൽ അവയിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ്. അവ ഏതൊക്കെയാണെന്ന് അറിയാമോ?
പത്മനാഭ സ്വാമി ക്ഷേത്രം
ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായാണ് പത്മനാഭ സ്വാമി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന പത്മനാഭ സ്വാമി ക്ഷേത്രത്തിന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഏകദേശം ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള നിധിയാണ് ക്ഷേത്രത്തിന്റെ നിലവറികളിൽ സൂക്ഷിച്ചിരിക്കുന്നത്. നിധിയുമായി ബന്ധപ്പെട്ട ക്ഷേത്രം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
തിരുപ്പതി തിരുമല ക്ഷേത്രം
പതിനായിരകണക്കിന് വിശ്വാസികൾ ദിവസവും തീർഥാടനത്തിന് എത്തുന്ന ക്ഷേത്രമാണ് ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രം. ലക്ഷകണക്കിന് രൂപയാണ് ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങളിലും മറ്റും ദിവസവും സംഭാവനയായി ലഭിക്കുന്നത്. നിലവിൽ 900 കോടിക്ക് മുകളിൽ ക്ഷേത്രത്തിന് ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. വർഷം 650 കോടിക്ക് മുകളിൽ സംഭാവനയായും ലഭിക്കാറുണ്ട്. തിരുപ്പതി ലഡ്ഡുവിന്റെ വിൽപ്പന ഇനത്തിലും ക്ഷേത്രത്തിന് വരുമാനം ലഭിക്കുന്നുണ്ട്.
വൈഷ്ണോ ദേവി ക്ഷേത്രം
തിരുപ്പതി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്ന ക്ഷേത്രമാണ് ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രം. വൈഷ്ണോ ദേവിയെയാണ് ക്ഷേത്രത്തിൽ പൂജിക്കുന്നത്. കത്രയിൽ നിന്ന് 14 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ക്ഷേത്രം സമുദ്ര നിരപ്പിൽ നിന്ന് 5,200 ഉയരത്തിൽ ഗുഹയ്ക്കുള്ളിലാണ് പണിതിരിക്കുന്നത്. കേരളത്തിൽ നിന്നടക്കം തീർഥാടകരെത്തുന്ന ക്ഷേത്രത്തിന്റെ വാർഷിക വരുമാനം 500 കോടിയാണ്. ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തുനിന്നും 10 മില്യണിലധികം തീർഥാടകരാണ് വർഷാവർഷം വൈഷ്ണോ ദേവി ക്ഷേത്രത്തിലെത്തുന്നത്. അഞ്ച് വർഷം കൊണ്ട് ടൺ കണക്കിന് സ്വർണമാണ് ക്ഷേത്രത്തിലെത്തിയത്.
ഷിർദ്ദി സായിബാബാ ക്ഷേത്രം
സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മഹാരാഷ്ട്രയിലെ ഷിർദി വിനായക ക്ഷേത്രം. സായ് ബാബയെ ആരാധിക്കുന്ന ക്ഷേത്രം പണിയാൻ 32 കോടിയുടെ സ്വർണം ഉപയോഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കോടിക്കണക്കിന് രൂപയുടെ സംഭാവനയാണ് വർഷാവർഷം ക്ഷേത്രത്തിലെത്തുന്നത്. വർഷം 320 കോടി രൂപവരെ ക്ഷേത്രത്തിൽ സംഭാവനയായി ലഭിക്കാറുണ്ട്. പാവങ്ങളെ സഹായിക്കാനും ഈ പണം വിനിയോഗിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ 1,800 കോടി രൂപയും, 380 കിലോ സ്വർണവും, 4,428 കിലോ വെള്ളിയും നിക്ഷേപമുണ്ട്. ഡോളർ, പൗണ്ട് ഇനത്തിലും തുക സൂക്ഷിച്ചിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്രം
ബാലകൃഷ്ണന്റെ രൂപത്തിലുള്ള മഹാവിഷ്ണുവിനെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിക്കുന്നത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലം 33.5 മീറ്റർ ഉയരത്തിലുള്ള സ്വർണപാളികൾ കൊണ്ടാണ് പണിതിരിക്കുന്നത്. കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിലൊന്നും അധികം കണ്ടിട്ടില്ലാത്ത പടല അഞ്ജനം കൊണ്ടാണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ പണിതിരിക്കുന്നത്. 2500 കോടിയുടെ ആസ്തി ക്ഷേത്രത്തിനുണ്ടെന്നാണ് കണക്കാക്കുന്നത്.
അമൃത്സറിലെ സുവർണ ക്ഷേത്രം
ശ്രീ ഹർമന്തർ സാഹിബ് എന്നും അറിയപ്പെടുന്ന സുവർണ ക്ഷേത്രം സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമാണ്. അമൃത്സറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർഷം 500 കോടിയുടെ വരുമാനം ക്ഷേത്രത്തിനുണ്ട്. 1830ൽ മാർബിളും സ്വർണം കൊണ്ട് മഹാരാജ രഞ്ജിത്ത് സിങ്ങാണ് ക്ഷേത്രം പണിയുന്നത്.
ശബരിമല ക്ഷേത്രം
ജാതിമത ഭേദമന്യേ രാജ്യത്തിനകത്തും നിന്നും പുറത്തും നിന്നും തീർഥാടകരെത്തുന്ന ശബരിമല ക്ഷേത്രം പത്തനം തിട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. 41 ദിവസം വ്രതമെടുത്താണ് മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്താനെത്തുന്നത് ലക്ഷകണക്കിന് ഭക്തരാണ്. 7 മീറ്റർ ഉയരമുള്ള ദീപസ്തംഭവും സ്വർണം പൂശിയ ശ്രീകോവിലും മാത്രമല്ല, ഭക്തരിൽ നിന്നുള്ള സംഭാവനകളും ക്ഷേത്രത്തിന്റെ ആസ്തി വർധിപ്പിക്കുന്നു. 15 കിലോ സ്വർണം ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചിട്ടുണ്ട്. 105 കോടിയോളം രൂപയും വർഷാവർഷം സംഭാവനയായി ലഭിക്കുന്നു.
സിദ്ധി വിനായക ക്ഷേത്രം
ഗണിപതി ആരാധാനാമൂർത്തിയായ ക്ഷേത്രമാണ് മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം. ക്ഷേത്രത്തിന്റെ ആസ്തി 125 കോടി വരുമെന്നാണ് അനുമാനിക്കുന്നത്. ബോളിവുഡ് താരങ്ങളും മറ്റും ക്ഷേത്രം സന്ദർശിക്കാറുണ്ട്. 158 കിലോ സ്വർണമാണ് ക്ഷേത്രത്തിന്റെ ഗോപുരം പണിയാൻ ഉപയോഗിച്ചിരിക്കുന്നത്.
മധുര മീനാക്ഷി ക്ഷേത്രം
തമിഴ്നാട് മധുരൈയിലെ മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ ദിവസം 20,000 പേരെങ്കിലും എത്തുന്നുണ്ടെന്നാണ് കണക്ക്. ശിവനും പാർവതിയുമാണ് ഇവിടെ പ്രതിഷ്ഠ. ഏപ്രിലിൽ നടക്കുന്ന 10 ദിവസത്തെ മീനാക്ഷി തിരുകല്യാണോത്സവം കാണാൻ ദശലക്ഷകണക്കിന് ആളുകളാണ് എത്തിച്ചേരുക. സ്വർണം, വെള്ളി, വജ്രം എന്നീ ഇനത്തിലും മറ്റുമായി 60 കോടിയുടെ സംഭാവന ഓരോ വർഷവും ക്ഷേത്രത്തിലെത്തുന്നുണ്ട്.
പുരി ജഗനാഥക്ഷേത്രം
ഒഡിഷയിലെ പുരിയിലാണ് ജഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ചുറ്റുമുള്ള 30,000 ഏക്കർ ഭൂമി ഇവിടെ ജഗനാഥന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവിടത്തെ രഥോത്സവം ലോക പ്രശസ്തമാണ്. ഏകദേശം 209 കിലോ സ്വർണം സുമ ബേഷാ ഉത്സവത്തിന്റെ സമയത്ത് ജഗനാഥന് സംഭാവനയായി ലഭിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ആയിരകണക്കിന് തീർഥാടകർ ഇവിടെ ദിവസവും സന്ദർശനം നടത്തുന്നു.