പാലരുവി വെള്ളച്ചാട്ടം, മണിയാർ ഡാം, അടവി ഇക്കോ ടൂറിസം. വിനോദസഞ്ചാരികളുടെ പറുദീസയാണ് ചിറ്റാർ, പത്തനംതിട്ട ജില്ലയിലെ മലയോര കാർഷിക ഗ്രാമം. ഇവിടെ ജനിച്ച് വളർന്നത് കൊണ്ടാകാം ഇലക്ട്രിക്കൽ എൻജിനിയറായ അനൂപ് ബേബി സാമുവലിനെ കൃഷി വിടാതെ പിടികൂടിയത്. തന്റെ വഴി കൃഷിയാണെന്ന് തിരിച്ചറിയാൻ അനൂപിന് അധികം കാലം വേണ്ടിവന്നില്ല. എന്നാൽ ഏതെങ്കിലും കൃഷിക്ക് പകരം പുതുതായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് അനൂപ് തേൻക്കൃഷി പരീക്ഷിക്കുന്നതും നിലക്കൽ ബീ ഗാർഡൻ (Nilackal Bee Garden) എന്ന സംരംഭമായി അത് വളരുന്നതും.
ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിട്ട് തേനീച്ചകളിലേക്ക്
ചിറ്റാറിലെ പരമ്പരാഗത കാർഷിക കുടുംബമാണ് അനൂപിന്റേത്.
പിതാവ് ബേബി സാമുവൽ പറഞ്ഞുകൊടുത്ത കൃഷിയുടെ ബാലപാഠങ്ങൾ ഇലക്ട്രിക്കൽ എൻജിനിയറായതിന് ശേഷവും അനൂപ് മറന്നില്ല. ബി.ടെക്ക് പൂർത്തിയാക്കിയ അനൂപിന് ചിറ്റാറിൽ തന്നെയുള്ള സ്വകാര്യ വൈദ്യുത ഉത്പാദന കേന്ദ്രത്തിൽ ജോലിയും കിട്ടി. എട്ടുമണിക്കൂർ ജോലി കഴിഞ്ഞാൽ വെറുതിയിരിക്കാൻ ഉള്ളിലെ കൃഷിക്കാരൻ അനൂപിനെ സമ്മതിച്ചില്ല.
എന്തെങ്കിലും കൃഷി ചെയ്യണം…
അനൂപിന്റെ ചെറുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കായി പിതാവ് തേനീച്ച കൃഷി ചെയ്തിരുന്നു. തേനീച്ച വളർത്തലും പരിചരണവും പിതാവിൽ നിന്ന് കണ്ടുപഠിച്ചത് കൊണ്ട് തേനീച്ചക്കൃഷിയിൽ കൈവെക്കാനായിരുന്നു അനൂപിന്റെ തീരുമാനം. ആ തീരുമാനം പിഴച്ചില്ല, തേനും തേൻ ഉത്പന്നങ്ങളും നിർമിക്കുന്ന നിലക്കൽ ബീ ഗാർഡൻ എന്ന സംരംഭത്തിന്റെ തുടക്കമായിരുന്നു അത്.
തുടക്കം പരാജയം
2014 മുതലേ അനൂപ് തേനീച്ച വളർത്തൽ തുടങ്ങിയിരുന്നു. തേനീച്ചക്കൃഷി ചെറുപ്പത്തിൽ കണ്ടുപഠിച്ച ആത്മവിശ്വാസത്തിൽ 10 തേനീച്ച കോളനികൾ സ്ഥാപിച്ചു. ഒരു കൊല്ലം കഴിഞ്ഞ് തേനെടുക്കാൻ പോയപ്പോൾ 10 കോളനികളിൽ അവശേഷിച്ചത് മൂന്നെണ്ണം മാത്രമാണ്. അത് അനൂപിന് മറ്റൊരു പാഠമായിരുന്നു. തേനീച്ചക്കൃഷിയെ ശാസ്ത്രീയമായി തന്നെ പഠിക്കാൻ അനൂപിനെ പ്രേരിപ്പിച്ചത് തുടക്കത്തിൽ നേരിട്ട പരാജയമായിരുന്നു. കൃഷിക്കാവശ്യമായ വിവരങ്ങൾ കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം ശേഖരിച്ചു, വിശദമായി തന്നെ പഠിച്ചു. ഖാദി ബോർഡും ഹോർട്ടികോർപ്പും നൽകുന്ന പരിശീലന പരിപാടികളിൽ പങ്കെടുത്തു. 2018 ആയപ്പോഴേക്കും തേനും തേനിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളും നിർമിച്ച് വിൽക്കുന്ന സംരംഭവും അനൂപ് ആരംഭിച്ചു, നിലക്കൽ ബീ ഗാർഡൻ എന്ന പേരിൽ.
Also Read
അയൽക്കാരെ കൂട്ടി
തേനും തേനുത്പന്നങ്ങളും നിർമിച്ച് വിപണിയിലെത്തുക മാത്രമല്ല, തേനീച്ചക്കൃഷിയിൽ താത്പര്യമുള്ളവർക്ക് പരിശീലനവും മറ്റും നൽകാനും അനൂപ് തയ്യാറാണ്. ഇതിനായി സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തു. 15,000 രൂപ മുടക്ക് മുതലിൽ ആരംഭിച്ച സംരംഭം ഇന്ന് അനൂപിന് നല്ല വരുമാനം നൽകുന്നുണ്ട്. ആഴ്ചയിൽ ഒരിക്കൽ മാത്രം പരിചരണം ആവശ്യമുള്ള തേനീച്ച വളർത്തൽ പരിശീലനം ലഭിച്ചാൽ ആർക്കും ചെയ്യാൻ പറ്റുമെന്ന് അനൂപ് ഉറപ്പുനൽകും.
വെറും മൂന്ന് തേനീച്ച കോളനികളിൽ നിന്ന് 500 കോളനികളിലേക്ക് അനൂപിന്റെ തേനീച്ചക്കൃഷി വളർന്നു.ഒരു സെന്റ് ഭൂമി പോലുമില്ലെങ്കിലും തേനീച്ചക്കൃഷി ചെയ്യാൻ പറ്റുമെന്ന് 500 തേനീച്ച കോളനികളുള്ള അനൂപ് പറയും. വീടിന്റെ ചുറ്റുപാടുമുള്ളവരുമായി സഹകരിച്ചാണ് അനൂപ് തേനീച്ച കൃഷി ചെയ്യുന്നത്. അയൽപക്കത്തുള്ള പറമ്പുകളിലും മറ്റും അവരുടെ സമ്മതത്തോടെ തേനീച്ച കൂടുകൾ സ്ഥാപിച്ചിരിക്കുകയാണ്. തേൻ വിളവെടുക്കുമ്പോൾ ഒരു പങ്ക് അവർക്കും കൊടുക്കും. വൻ തേനും ചെറുതേനും നിലക്കൽ ബീ ഫാമിൽ നിന്ന് ലഭിക്കും.