കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്, ചെറിയ രീതിയിൽ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഉണ്ടാക്കിയിരുന്ന ബാലകൃഷ്ണൻ നായരുടെ അടുത്തേക്ക് സുഹൃത്ത് സഹായം ചോദിച്ചു വരുന്നത്. സുഹൃത്തിന്റെ 80 വയസ്സുള്ള അമ്മ രാത്രി ഉറക്കത്തിൽ എഴുന്നേറ്റ് ഗെയ്റ്റ് തുറന്ന് വീടിന് പുറത്തേക്ക് പോയി. റോഡിലുണ്ടായിരുന്ന കുറച്ച് ലോഡിംഗ് തൊഴിലാളികളാണ് അമ്മയെ തിരിച്ച് വീട്ടിലെത്തിക്കുന്നത്. വീണ്ടും ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യണം, ഇതായിരുന്നു ആവശ്യം. അങ്ങനെ സുഹൃത്തിന്റെ അമ്മയ്ക്ക് വേണ്ടിയാണ് ബാലകൃഷ്ണൻ സെൻസർ ഘടിപ്പിച്ച ബെൽറ്റ് ആദ്യമായി ഉണ്ടാക്കുന്നത്. അത് പിന്നീട് BTREE IOT TECHNOLOGIES എന്ന പേരിൽ സ്റ്റാർട്ടപ്പായി വളർന്നു.
പ്രായമായവർക്കുള്ള ബെൽറ്റ്
പ്രായമായവർ ഉറക്കത്തിൽ അറിയാതെ എഴുന്നേറ്റു പോയി അപകടമുണ്ടാകുന്നത് എന്നും മക്കളുടെ പേടിസ്വപ്നമാണ്. പകൽ കിട്ടുന്ന ശ്രദ്ധ രാത്രി കിട്ടിക്കൊള്ളണമെന്നില്ല. അസുഖങ്ങൾ കാരണവും ആവശ്യങ്ങൾക്ക് വേണ്ടിയും രാത്രി ഒറ്റയ്ക്ക് എഴുന്നേൽക്കുന്നത് പ്രായമായവരെ സംബന്ധിച്ച് അത്ര നല്ല കാര്യമല്ല, മക്കളും മറ്റും അറിഞ്ഞുകൊള്ളണമെന്നില്ല. ഈ പ്രശ്നത്തിന് പരിഹാരമാണ് ബീട്രിയുടെ സെൻസർ ഘടിപ്പിച്ച ബെൽറ്റുകൾ. രാത്രി കിടക്കുന്നതിന് മുമ്പ് പ്രായമായവരുടെ അരയിൽ ബെൽറ്റ് ഘടിപ്പിക്കും. ഇവർ എഴുന്നേറ്റ് ഇരുന്നാൽ മക്കളുടെ മൊബൈൽ ഫോണിൽ കോൾ വരും, അല്ലെങ്കിൽ അലാം ശബ്ദിക്കും. കിടക്കയിൽ എഴുന്നേറ്റ് ഇരുന്നാൽ മാത്രമാണ് ബെൽറ്റിൽ നിന്ന് സന്ദേശം പോകുക. ഉറക്കത്തിലെ ചെറിയ അനക്കങ്ങൾ രേഖപ്പെടുത്താത്ത തരത്തിലാണ് ഇതിന്റെ അൽഗോരിതം വികസിപ്പിച്ചിരിക്കുന്നത്.
ഇനി ഭിത്തിയിൽ തൂക്കുന്നത്
5 വർഷം മുമ്പേ സെൻസർ ഘടിപ്പിച്ച ബെൽറ്റ് ബാലകൃഷ്ണൻ നായർ വികസിപ്പിച്ചിരുന്നെങ്കിലും 2019ലാണ് സ്റ്റാർട്ടപ്പിന്റെ പേരിൽ വിപണിയിലെത്തിക്കുന്നത്.
നിലവിൽ നേരിട്ടാണ് വിപണി കണ്ടെത്തുന്നത്. അധികം വൈകാതെ ഡിജിറ്റൽ മാർക്കറ്റിംഗിനും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. കിടക്കുമ്പോൾ ബെൽറ്റ് ഘടിപ്പിക്കാൻ താത്പര്യമില്ലാത്തവർക്ക് വേണ്ടി മുറിയിൽ ഘടിപ്പിക്കാവുന്ന സെൻസറുകൾ നിർമിക്കുകയാണ് ബാലകൃഷ്ണന്റെ അടുത്ത ലക്ഷ്യം. കിടക്കയിൽ നിന്ന് ആള് എഴുന്നേറ്റാൽ അരികിലെ ഭിത്തിയിൽ ഘടിപ്പിച്ച സെൻസർ പ്രവർത്തിക്കുമെന്ന് ബാലകൃഷ്ണൻ പറയുന്നു.