പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിൽ നിന്ന് മലയാളികളുടെ മനസിലേക്ക് ബോൾഡായി കയറിച്ചെന്നു ലൈല. ആ കഥാപാത്രത്തിലൂടെ വിജി വെങ്കിടേഷിനെയും മലയാളികൾക്ക് പരിചിതമായി.
ലൈലയെ പോലെ തന്നെ ഉറച്ച നിലപാടുകളും ശക്തമായ വ്യക്തിത്വവും മനസിൽ നന്മയും സൂക്ഷിക്കുന്ന വിജി. തിരുവനന്തപുരത്ത് നടന്ന ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കാൻ വിജിയുമുണ്ടായിരുന്നു. താരപരിവേഷങ്ങളിലാതെ മോട്ടിവേഷണൽ സ്പീക്കറായി. ഹഡിൽ ഗ്ലോബലിൽ സിനിമയെ കുറിച്ചും ജീവിത കാഴ്ചപ്പാടുകളെ കുറിച്ചും channeliam.com നോട് സംസാരിക്കാനും വിജി സമയം കണ്ടെത്തി. സ്ത്രീകളും പെൺകുട്ടികളും പേടിച്ച് മാറി നിൽക്കരുതെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുവന്ന് പ്രവർത്തിക്കണമെന്നും വിജി പറയുന്നു.
മലയാളം പഠിച്ച് സിനിമയിൽ
മലയാളം അറിയില്ല, ജോലിയുണ്ട്, സിനിമയിൽ അഭിനയിച്ചിട്ടേയില്ല, എന്നിട്ടും പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഒഴിഞ്ഞുമാറാൻ വിജിക്ക് നൂറ് കാരണങ്ങളുണ്ടായിരുന്നു. പക്ഷേ, സംവിധായകൻ അഖിൽ സത്യന് അങ്ങനെയൊന്നും വിജിയെ വിടാൻ ഉദ്ദേശ്യമില്ലായിരുന്നു. പാച്ചുവിലെ സ്റ്റൈലിഷും ബോൾഡുമായ ഉമ്മച്ചിയാകാൻ വിജിക്കേ പറ്റുമായിരുന്നുള്ളു. പരമാവധി ഒഴിയാൻ നോക്കിയ വിജിയെ മുംബൈയിൽ നേരിട്ട് പോയി കണ്ടാണ് അഖിൽ സമ്മതിപ്പിച്ചത്.
കാസ്റ്റിംഗ് ഡയറക്ടർ ഗായത്രി സ്മിത വഴിയാണ് മാക്സ് ഫൗണ്ടേഷൻ ഏഷ്യൻ റീജ്യണൽ ഹെഡ്ഡായ വിജി വെങ്കിടേഷിലേക്ക് അഖിൽ എത്തുന്നത്. അഖിലിന്റെ കഥ പറച്ചിൽ കേട്ട് കരഞ്ഞതായി വിജി ഓർക്കുന്നു. പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമ ചെയ്യാൻ അങ്ങനെയാണ് തീരുമാനിക്കുന്നത്. തീരുമാനം തെറ്റിയില്ല, എല്ലാവരും ശ്രദ്ധിച്ച ശക്തമായൊരു കഥാപാത്രമായി അത് മാറുകയും ചെയ്തു. മലയാളം അറിയാത്ത വിജി മലയാളം പഠിച്ചാണ് സിനിമയിൽ ഡബ്ബ് ചെയ്തത്.
അർബുദത്തിനോട് പൊരുതാൻ
മാക്സ് ഫൗണ്ടേഷനിൽ അർബുദ രോഗികൾക്ക് വേണ്ടി ജോലി ചെയ്യുന്ന വിജി, ജോലിയെ ബാധിക്കാതെയാണ് സിനിമയിൽ അഭിനയിച്ചത്. കഴിഞ്ഞ 37 വർഷമായി വിജി അർബുദ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണ്. ആദ്യകാലത്ത് സ്ത്രീകൾക്കിടയിൽ സ്തനാർബുദ, സെർവിക്കൽ കാൻസർ ബോധവത്കരണവുമായി പ്രവർത്തിച്ചിരുന്നു.
അർബുദ രോഗികളുടെ ക്ഷേമത്തിനായുള്ള ധനസമാഹരണത്തിനും അർബുദത്തിനെതിരേയുള്ള ധനസമാഹരണത്തിനുമായി വിജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചായ് ഫോർ കാൻസർ കാമ്പയിൻ വലിയ വിജയമായിരുന്നു. 4 കോടി രൂപ ഇതിലൂടെ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. അർബുദ രോഗികളുടെ ചികിത്സാ ആവശ്യങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയാണ് ഈ തുക ചെലവഴിക്കുന്നത്.
Also Read
പ്രചോദനം അമ്മ
തന്റെ പ്രചോദനം അമ്മയാണെന്ന് പറയുകയാണ് വിജി. 96 വയസ്സുള്ള അമ്മയാണ് താൻ കണ്ടതിൽ ഏറ്റവും ശക്തയായ സ്ത്രീയെന്ന് വിജി. ഒരുതരത്തിൽ പറഞ്ഞാൽ അമ്മയുടെ പിന്തുണയാണ് സിനിമയിൽ അഭിനയിക്കാൻ വിജിക്ക് കരുത്തായത്. വീട്ടമ്മയായി കഴിയുമ്പോഴും അമ്മയുടെ ജീവിതത്തിന്റെ നിയന്ത്രണം അവരുടെ കൈയിൽ തന്നെയായിരുന്നു. അത് കണ്ട് വളർന്നത് കൊണ്ടു കൂടിയാണ് വിജിക്കും ഈ കരുത്ത്.