എജ്യു-ടെക് കമ്പനിയായ ബൈജൂസിന്റെ ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ) ആയി മലയാളിയായ ജിനി തട്ടിലിനെ നിയമിച്ചു. ബൈജൂസ് സിടിഒ സ്ഥാനത്തേക്ക് ജിനി തട്ടിലിനെ നിയമിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനി സിഇഒ അർജുൻ മോഹൻ പറഞ്ഞിരുന്നു. അനിൽ ഗോയലിന്റെ ഒഴിവിലേക്കാണ് നിയമനം. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുകഴിയുന്ന ബൈജൂസിന്റെ തലപ്പത്ത് നിന്ന് നിരവധി പേർ രാജിവെച്ചിരുന്നു. കമ്പനിയെ മടക്കി കൊണ്ടുവരുമെന്ന് ബൈജൂസ് വിശ്വാസം അർപ്പിച്ചിരിക്കുന്ന ജിനി തട്ടിൽ ആരാണ്?
ബൈജൂസിന്റെ എൻജിനിയറിംഗ് വിഭാഗത്തിൽ സീനിയർ വൈസ് പ്രസിഡന്റായിരുന്നു ജിനി തട്ടിൽ. കമ്പനിയുടെ എൻജിനിയറിംഗ് ടീമിനെ കെട്ടിപ്പടുക്കുന്നതിലും മുന്നോട്ട് നയിക്കുന്നതിലും ജിനി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന് പുറമേ ബൈജൂസിൻെറ ബിസിനസ് ഉപഭോക്തൃ വിഭാഗങ്ങളിലും ജിനി പ്രവർത്തിച്ചിട്ടുണ്ട്. കമ്പനിയുടെ വിവിധ പ്ലാറ്റ് ഫോമുകളിൽ പുത്തൻ ആശയങ്ങൾ നടപ്പാക്കുന്നതിലും കൂടെയുണ്ടായിരുന്നു.
കഴിഞ്ഞ 25 വർഷമായി സോഫ്റ്റ്വെയർ മേഖലയിലാണ് ജിനി പ്രവർത്തിക്കുന്നത്. സോഫ്റ്റ്വെയർ കൂടാതെ എജ്യുടെക്, ഇ-കൊമേഴ്സ്, അഡ്വെർറ്റൈസിംഗ്, അനലിറ്റിക്സ്, ഓൺലൈൻ ബാങ്കിംഗ്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തന പരിചയമുള്ള ആളാണ് ജിനി. ആഗോള മാർക്കറ്റിലേക്ക് വൻകിട എന്റർപ്രൈസുകൾ, കൺസ്യൂമർ പ്രൊഡക്ടുകൾ ജിനി തട്ടിൽ അവതരിപ്പിച്ചിട്ടുണ്ട്.
വടക്കേ അമേരിക്ക, യൂറോപ്പ്, വെസ്റ്റ് ഏഷ്യ, ആഫ്രിക്ക, ഏഷ്യ പസഫിക് മേഖലകളിലെ മാർക്കറ്റുകളിൽ ജിനിയുടെ ഉത്പന്നങ്ങൾ എത്തിയിട്ടുണ്ട്. ജിനി തട്ടിൽ എത്തുന്നതോടെ ബൈജൂസിൽ എന്തെല്ലാം പുതിയ മാറ്റങ്ങൾ വരുമെന്നാണ് ആകാംക്ഷയിലാണ് എജ്യു സ്റ്റാർട്ടപ്പ് ലോകം.