നിലവിലെ ഡീസൽ ബസ്സുകൾ ഇലക്ട്രിക് മോഡിലേക്ക് മാറ്റാൻ കെ എസ് ആർ ടി സി ഒരുങ്ങുന്നു. സ്റ്റാർട്ടപ്പ് മിഷൻ സംരംഭമായ EV വാഹന നിർമാണകമ്പനി ഹിന്ദുസ്ഥാൻ ഇ.വി.
മോട്ടോഴ്സിന് പുറമേ, വിദേശ പങ്കാളിത്തമുള്ള മൂന്നു കമ്പനികൾ ഇത്തരത്തിൽ ഡീസൽ ബസ്സുകളെ EV ആക്കി മാറ്റാനുള്ള സന്നദ്ധതയറിയിച്ചു. പദ്ധതി രൂപരേഖ തയാറാക്കി നല്കാൻ കെ എസ് ആർ ടി സി ഈ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സി.എൻ .ജി. ഉപയോഗിച്ച് ഓടിക്കുന്നത് ലാഭകരമല്ലെന്ന് കണ്ടതോടെയാണ് കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസ്സുകൾ വൈദ്യുതിയിലേക്ക് മാറ്റുന്നത്.
ഇ വി യിലേക്കുള്ള മാറ്റത്തിനു ഒരു ബസിന് 20 ലക്ഷം രൂപവരെ ചിലവിടാമെന്നാണ് കെ.എസ്.ആർ .ടി.സി. യുടെ കണക്കുകൂട്ടൽ. പത്തു വർഷത്തിനകം പഴക്കമുള്ള ബസുകളാണ് ആദ്യഘട്ടത്തിൽ ഇ-വാഹനങ്ങളാക്കുക. ഇത്തരത്തിൽ 1000 ബസുകളെങ്കിലും മാറ്റി ഇന്ധനച്ചെലവ് കുറയ്ക്കാനാണ് തീരുമാനം. ഇ-വാഹനങ്ങളുടെ പരമാവധി ഉപയോഗകാലാവധി നിശ്ചയിച്ചിട്ടില്ല. 15 വർഷം ഓടി പഴക്കമുള്ള ഡീസൽ ബസ്സുകൾ കെ.എസ്.ആർ .ടി.സി. പിൻവലിക്കുന്ന സ്ഥാനത്തു ഇവ ഇ-വാഹനങ്ങളാക്കി പുനരുപയോഗിക്കാൻ അടുത്ത ഘട്ടത്തിൽ ശ്രമം നടത്തും.
ഡീസൽ ബസുകളിലെ എൻജിൻ മാറ്റിയശേഷം അതിൽ മോട്ടോറും ബാറ്ററി, കണ്ട്രോൾ യൂണിറ്റ് എന്നിവയും ഘടിപ്പിക്കും. ഒരു ചാർജിങ്ങിൽ 120 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന ബാറ്ററിസംവിധാനമാണ് നിർമാണ കമ്പനികളോട് കെ എസ് ആർ ടി സി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ബസ്സുകൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കാവും പരിഗണിക്കുക.
ബാറ്ററികൾ മാറ്റി വയ്ക്കാൻ കഴിയുന്നവിധത്തിലാകണം ക്രമീകരണമെന്ന് കെ.എസ്.ആർ .ടി.സി. നിർദേശത്തിലുണ്ട്. കാരണം നിലവിലെ ഈ വി ബസുകളിലെ ബാറ്ററി ഓരോ മാറ്റാൻ സാധിക്കുന്ന തരത്തിലുള്ളതല്ല. സ്റ്റേറ്റിന്കളിൽ ചാർജ് ചെയ്തു വയ്ക്കുന്ന ബാറ്ററികൾ പെട്ടെന്ന് ബസുകളിലേക്ക് ഘടിപ്പിക്കാൻ സാധിക്കും. അങ്ങനെ ചാർജ്ചെയ്യുന്നതിലെ സമയനഷ്ടം ഒഴിവാക്കാം. അതിനാണ് കെ എസ് ആർ ടി സി സ്റ്റാർട്ടപ്പുകളുടെ സഹായം തേടിയിരിക്കുന്നത്.
എന്നാൽ ബസ്സിലെ ബാറ്ററിക്ക് രണ്ടു ടൺ വരെ ഭാരം വരുമെന്നതിനാൽ ഇത് പ്രായോഗികമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംരംഭമായ ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്സ് കോർപ്പറേഷൻ (Hindustan EV Motors Corporation, a Kerala Startup Mission Venture) ഈ വർഷമാദ്യം കൊച്ചിയിൽ നിരത്തിലിറക്കിയ തങ്ങളുടെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ ശ്രദ്ധേയമായിരുന്നു. 10 മിനുട്ടിൽ ചാർജാകുന്ന ഫാസ്റ്റ് ചാർജിങ് ബാറ്ററിയാണ് ഇവരുടെ പ്രത്യേകത. ബാറ്ററിയിലെ പ്രത്യേകതകൾ കണക്കിലെടുത്താണ് കെ എസ് ആർ ടി സി ബസ്സുകളുടെ ബാറ്ററിക്ക് കമ്പനിയെ സമീപിച്ചതും.
അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ചാണ് നൂതന ബാറ്ററി അടക്കം കേരളത്തിന്റെ സ്വന്തം ബ്രാൻഡായ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കിയത്. ഇലക്ട്രിക് വാഹനങ്ങൾ സാധാരണയായി അഭിമുഖീകരിക്കുന്ന ചാർജിംഗ് സമയം, രണ്ടോ മൂന്നോ വർഷത്തിനുശേഷം ബാറ്ററി മാറ്റൽ, തീപിടിത്തം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് ലാൻഡി ലാൻസോ ബൈക്കുകളും സ്കൂട്ടറുകളും വിപണിയിലെത്തുന്നത്.
ഇതിന്റെ അഞ്ചാം തലമുറ ലിഥിയം ടൈറ്റനേറ്റ് ഓക്സിനാനോ ബാറ്ററി പാക്ക് 5 മുതൽ 10 മിനിറ്റ് വരെ ചാർജ് ചെയ്യാം. ലിഥിയം ടൈറ്റനേറ്റ് ഓക്സിയാനോ സെല്ലുകൾ 15-25 വർഷം വരെ ബാറ്ററി ലൈഫ് ഉറപ്പാക്കും. പ്രതിമാസം 850 മുതൽ 1500 വരെ വാഹനങ്ങൾ നിർമിക്കാനുള്ള ശേഷി കൊച്ചിയിലെ നിർമാണ യൂണിറ്റിനുണ്ട്.
120 കോടി രൂപ നിക്ഷേപത്തിൽ ഇലക്ട്രിക് ബസ്, എസ്യുവി, മിനി കാർ എന്നിവയുടെ ഉൽപ്പാദനം ആരംഭിക്കാനും ഹിന്ദുസ്ഥാൻ ഈ വി മോട്ടോറിന് പദ്ധതിയുണ്ട്. ഇതിനായി കമ്പനി സംസ്ഥാനത്ത് ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും.
അതെ സമയം തിരുവനന്തപുരം നഗരസഭയുടെ സ്മാർട്സിറ്റി പദ്ധതിയിൽ തിരുവനന്തപുരം നഗരത്തെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ഇലക്ട്രിക് ബസ് സർവീസുകൾ വിജയകരമായി സർവീസ് നടത്തുകയാണ്. ഈ സാഹര്യത്തിലാണ് കൂടുതൽ ബസുകൾ തലസ്ഥാനത്തേക്ക് എത്തുന്നത്. നിലവിൽ കെ എസ് ആർ ടി സി ബസ് സർവീസ് ഇല്ലാത്ത സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇലക്ട്രിക് സർക്കുലർ സർവീസുകൾക്ക് ജന പിന്തുണഏറി വരികയാണ് . സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുന്ന 113 ഇലക്ട്രിക് ബസുകളിൽ 50 എണ്ണം ഇനിയും ലഭിക്കാനുണ്ട്. ഇവ ഡിസംബർ അവസാനത്തോടെ എത്തിച്ചേരുമെന്നാണ് വിവരം. ഇതിൽ ആദ്യ ഘട്ടത്തിൽ 19 ബസുകൾ ഈ ആഴ്ചയോടെ എത്തുമെന്നാണ് വിവരം.
തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് 104 കോടി രൂപ ചെലവിൽ 113 ഇ-ബസുകൾ വാങ്ങിയത് .
ഘട്ടംഘട്ടമായി ഡീസൽ ബസുകൾ പിൻവലിച്ചു നഗരത്തിൽ മുഴുവൻ ഇ-ബസുകൾ മാത്രമാക്കി തലസ്ഥാനനഗരിയിലെ മലിനീകരണം തീരെക്കുറച്ച് ഹരിത നഗരമാക്കി ആധുനികവൽക്കുന്നതിന്റെ ഭാഗമായാണ് ഹരിത വാഹനങ്ങളുടെ വരവ്.
മാർഗദർശി ആപ്പ് വഴി ഇ – ബസിന്റെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്മെന്റ്, അമിത വേഗത ഉൾപ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങളുണ്ട്. പൊതുജനങ്ങൾക്ക് ബസ് വിവരങ്ങൾ, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ, യാത്രാ പ്ലാനർ തുടങ്ങിയവ ആപ്പിലൂടെ അറിയാനാകും. സിറ്റി സർക്കുലർ ബസുകളുടെ തൽസമയ സഞ്ചാര വിവരം അറിയാനുള്ള ‘എന്റെ കെ.എസ്.ആർ.ടി.സി’ നീയോ ബീറ്റാ വേർഷനും സജ്ജമായിട്ടുണ്ട്.