ശ്രീലങ്കയിലും ഇനി വിസയില്ലാതെ ഇന്ത്യക്കാർക്ക് ഒരു മാസം താമസിക്കാം. ഇന്ത്യയുൾപ്പെടെ ഏഴുരാജ്യങ്ങൾക്കാണ് 2024 മാർച്ച് 31 മുതൽ 30 ദിവസത്തേക്ക് വിസ സൗജന്യമാക്കിയത്.
വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കൻ സർക്കാരിന്റെ നീക്കം. ഇതോടെ വിസ ഓൺ അറൈവൽ സംവിധാനം തൽകാലത്തേക്ക് അവസാനിപ്പിച്ചു. ഈ സംവിധാന പ്രകാരം 2080 രൂപയാണ് ഇന്ത്യൻ സഞ്ചാരികൾ ശ്രീലങ്കയിലെത്തിയാൽ അടക്കേണ്ടിയിരുന്നത്.
ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കും വിസയില്ലാതെ ഒരുമാസം ശ്രീലങ്കയിൽ താമസിക്കാനാകും.
2019 ലെ ഈസ്റ്റർ ഭീകരാക്രമണത്തോടെയാണ് ശ്രീലങ്കയിലെ വിനോദസഞ്ചാര മേഖല തകർന്നടിഞ്ഞത്. അവിടെ നിന്നും ടൂറിസം മേഖലയെ തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങളിലാണ് ശ്രീലങ്ക. ഇതിനിടെ കഴിഞ്ഞ വർഷം നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി കൂടിയായപ്പോൾ ശ്രീലങ്കൻ ടൂറിസം തകർന്നടിയുന്ന അവസ്ഥ വരെയായി.
ശ്രീലങ്കൻ ടൂറിസത്തെ പഴയ കാല പ്രതാപത്തിലേക്കു കൊണ്ട് വരാനുള്ള നിലവിലെ സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണീ വിസാ ഇളവുകൾ. അതുകൊണ്ടാണ് ഇന്ത്യയടക്കം അയൽ രാജ്യങ്ങൾക്കു കൂടുതൽ ഇളവുകൾ ശ്രീലങ്ക പ്രഖ്യാപിച്ചതും.
ശ്രീലങ്കയിലെത്തുന്ന വിനോദസഞ്ചാരികളിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നാണ്. റഷ്യയാണ് രണ്ടാമത്. ബ്രിട്ടനാണ് മൂന്നാംസ്ഥാനത്ത്. സമാനരീതിയിലുള്ള സൗജന്യ വിസ ഡിസംബർ മുതൽ മലേഷ്യ അവതരിപ്പിക്കാനിരിക്കുകയാണ്. ഇന്ത്യ, ചൈന രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾക്കാണ് വിസയില്ലാതെ ഒരുമാസം താമസിക്കാനുള്ള സൗകര്യം മലേഷ്യ ഒരുക്കുന്നത്. തായ്ലൻഡും ഇതുപോലെയുള്ള നടപടി സ്വീകരിച്ചിരുന്നു.