ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒരു വേർപിരിയലാണ് റയ്മണ്ട്സ് ഗ്രൂപ്പ് ചെയർമാൻ ഗൗതം സിംഘാനിയയുടെയും ഭാര്യ നവാസ് മോദിയുടെയും.
ഗൗതം സിംഘാനിയയുടെ 11,660 കോടി രൂപയുടെ സ്വത്തുക്കളുടെ ഭൂരിഭാഗത്തിനും അവകാശം തനിക്കും മക്കൾക്കുമാണെന്ന് വാദിച്ച് നവാസ് മോദി തനിക്കെതിരെയുള്ള അതിക്രമ ആരോപണങ്ങളുമായി രംഗത്തെത്തിയതാണ് ഈ വ്യവസായ ദമ്പതികളുടെ വേർപിരിയലും കൂടുതൽ ശ്രദ്ധ നേടാൻ കാരണമായത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബിസിനസ് കുടുംബങ്ങളിലൊന്നാണ് റെയ്മണ്ട് ഗ്രൂപ്പ്. നവാസ് മോദിയുടെ ആവശ്യം ഗൗതം നിരാകരിച്ചതോടെ വിപണിയിലുണ്ടായ റയ്മണ്ട്സിന്റെ ചാഞ്ചാട്ടം റയ്മണ്ട്സിന്റെ ഓഹരികളിൽ വൻ ഇടിവാണ് വരുത്തിയിരിക്കുന്നത്. നവാസിന്റെ ആരോപണങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡൈ്വസറി സർവീസസ് ഇടപെട്ടതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് Raymonds ഡയറക്ടർ ബോർഡ്.
നവംബർ 13-നാണ് സിംഘാനിയ, ഭാര്യ നവാസ് മോദിയുമായി വേർപിരിയുന്നതായി എക്സിലൂടെ പ്രഖ്യാപിച്ചത്. പിന്നാലെ ഗൗതമിനെതിരെ നവാസ് ആരോപണങ്ങളുമായി രംഗത്ത് വന്നു.
2023 സെപ്റ്റംബറിൽ തന്നെയും മകളെയും ഗൗതം സിംഘാനിയ ശാരീരികമായി ഉപദ്രവിച്ചതായുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നവാസ് മോദി വിവാഹമോചനം ആവശ്യപ്പെടുന്നത്. നവാസ് മോദി സിംഘാനിയ, വിവാഹമോചനത്തിന്റെ ഭാഗമായി ഗൗതമിന്റെ 1.4 ബില്യൺ ഡോളറിന്റെ ആസ്തിയുടെ 75 ശതമാനവും ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ റെയ്മണ്ട്സ് ഓഹരികൾ വിപണിയിൽ കുത്തനെ ഇടിഞ്ഞു. ബോർഡ് അംഗങ്ങൾക്ക് ഗൗതമിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന വാർത്തയും ഓഹരി ഇടിവിനു വഴിവച്ചു.
എന്നാൽ നവാസ് മോദി ഗൗതം സിംഘാനിയക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന സ്വതന്ത്ര ലീഗൽ സമിതിയുടെ ആവശ്യം റെയ്മണ്ട് ഗ്രൂപ്പിൻെറ സ്വതന്ത്ര ഡയറക്ടർമാർ ഏറ്റെടുത്തതോടെ റെയ്മണ്ട് ഗ്രൂപ്പ് ഓഹരികൾ ഉയർന്നു തുടങ്ങി.
ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡൈ്വസറി സർവീസസ് ആണ് വിഷയത്തിൽ ഇടപെട്ടത്. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇടപെടുമെന്ന് കമ്പനിയുടെ സ്വതന്ത്രഡയറക്ടർ ബോർഡ് വ്യക്തമാക്കി. റെയ്മണ്ട് എംഡി ഗൗതം സിംഘാനിയയുടെ ഭാര്യ നവാസ് മോദിയും കമ്പനിയുടെ ബോർഡ് അംഗമാണ്.
1944-ൽ പിതാവ് എൽ കെ സിംഘാനിയയ്ക്കൊപ്പം റെയ്മണ്ട് ഗ്രൂപ്പ് സ്ഥാപിച്ചത് ഗൗതമിന്റെ അച്ഛൻ വിജയ്പത് സിംഘാനിയയാണ്. ഒരു ചെറിയ വസ്ത്ര മില്ലായി ആരംഭിച്ച കമ്പനി ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്യൂട്ട് നിർമ്മാതാക്കളാണ്. റയ്മണ്ട്സിന്റെ ചെയർമാൻ സ്ഥാനം ഗൗതമിന് കൈമാറിയതോടെ അച്ഛൻ വിജയപത് സിംഘാനിയ ഗ്രൂപിലുണ്ടായിരുന്ന അധികാരങ്ങളിൽ നിന്നും പൂർണമായും പുറത്താകുകയായിരുന്നു.
കുടുംബത്തിന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും കൈമാറുന്നതിനുമായി ഒരു കുടുംബ ട്രസ്റ്റ് സ്ഥാപിക്കാം എന്നാണ് ഗൗതം സിംഘാനിയയുടെ നിലപാട്. നിർദ്ദേശപ്രകാരം, അദ്ദേഹം ഏക മാനേജിംഗ് ട്രസ്റ്റിയായി പ്രവർത്തിക്കും, അദ്ദേഹത്തിന്റെ മരണശേഷം സ്വത്തുക്കൾ അനന്തരാവകാശികൾക്ക് കൈമാറാം എന്ന നിർദേശം പക്ഷെ നവാസ് മോഡി ഇത് അംഗീകരിച്ചിട്ടില്ല. ഇതൊടെ ഗൗതം സിംഘാനിയയുടെ 11,660 കോടി രൂപയുടെ സ്വത്തുക്കളിലെ അനിശ്ചിതത്വം തുടരുകയാണ്. ഒപ്പം ലോകത്തെ ഏറ്റവും വലിയ സ്യുട്ട് നിർമാതാക്കളുടെ ഭാവിയും അനിശ്ചിത്വത്തിലാണ്.