ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണം കണ്ടെത്താനായി തന്റെ വീടുകൾ പണയം വയ്ക്കേണ്ട അവസ്ഥയിലായി പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ എന്ന് റിപ്പോർട്ടുകൾ.
2022 ജൂലൈയില്‍ 360 കോടി ഡോളറായിരുന്നു ബൈജു രവീന്ദ്രന്റെ ആസ്തി; അതായത് ഏകദേശം 30,000 കോടി രൂപ. എന്നാൽ ഇപ്പോൾ ബൈജുവിന്റെ ആസ്തി വെറും 10 കോടി ഡോളറാണ്. ഏകദേശം 833 കോടി രൂപ. ഫോബ്സ്, ഹുറൂണ്‍ തുടങ്ങിയ ശതകോടീശ്വര പട്ടികയില്‍ നിന്നെല്ലാം ബൈജു രവീന്ദ്രന് പുറത്താവുകയും ചെയ്തു.
ജീവനക്കാരെ വെട്ടിക്കുറച്ചും ചെലവ് ചുരുക്കിയും ഉപസ്ഥാപനങ്ങളെ വിറ്റഴിച്ചും കടം വീട്ടാനും സാമ്പത്തിക പ്രതിസന്ധി അകറ്റാനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബൈജൂസ്.
2020ലാണ് ഫോബ്സിന്റെ ലോക ശതകോടീശ്വരപ്പട്ടികയില്‍ ബൈജു രവീന്ദ്രന് ആദ്യമായി ഇടംപിടിച്ചത്. അന്ന് ആസ്തി 180 കോടി ഡോളറായിരുന്നു (15,000 കോടി രൂപ). കൊവിഡാനന്തരം ഓണ്‍ലൈന്‍ പഠനങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയതോടെ ബൈജൂസിനും കുതിപ്പായി.
ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന്റെ Think and Learn മൂല്യം 2022 ജൂലൈയില്‍ 2,200 കോടി ഡോളറായിരുന്നു (1.83 ലക്ഷം കോടി രൂപ). ഇതും ബൈജുവിന്റെ ആസ്തി കൂടാൻ വഴിയൊരുക്കി.
പിന്നീട് പക്ഷേ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. കമ്പനിയിലെ പ്രമുഖ നിക്ഷേപകരായ നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ പ്രൊസസ് കമ്പനിയുടെ മൂല്യം 2,200 കോടി ഡോളറില്‍ നിന്ന് മൂന്ന് തവണയായി വെട്ടിക്കുറച്ച് വെറും 300 കോടി ഡോളറാക്കി (25,000 കോടി രൂപ). ബൈജുവിനുണ്ടായ ഇടിവ് 80 % ആയിരുന്നു .
പ്രൊസസിന് പുറമേ മറ്റൊരു നിക്ഷേപകരായ ബ്ലാക്ക്റോക്കും ബൈജൂസിന്റെ മൂല്യം 840 കോടി ഡോളറായി (69,900 കോടി രൂപ) വെട്ടികുറച്ചതോടെ ബൈജൂസിന്റെ ആസ്തി കൂപ്പു കുത്തി.
അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 120 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) വായ്പാ കബാധ്യതയാണ് നിലവിൽ ബൈജൂസിനുള്ളത്. വായ്പ്പയുടെ പലിശ അടയ്ക്കാത്തതിനെ തുടര്‍ന്നുള്ള നിയമനടപടികളും ബൈജൂസിന് കുരുക്കായിട്ടുണ്ട്.
ഇതിനിടെ ഉപസ്ഥാപനമായ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ മണിപ്പാല്‍ ഗ്രൂപ്പിന് കൈമാറിയതിലൂടെ 1,400 കോടി രൂപയുടെ കടം വീട്ടി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കമ്പനിയെ നിലനിർത്താനുമുള്ള ശ്രമങ്ങളിൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കുട്ടികൾക്കായുള്ള ഡിജിറ്റൽ വായനാ പ്ലാറ്റ്ഫോം എപികിനെ 40 കോടി ഡോളറിനു വില്‍ക്കാനൊരുങ്ങുകയാണ് ബൈജൂസ്.
സാമ്പത്തിക പ്രതിസന്ധി മൂലം 2,000ലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കുള്ള പിരിച്ചുവിടല്‍ ആനുകൂല്യം ഇനിയും നല്‍കിയിട്ടുമില്ല. കൂടുതല്‍ ജീവനക്കാരെ വീണ്ടും പിരിച്ചു വിടാൻ നീക്കമുണ്ട്.
ഇതിനിടെ 1,000ഓളം ജീവനക്കാരുടെ നവംബറിലെ ശമ്പളം കൊടുക്കാന്‍ ബൈജൂസിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 310 അംഗ എന്‍ജിനിയറിംഗ് ടീമിലെ 40 ശതമാനത്തോളം പേരെ ബൈജൂസ് പിരിച്ചുവിട്ടേക്കുമെന്നും സൂചനയുണ്ട്.
ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ ജോലി ചെയ്യുന്ന 15,000 ജീവനക്കാർക്ക് ശമ്പളം നൽകാനായി.
ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും, എപ്സിലോണിൽ നിര്‍മ്മാണത്തിലിരിക്കുന്ന വില്ലയും 1.2 കോടി ഡോളറിനു (ഏകദേശം 100 കോടി രൂപ) പണയം വച്ചതായി വാർത്തകൾ പുറത്തു വരുന്നുണ്ട്.
ബൈജു രവീന്ദ്രൻ 40 കോടി ഡോളറാണ് വ്യക്തിപരമായി കടമെടുത്തിരിക്കുന്നത്. തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ തന്റെ മുഴുവൻ ഓഹരികളും പണയംവെച്ചാണ് ഈ തുക വായ്പ്പയെടുത്തത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ച 80 കോടി ഡോളർ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.