കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി കടുക്കുമ്പോഴും സംസ്ഥാനത്തിന് അഭിമാനിക്കാം രാജ്യത്തെ നമ്പർ വൺ തൊഴിലാളി ക്ഷേമ സംസ്ഥാനമാണ് നാമെന്നതിൽ.
കേരളത്തിൽ തൊഴിലാളികളുടെ ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയായി തുടരുന്നു എന്നതാണ് മേന്മ. രാജ്യത്തെ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം കേരളത്തിലെന്നു 2022 ലും 2023 ലും റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ നിർമാണ തൊഴിലാളികൾക്ക് ശരാശരി ദിവസക്കൂലി രാജ്യത്ത് 393.30 രൂപയാണെങ്കിൽ കേരളത്തിൽ ഇത് 2023 ജൂലൈയിൽ വർധിച്ചു 986.67 രൂപയായി. 2022 ൽ ആ നിരക്ക് 825.5 രൂപയായിരുന്നു.
കാർഷിക തൊഴിലാളികൾ, ഉദ്യാന- തോട്ടം തൊഴിലാളികൾ, കാർഷികേതര തൊഴിലാളികൾ എന്നിങ്ങനെ നാലായി തിരിച്ചാണ് ആർബിഐ ദിവസ വേതനം കണക്കാക്കി പട്ടിക പുറത്ത് വിട്ടത്. ഈ വിഭാഗങ്ങളിൽ എല്ലാം തന്നെ കേരളത്തിൽ ദേശീയ ശരാശരിയുടെഇരട്ടിയിലേറെയാണ് ദിവസക്കൂലി.
കേരളമാണ് കർഷകത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ കൂലി നൽകുന്നത്. പ്രതിദിനം 764.3 രൂപ. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വരുമെന്ന് RBI ഡാറ്റ കാണിക്കുന്നു. 2023 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഗ്രാമീണ ഇന്ത്യയിലെ ഒരു പുരുഷ കർഷകത്തൊഴിലാളിക്കു പ്രതിദിനം ലഭിച്ചത് 345.7 രൂപയായിരുന്നു. ഇതുകൊണ്ടാണ് ഉത്തരേന്ത്യൻ തൊഴിലാളികളുടെ പറുദീസയായി ഇപ്പോഴും കേരളം തുടരുന്നത്.
കർഷകേതര തൊഴിലാളികളുടെ ദിവസ വേതനത്തിലും കേരളം വളരെ മുന്നിലാണ്. ഒരാൾക്ക് 696.6 രൂപയാണ് നൽകുന്നത്. തൊട്ടുപിന്നിൽ, കാശ്മീരും തമിഴ്നാടും ഹരിയാനയുമുണ്ട്. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ജമ്മു കശ്മീർ 517.9 രൂപ നൽകിയപ്പോൾ തമിഴ്നാട് 481.5 രൂപ നൽകി. ഹരിയാന 451 രൂപയാണ് വേതനമായി നൽകുന്നത്.
അതേസമയം തൊഴിലാളികൾക്ക് ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ തുക വേതനമായി നൽകുന്ന സംസ്ഥാനങ്ങളുമുണ്ട്. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ശരാശരി ദിവസ വേതനം 345.7 രൂപയായിരുന്നപ്പോൾ മധ്യപ്രദേശിലെ ഗ്രാമീണ കർഷക തൊഴിലാളികൾക്ക് 229.2 രൂപ മാത്രമാണ് നൽകിയിരുന്നത്.
മധ്യപ്രദേശിലെ ഒരു ഗ്രാമീണ കർഷക തൊഴിലാളിക്ക് 25 ദിവസം ജോലി ചെയ്താൽ പ്രതിമാസം ഏകദേശം 5,730 രൂപയാണ് ലഭിക്കുന്നത്. ഗുജറാത്തിൽ ഒരു കർഷകത്തൊഴിലാളിയുടെ പ്രതിമാസ വേതനം ഏകദേശം 6,047 രൂപയായിരിക്കും. എന്നാൽ വിവിധ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന വേതനം നൽകുന്നത് കേരളമാണ്. കർഷക തൊഴിലാളികൾക്ക് 764.3 രൂപ നൽകുന്ന കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് ഒരു മാസത്തിൽ 25 ദിവസത്തെ ജോലിക്ക് ശരാശരി 19,107 രൂപ ലഭിക്കും.
വനിതാ തൊഴിലാളികൾക്ക് പുരുഷൻമാരേക്കാൾ കുറഞ്ഞ തുകയാണ് വിവിധ സംസ്ഥാനങ്ങൾ നൽകുന്നത് ഏറ്റവും കുറഞ്ഞ വേതനം മദ്ധ്യപ്രദേശിൽ ആണ്. ശരാശരി വേതനം 246.3 രൂപ. ഗുജറാത്തിൽ തൊഴിലാളികൾക്ക് 273.1 രൂപയും ത്രിപുരയിൽ 280.6 രൂപയുമാണ് നൽകുന്നത്. എന്നാൽ വനിതാ തൊഴിലാളികളുടെ ദേശീയ ശരാശരി 348 രൂപയാണ്.