സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പദ്ധതിയായ സമൃത്ഥിൽ കേരളത്തിലെ മേക്കർ വില്ലേജിൽ നിന്നുള്ള 8 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സമൃത്ഥിന്റെ പ്രാഥമിക റൗണ്ടിൽ മേക്കർ വില്ലേജിൽ നിന്നുള്ള 8 സ്റ്റാർട്ടപ്പുകൾ ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ നിന്നായി 175 സ്റ്റാർട്ടപ്പുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡീപ് ടെക് സാങ്കേതിക മേഖലയിൽ സ്റ്റാർട്ടപ്പ് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ലോക്സഭാംഗം ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ ഉത്പന്നങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താനും നിക്ഷേപം സുരക്ഷിതമാക്കാനും ബിസിനസ്സ് വിപുലീകരിക്കാനുമുള്ള പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനായി 2021 ഓഗസ്റ്റിലാണ് സമൃത്ഥ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു മുതൽ പത്തു വരെ സ്ഥാപനങ്ങളുടെ കൂട്ടായ്മയായി രാജ്യമെമ്പാടും ഇത്തരത്തിലുള്ള മുന്നൂറിലധികം സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിനു കീഴിലുള്ള സ്കീം മാനേജ്മെന്റ് കമ്മിറ്റി, സ്റ്റാർട്ടപ്പ് ഹബ് എക്സ്പർട്ട് കമ്മിറ്റി (എംഎസ്എച്ച്-ഇസി) എന്നിവ മുഖേന ഇവയുടെ പ്രവർത്തനം സർക്കാർ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
26,042 പൊതുജനസേവന കേന്ദ്രങ്ങൾ
കേരളത്തിലെ പൊതുജനസേവന കേന്ദ്രങ്ങളുടെ എണ്ണം 2021 മാർച്ചിൽ 10,711 ആയിരുന്നെന്നും 2023 ഒക്ടോബറിൽ 26,042 ആയി കൂടിയതായും ലോക് സഭാംഗം സുനിൽ ബാബുറാവു മെൻഡെയുടെ ചോദ്യത്തിന് മറുപടിയായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 16, 41,354 സിഎസ്സികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 16 ലക്ഷം പേർ നേരിട്ടോ അല്ലാതെയോ വിവിധ പൊതു ജനസേവന കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്ന് സിഎസ്സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചതായും മന്ത്രി പറഞ്ഞു.
അമിത നിരക്ക് വേണ്ട
ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതുൾപ്പെടെയുള്ള ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് യുഐഡിഎഐ എല്ലാ ആധാർ ഓപ്പറേറ്റർമാർക്കും നിർദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുജന സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ശരിയെന്നു ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട എൻറോൾമെന്റ് രജിസ്ട്രാർക്ക് 50,000 രൂപ പിഴ ചുമത്തുകയും ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യുകയും ചെയ്യും.