ഓൺലൈൻ ഗെയിമിങ്ങ് മാധ്യമങ്ങൾ ഇക്കൊല്ലം മാത്രം ഇന്ത്യയിൽ നടത്തിയത് ഒരു ലക്ഷത്തിലേറെ കോടി രൂപയുടെ വെട്ടിപ്പെന്ന് GST വകുപ്പ്. ഇത് രാജ്യത്തെ ആകെ ജി എസ് ടി തട്ടിപ്പിന്റെ 25 % വരുമെന്ന് കേന്ദ്രം. ഇതോടെ 71 ഓൺലൈൻ ഗെയിമിങ് കമ്പനികൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് വകുപ്പ്. 2022-23 വർഷത്തിലും 2023-24ലെ ആദ്യ ഏഴ് മാസങ്ങളിലും 1.12 ലക്ഷം കോടി രൂപയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിപ്പു നടന്നതായാണ് കണ്ടെത്തൽ.
2019-20 ന്റെ തുടക്കം മുതൽ രാജ്യത്തു കണ്ടെത്തിയ മൊത്തം ജിഎസ്ടി വെട്ടിപ്പ് 4.46 ലക്ഷം കോടി രൂപയാണ്. 1.08 ലക്ഷം കോടി രൂപ മാത്രമാണ് ഇതിൽ തിരിച്ചുപിടിക്കാനായത്. ഇതേ കാലയളവിൽ ആകെ 1,377 അറസ്റ്റുകൾ നടന്നു. അതെ സമയം 2022 മുതൽ 2024ലെ ആദ്യ ഏഴ് മാസം വരെ ഓൺലൈൻ ഗെയിമിങ് മാധ്യങ്ങൾ വഴി 1.12 ലക്ഷം കോടി രൂപയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിപ്പു നടന്നതായാണ് കണ്ടെത്തൽ.
വകുപ്പ് ഓൺലൈൻ കമ്പനികൾക്ക് നൽകിയ 71 നോട്ടീസുകൾക്ക് തീർപ്പുകൽപ്പിക്കാത്തതിനാൽ, 2017 ലെ സിജിഎസ്ടി നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട ജിഎസ്ടി പിഴക്കുള്ള ഡിമാൻഡ് ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
2023 ഒക്ടോബർ 1 വരെയുള്ള കാലയളവിൽ 18 ശതമാനത്തിന് പകരം 28 ശതമാനം ജിഎസ്ടി അടയ്ക്കുന്നതിനെ ചൊല്ലി ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾ തർക്കത്തിലാണ്. നിയമ ഭേദഗതി നടപ്പാക്കിയ ഒക്ടോബർ 1 മുതൽ മാത്രമേ 28 ശതമാനം GST നികുതി ഏർപ്പെടുത്തിയത് തങ്ങൾക്ക് ബാധകമാകൂ എന്ന് കമ്പനികൾ വാദിക്കുന്നു. എന്നാൽ ഒക്ടോബർ 1-ലെ പരിഷ്കരണം ഇതിനകം പ്രാബല്യത്തിൽ വന്ന ഒരു നിയമത്തിന് വ്യക്തത മാത്രമാണ് നൽകിയതെന്നാണ് സർക്കാരിന്റെ അഭിപ്രായം. നികുതി കുടിശ്ശിക വേണമെന്ന നിബന്ധന നിയമം ആവശ്യപ്പെടുന്നതെന്നാണ് സർക്കാരിന്റെ നിലപാട്.
2023 ഓഗസ്റ്റിൽ ജിഎസ്ടി കൗൺസിൽ, പന്തയങ്ങൾ ഉൾപ്പെടുന്ന എല്ലാ ഓൺലൈൻ ഗെയിമുകൾക്കും അവർ വെച്ചിരിക്കുന്ന പന്തയത്തിന്റെ മുഴുവൻ മൂല്യത്തിലും 28 ശതമാനം GST നിരക്ക് ഈടാക്കുമെന്ന് വ്യക്തമാക്കികൊണ്ട് ഒക്ടോബർ 1 മുതൽ നിയമം ഭേദഗതി ചെയ്തു. ഇതിനു മുൻകാല പ്രാബല്യമുണ്ട്. ഇത് ഓൺലൈൻ കമ്പനികളുടെ വരുമാനത്തേക്കാൾ ഉയർന്ന തുകയാണ്.
ഓൺലൈൻ ചൂതാട്ടങ്ങൾക്കുള്ള ജി.എസ്.ടി: കേരളം ഓർഡിനൻസ് ഇറക്കും
പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക് ജിഎസ്ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്ടി നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാൻ കേരള മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അമ്പതാമത് ജിഎസ്ടി കൗൺസിൽ യോഗം കാസിനോ, കുതിരപന്തയം, ഒൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്ക്ക് 28 ശതമാനം ജിഎസ്ടി നിശ്ചയിച്ചിരുന്നു. നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും തീരുമാനിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ ജിഎസ്ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജിഎസ്ടി നിയമത്തിൽ കൊണ്ടുവരുന്നത്. മറ്റ് സംസ്ഥാനങ്ങളും നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്.
ഓൺലൈൻ ഗെയിമിങ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ജിഎസ്ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുളള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തും. ഭേദഗതികൾക്ക് 2023 ഒക്ടോബർ 1 മുതൽ പ്രാബല്യം നൽകിയായിരിക്കും കേരളം ഓർഡിനൻസ് ഇറക്കുക