ആളുകൾക്ക് കാറിലിരുന്നും വാർത്ത കേൾക്കാനും കാണാനും സംവിധാനമൊരുക്കുകയാണ് ബോഷ് ഗ്ലോബൽ സോഫ്റ്റ്വെയർ ടെക്നോളജീസും (Bosch Global Software Technologies) ഇന്ത്യ ടുഡേ ഗ്രൂപ്പും (India Today Group). ഇതിനായി ഇരുവരും പങ്കാളിത്തത്തിലേർപ്പെട്ടു.
ഓട്ടോമോട്ടീവ് ടെക്നോളജിയിലും എൻജിനിയറിംഗ് സേവനങ്ങളിൽ വമ്പന്മാരായ ബോഷുമായുള്ള പങ്കാളിത്തത്തിലൂടെ വാർത്താ പ്രേക്ഷകർക്ക് കാറിലിരുന്നു ഏറ്റവും പുതിയ വാർത്തകൾ കാണാനുള്ള സൗകര്യമാണ് ഇന്ത്യ ടുഡേ ലക്ഷ്യംവെക്കുന്നത്.
കാറിലിരുന്ന് വാർത്ത കാണാം
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ XUV700 പോലുള്ള കണക്ടഡ് വാഹനങ്ങളിൽ സേവനം ലഭിക്കും. ഇന്ത്യാ ടുഡേയുടെ ന്യൂസ് ആപ്പ് വഴിയായിരിക്കും കണക്ടഡ് വാഹനങ്ങളിലിരുന്ന് വാർത്തകൾ കാണാൻ പറ്റുന്നത്. വാഹനം ഓടിക്കുമ്പോൾ ലൈവ് ന്യൂസ് കേൾക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത. നിലവിൽ ഓഡിയോ ഫോർമാറ്റിലാണ് വാഹനങ്ങളിൽ വാർത്തകൾ ലഭിക്കുക. പുതിയ സംവിധാനത്തിൽ ലൈവ് ടെലിവിഷൻ പരിപാടികൾ വണ്ടിയിലിരുന്നു കേൾക്കാനും വേണമെങ്കിൽ കാണാനും പറ്റും.
ലൈവ് പരിപാടികൾ കാണാനായി ഡാഷ്ബോർഡിൽ പുതിയൊരു സ്ക്രീൻ കൂടി ഘടിപ്പിക്കുമെന്ന് ബോഷ് പറഞ്ഞു.
തങ്ങളുടെ പ്രേക്ഷകർക്ക് ബോഷുമായുള്ള പങ്കാളിത്തത്തിലൂടെ പുതിയൊരു വാർത്താനുഭവം നൽകാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യ ടുഡേ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സലീൽ കുമാർ പറഞ്ഞു. സ്പോർട്സ് എന്റർടൈൻമെന്റ് പരിപാടികളും ഇത്തരത്തിൽ കാറിലെ സ്ക്രീനിൽ കാണാൻ പറ്റും.